1 GBP = 103.74
breaking news

മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് (മാസ്സ്) നവ നേതൃത്വം; റെജി തോമസ് പ്രസിഡൻ്റ് വിപിൻ വർഗീസ് സെക്രട്ടറി….മാസ് ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റ് 2022 ഏപ്രിൽ 9ന് സണ്ടർലാൻഡിൽ. 

മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് (മാസ്സ്) നവ നേതൃത്വം; റെജി തോമസ് പ്രസിഡൻ്റ് വിപിൻ വർഗീസ് സെക്രട്ടറി….മാസ് ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണമെന്റ് 2022 ഏപ്രിൽ 9ന് സണ്ടർലാൻഡിൽ. 

പ്രവർത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു. കെ. യിലെ പ്രാദേശിക മലയാളി സംഘടനകളുടെ മുൻനിരയിൽ സ്ഥാനം ഉള്ളതും, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുമായ ‘മാസ്സ് ‘ എന്ന് ചുരുക്കപ്പേരുള്ള  മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് വീണ്ടും പരിചയ സമ്പന്നരുടെ പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
2022 ജനുവരി 29 -നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ആണ്, സംഘടനയുടെ ദശവർഷക്കാലത്തിനിടയിൽ മുൻപ് മൂന്നുതവണ പ്രസിഡണ്ട് പദം അലങ്കരിച്ച്, സംഘടനയെ ഉന്നതികളിലേക്ക് നയിച്ച റെജി തോമസ്സിന്റെ തന്നെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. സെക്രട്ടറിയായി വിപിൻ വർഗീസിനെയും, ട്രഷറർ ആയി അരുൺ ജോളിയെയും, കമ്മിറ്റി അംഗങ്ങളായി ഷാജി ജോസിനെയും, മിസ്സ് ജോത്സ്ന ജോയിയേയും തിരഞ്ഞെടുത്തു. 

കോവിഡ് മഹാമാരി മൂലം പൊതുജീവിതത്തിന്റെ താളക്രമം തന്നെ മാറിപ്പോയ മലയാളി സമൂഹത്തെ വീണ്ടും കലാ-കായിക-സാംസ്കാരിക പൊതു പരിപാടികളിലേക്ക് ആകർഷിച്ച് സമൂഹത്തിന്റെ ഉന്നമനം സാദ്ധ്യമാക്കുക എന്ന കനത്ത ഉത്തരവാദിത്തമാണ് റെജി തോമസിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് സാദ്ധ്യമാക്കാനുള്ളത്. 2018-ലെ യുക്മ നാഷണൽ കായികമേളയിൽ, മാസ്സ് സണ്ടർലാൻഡിനെ ചാമ്പ്യൻ അസോസിയേഷൻ പദവിയിലേക്ക് നയിച്ച റെജി തോമസിന്റെയും കൂട്ടാളികളുടെയും  ആദ്യ പ്രവർത്തന പരിപാടിയായി ഷട്ടിൽ ബാറ്റ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ്  നടത്താൻ തീരുമാനിക്കുകയായിരുന്നു. അതുപ്രകാരം ഏപ്രിൽ 9-ന് ഈ കായിക മാമാങ്കം അരങ്ങേറ്റുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങി.

അസോസിയേഷൻ അംഗങ്ങളിൽ നിന്നും, മറ്റുള്ളവരിൽ നിന്നും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ ഉദ്യമത്തിന് ലഭിച്ചിരിക്കുന്നത്. സണ്ടർലാൻഡ് യൂണിവേഴ്‌സിറ്റിയുടെ സിറ്റി സ്‌പേസ് സ്പോർട്ട്സ് ഹാളിൽ, ഒരേ സമയം ആറു കോർട്ടുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഒരു മുഴുവൻ ദിന പരിപാടിയായി ക്രമീകരണം ചെയ്തിരിക്കുന്ന ഈ മേളയിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും, കുട്ടികൾക്കുമായി ജൂനിയർ, സീനിയർ, അഡൾട്ട് എന്നീ ഗ്രൂപ്പുകളിൽ ആയിരിക്കും മത്സരങ്ങൾ അരങ്ങേറുന്നത്. യു കെയിലെ ഏതു മലയാളികൾക്കും സംഘടനയുടെയോ, ക്ലബ്ബ്കളുടെയോ പേരിലോ വ്യക്തിപരമായോ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടകം തന്നെ നിരവധി മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനിയും  ഏതെങ്കിലും വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 3 ഞായറാഴ്ച വരെ  രജിസ്റ്റർ ചെയ്യാവുന്നതാണ്.

മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും, ട്രോഫികളും നൽകി ആദരിക്കുന്നതാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികൾക്ക് 100 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പിന് 50 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. അഡൾട്ട് വിഭാഗത്തിലെ വിജയികൾക്ക് 300 പൗണ്ട് ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് 200 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് നൽകുന്നത്. കൂടാതെ, അസ്സോസിയേഷനുകളെയോ ക്ളബ്ബുകളെയോ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ ഏറ്റവും അധികം പോയന്റ് നേടുന്ന സംഘടനക്ക് ഓവറോൾ കിരീടം നൽകുന്നതും, മറ്റു പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും തീരുമാനമായിട്ടുണ്ട്. മത്സരങ്ങൾ രാവിലെ 9 മണിയോടെ ആരംഭിക്കുന്നതിനാണ് സംഘാടക സമിതിയുടെ തീരുമാനം. മത്സരത്തിന്റെ നിയമാവലി സംഘാടകസമിതിയുടെ പക്കൽ നിന്നും ലഭ്യമാണ്. ഓരോ മത്സരത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

ഒരു പൂർണ്ണദിന ഉല്ലാസപരിപാടിയായി സംവിധാനം ചെയ്തിട്ടുള്ള മത്സര സ്ഥലത്ത് കേരളത്തിന്റെ തനതു രുചിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടറുകളും, മറ്റ് ആഘോഷ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കാലത്ത് 9 മണി മുതൽ ലഭ്യമാകുന്ന തരത്തിൽ ബ്രേക്ക്ഫാസ്റ് ലഞ്ച്, സ്നാക്ക്‌സ്, ശീതളപാനീയങ്ങൾ എന്നിവ മിതമായ വിലയ്ക്ക് ഫുഡ് കൗണ്ടറുകളിലൂടെ ലഭ്യമാണ്. മികവാർന്ന ഈ പരിപാടിയുടെ മുഖ്യ സ്പോൺസേഴ്‌സ് യു. കെ. യിലെ ആരോഗ്യ മേഖലയിലെ മലയാളി സംരംഭകരായ സിഗ്ന കെയർ ഗ്രൂപ്പും, സഹ സ്പോൺസർ ഔൾ ഫിനാൻസും ആണ്. യു. കെ. യിലെ പ്രമുഖ വ്യക്തികളും, സംഘടനാ സാരഥികളും, സാംസ്കാരിക നായകരും ക്ഷണിതാക്കളായുള്ള ഈ ബാറ്റ്മിന്റൺ മേളയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കുന്നതിനും ക്രമീകരണങ്ങളെക്കുറിച്ച് അറിയുവാനും താഴെ പറയുന്ന ഭാരവാഹികളെ ബന്ധപ്പെടുക:-
റെജി തോമസ് 07888895607 

വിപിൻ വർഗീസ് 07552248419 

ഷാജി ജോസ്   07832444411 
മത്സരം നടക്കുന്ന വേദിയുടെ വിലാസം :-

CITY SPACE SPORTS HALL,

UNIVERSITY OF SUNDERLAND,

SR1 3SD.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more