1 GBP = 103.12

മാസിന്റെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഗംഭീരമായി; പുലികളിയും ചെണ്ടമേളവും മെഗാതിരുവാതിരയും ഒത്തുചേർന്ന ഉത്സവപ്പറമ്പ്

മാസിന്റെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഗംഭീരമായി; പുലികളിയും ചെണ്ടമേളവും മെഗാതിരുവാതിരയും ഒത്തുചേർന്ന ഉത്സവപ്പറമ്പ്

റോബിൻ എബ്രഹാം

സതാംപ്ടൺ: ഓണാഘോഷമൊരു ഉത്സവമാക്കി മലയാളി അസ്സോസിയേഷൻ സതാംപ്ടൺ. സെപ്റ്റംബർ 19 ന് ന്യൂഫോറസ്റ്റിലെ ടൈൻബാൻ ഔട്ട്ഡോർ സെന്ററിൽ മാസിന്റെ അംഗങ്ങൾ ഒത്തുകൂടിയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരു ഉണർവ്വിലും സന്തോഷത്തിലുമായിരുന്നു ഏവരും. കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷമുള്ള ഓണാഘോഷം അതിഗംഭീരമായാണ് നടത്തപ്പെട്ടത്. മികച്ച സംഘാടന മികവിലൂടെ കമ്മറ്റിയംഗങ്ങൾ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. വിശാലവും പ്രകൃതിരമണീയവുമായ ഔട്ട്ഡോറിൽ ആദ്യമായി ഓണത്തിന് ഒത്തുകൂടിയത് ഏവരുടെയും മനസ്സിന് കുളിർമ്മയും ഹൃദ്യമായ അനുഭവുമായി.

ഞായറാഴ്ച രാവിലെ തന്നെ ഓണപ്പൂക്കളവും വേദിയും ഒരുങ്ങിയിരുന്നു. മെമ്പർഷിപ്പ് കാർഡും മുല്ലപ്പൂവും കരുതി അഭിലാഷിന്റെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ കൗണ്ടർ, പന്ത്രണ്ടു മണിയോടെ തന്നെ ഷിൻടൂ മനുവലിന്റെ നേതൃത്വത്തിൽ ഓണസദ്യ ആരംഭിച്ചു. സദ്യ വിളമ്പുവാൻ ഏഴുപേരടങ്ങുന്ന രണ്ടു ടീമുകൾ യൂണിഫോമിൽ അണിനിരന്നപ്പോൾ കാണാൻ കൗതുകം. കാതിന് ഇമ്പം പകരുന്ന ഓണപ്പാട്ടുകൾ കേട്ട് ഓണസദ്യ. ഓണസദ്യയുടെ ഇടവേളകളിൽ വിശാലമായ ഔട്ട്ഡോറിൽ വിശേഷങ്ങൾ പങ്കുവച്ച് കൂട്ടുകാർ, നഷ്ടപ്പെട്ടുപോയ നല്ലനാളുകൾ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഏവരും.

തുടർന്ന് താലിപ്പൊലിയേന്തിയ കുട്ടികളുടെയും, ചെണ്ടമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, മാസ് പ്രസിഡന്റ് റോബിൻ എബ്രഹാം, സെക്രട്ടറി രാജീവ് വിജയൻ, മറ്റ് കമ്മിറ്റിയംഗങ്ങളും മെമ്പേഴ്‌സും ഒത്തുചേർന്ന് മാവേലി തമ്പുരാനെ വരവേറ്റു. തുടർന്ന് ഏവരും പ്രദിക്ഷണമായി തിരുവാതിര മുറ്റത്തേക്ക്, മങ്കമാർ അണിനിരന്ന കൺകുളിർക്കുന്ന മെഗാതിരുവാതിരക്ക് ചുവടുകൾ വച്ചു. ആവേശം തുളുമ്പിയ വടം വലി മത്സരമായി പിന്നീട് അരങ്ങേറിയത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വടംവലിക്ക് മാത്യു ചാക്കോയും ജിനോയി മത്തായിയും നേതൃത്വം കൊടുത്തു. മത്സര വിജയികളായ മുതിർന്നവർക്ക് ഷാംപെയ്ൻ നൽകിയതും ആവേശം ഇരട്ടിച്ചു.

ഓണപ്പാട്ടോടു കൂടിയാണ് സ്റ്റേജ് പരിപാടികൾക്ക് തുടക്കമായത്. മാസിന്റെ പതിനഞ്ചാം വാർഷിക – ഓണാഘോഷ സമ്മേളനത്തിന് പ്രസിഡന്റ് റോബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മാസിന്റെ എല്ലാ അംഗങ്ങൾക്കും ഓണാശംസകൾ നേരുകയും സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിശിഷ്ടാതിഥിയായെത്തിയ യുക്മ ദേശീയ അധ്യക്ഷൻ മനോജ്‌കുമാർ പിള്ള ഏവർക്കും ഓണാശംസകളും പതിനഞ്ചാം വാർഷികാശംസകളും നേർന്നു. അതിഗംഭീരമായി ഒരുക്കിയ ഓണാഘോഷത്തിന് പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്മയ്ക്ക് മികച്ച പിന്തുണ നൽകിയ മാസിന് നന്ദി പറഞ്ഞതോടൊപ്പം യുക്മയുടെ പ്രവർത്തനങ്ങളും മനോജ്‌കുമാർ പിള്ള വിശദീകരിച്ചു. തുടർന്ന മാവേലി തമ്പുരാന്റെ അനുഗ്രഹ പ്രസംഗത്തിൽ, മനസ്സ് നിറഞ്ഞാണ് താനിവിടെ നിൽക്കുന്നതെന്നും കോവിഡെന്ന മഹാമാരി മാറി, നല്ല നാളേക്കായി അനുഗ്രഹിച്ച്, നന്മ നിറഞ്ഞ ഓണം ആശംസിച്ചു. എല്ലാം ഗംഭീരമാക്കിയ കമ്മിറ്റിക്കാരെ മാവേലി തമ്പുരാൻ മുക്തകണ്ഠം പ്രശംസിച്ചു. മാവേലി തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ യുക്മ പ്രസിഡന്റും അസോസിയേഷൻ ഭാരവാഹികളും ചേർന്ന് ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷവും ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മാക്സി അഗസ്റ്റിൻ ഏവർക്കും സ്വാഗതമരുളിയപ്പോൾ സെക്രട്ടറി രാജീവ് വിജയൻ നന്ദി പ്രകാശിപ്പിച്ചു. 2021 ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ മാസ് ആദരിച്ചു. യുക്മ ദേശീയ കലാമേളയിൽ മോണോ ആക്ടിന് സമ്മാനം ലഭിച്ച പ്രണവ് ജ്യോതിക്ക് ട്രോഫി നൽകി. മാസിന്റെ സ്പോർട്സ് ഡേയിൽ വ്യക്തിഗത ചാമ്പ്യന്മാരായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.

തുടർന്ന് നടന്ന കലാപരിപാടികൾ ഒന്നിനൊന്ന് മികവുറ്റതായിരുന്നു. അമ്പിളി ചിക്കു, സിനോയി ജോസ്, ജോമോൾ ജോസി, സിൽവിയ റിനീഷ് എന്നിവരുടെ മികവുറ്റ കോർഡിനേഷൻ കലാപരിപാടികളും സ്റ്റേജ് അവതരണവും മികവുറ്റതാക്കി. മിലൻ ഒരുക്കിയ ഡിജെയ്ക്ക് ഏവരും നൃത്തച്ചുവടുകൾ വച്ച് വൈകുന്നേരം പിരിയുമ്പോൾ ഒരു അടിപൊളി ഓണം കൂടിയ സന്തോഷത്തിലായിരുന്നു എല്ലാവരും.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more