1 GBP = 103.91

ചൊവ്വയിലെ ധ്രുവദീപ്തിയുടെ അപൂർവ ചിത്രങ്ങൾ പകർത്തി യു എ ഇയുടെ ഹോപ്പ് ഓർബിറ്റർ

ചൊവ്വയിലെ ധ്രുവദീപ്തിയുടെ അപൂർവ ചിത്രങ്ങൾ പകർത്തി യു എ ഇയുടെ ഹോപ്പ് ഓർബിറ്റർ

മുമ്പൊരിക്കലും മനുഷ്യർക്ക് പകർത്താൻ കഴിയാതിരുന്ന അൾട്രാവയലറ്റ് അറോറകളുടെ ചിത്രങ്ങളാണ് ഹോപ്പ് ഓർബിറ്ററിന്റെ പര്യവേക്ഷണത്തിലൂടെ ലഭിച്ചതെന്ന് യു എ ഇ സ്‌പെയ്‌സ് ഏജൻസി തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ഈ വർഷം ഫെബ്രുവരി മുതൽ ചൊവ്വയുടെ ഭ്രമണപഥം ചുറ്റുന്ന, യു എ ഇയുടെ ബഹിരാകാശ പേടകമായ ഹോപ്പ് ഓർബിറ്റർ ചൊവ്വയുടെ ആകാശത്ത് ചിതറിക്കിടക്കുന്ന ധ്രുവദീപ്തിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തി. മുമ്പൊരിക്കലും മനുഷ്യർക്ക് പകർത്താൻ കഴിയാതിരുന്ന അൾട്രാവയലറ്റ് അറോറകളുടെ ചിത്രങ്ങളാണ് ഹോപ്പ് ഓർബിറ്ററിന്റെ പര്യവേക്ഷണത്തിലൂടെ ലഭിച്ചതെന്ന് യു എ ഇ സ്‌പെയ്‌സ് ഏജൻസി തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഉയര്‍ന്ന ഊര്‍ജ കണികകള്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് വീഴുകയും വായുവിലെ ആറ്റങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയും അവ തിളങ്ങുകയും ചെയ്യുമ്പോഴാണ് അറോറകള്‍ ഉണ്ടാകുന്നത്. ഭൂമിയിൽ ഇത്തരം അറോറകളെ ദക്ഷിണ, ഉത്തര ധ്രുവങ്ങളിലാണ് കാണാറുള്ളത്. എന്നാൽ ചൊവ്വയിലാകട്ടെ, ചിതറിക്കിടക്കുന്ന അറോറകൾ രാത്രിയിലുടനീളം ആകാശത്ത് കാണാൻ കഴിയുന്നു.

ഭൂമിയിൽ ധ്രുവദീപ്തി ഉണ്ടാകുന്നതിന് പിന്നിലെ കാരണമെന്ത്?

സൂര്യനിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഊർജ കണങ്ങൾ അഥവാ സൗരവാതം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴാണ് അറോറകൾ രൂപപ്പെടുന്നത്. ഈ കണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമാണ്. എന്നാൽ, ഭൂമിയുടെ ചുറ്റുമുള്ള കാന്തിക മണ്ഡലം സൗരവാതത്തെ തടഞ്ഞുനിർത്തി നമ്മുടെ ജീവൻ സംരക്ഷിക്കുന്നു.
എങ്കിലും, ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും സൗരവാതത്തിന്റെ ഭാഗമായുള്ള ഊർജകണങ്ങൾ തുടർച്ചയായി താഴേക്ക് ഇറങ്ങുകയും അന്തരീക്ഷത്തിലെ വിവിധ വാതകങ്ങളുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രാത്രികാലങ്ങളിൽ ആകാശത്ത് പ്രത്യേക രീതിയിലുള്ള പ്രകാശ പ്രതിഭാസം ഉണ്ടാവുകയും ചെയ്യും. ഈ പ്രതിഭാസത്തെയാണ് അറോറ അഥവാ ധ്രുവദീപ്തി എന്ന് വിശേഷിപ്പിക്കുന്നത്.

ഭൂമിയുടെ ഉയർന്ന അക്ഷാംശ പ്രദേശങ്ങളിൽ നിന്ന് അറോറകൾ കാണാൻ കഴിയും. വർഷത്തിലുടനീളം ഈ പ്രകാശ പ്രതിഭാസം സംഭവിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉത്തരധ്രുവത്തിൽ ഉണ്ടാകുന്ന അറോറകളെ അറോറ ബോറിയാലിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ധ്രുവദീപ്തി യു എസ് (അലാസ്ക), കാനഡ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ്, നോർവേ, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് കാണാൻ കഴിയും. ദക്ഷിണധ്രുവത്തിലെ അറോറയാകട്ടെ, അറോറ ഓസ്ട്രാലിസ് എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന അക്ഷാംശ പ്രദേശങ്ങളായ അന്റാർട്ടിക്ക, ചിലി, അർജന്റീന, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇവ ദൃശ്യമാകും.

ചൊവ്വയിലെ അറോറകളുടെ വ്യത്യാസമെന്ത്?

ഭൂമിയ്ക്ക് ശക്തമായ ഒരു കാന്തികമണ്ഡലം ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. എന്നാൽ, ചൊവ്വയിൽ ഭൗമസമാനമായ കാന്തികമണ്ഡലത്തിന്റെ സാന്നിധ്യം ഇല്ല. കാന്തികതയ്ക്ക് കാരണമാകുന്ന ചൊവ്വാഗ്രഹത്തിന്റെ ഉൾഭാഗത്തെ ഉരുകിയ ഇരുമ്പ് ഏറെക്കുറെ തണുത്തുറഞ്ഞതാണ് ഇതിനു കാരണം. എന്നാൽ, കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ ദൃഢീകരിക്കപ്പെട്ട ചൊവ്വയുടെ പുറന്തോടിൽ ഇപ്പോഴും അൽപ്പം കാന്തികത അവശേഷിക്കുന്നുണ്ട്. അതിനാൽ ഭൂമിയിൽ നിന്ന് വിഭിന്നമായി ചൊവ്വയിലെ കാന്തികത ക്രമരഹിതമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കാന്തികമണ്ഡലം ഗ്രഹത്തിലുടനീളം വ്യാപിച്ചിരിക്കുമ്പോഴും അതിന്റെ ശക്തിയിലും ദിശയിലും വ്യത്യാസങ്ങളുണ്ട്.

ഇത്തരത്തിൽ ക്രമരഹിതമായ കാന്തികമണ്ഡലം സൗരവാതത്തെ ചൊവ്വയുടെ അന്തരീക്ഷത്തിലെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നു. സൗരവാതത്തിലെ ഊർജ കണങ്ങൾ ആകാശത്തെ ആറ്റങ്ങളുമായും തന്മാത്രകളുമായും പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായി ചൊവ്വയുടെ ഉപരിതലത്തിലുടനീളം ചിതറിക്കിടക്കുന്ന വിധത്തിൽ അറോറകൾ രൂപപ്പെടുന്നു. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിശദമായ പഠനം ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയ്ക്ക് കാന്തികമണ്ഡലവും കട്ടിയുള്ള അന്തരീക്ഷവും നഷ്ടപ്പെട്ടതെങ്ങനെ എന്ന് മനസിലാക്കാൻ ഈ പഠനം അനിവാര്യമാണ്. ജീവൻ നിലനിർത്താൻ അനിവാര്യമായി വേണ്ട പ്രത്യേകതകളാണ് ഇവ രണ്ടും.

ഹോപ്പ് ഓർബിറ്റർ എന്താണ് പഠിക്കുന്നത്?

അറബ് ലോകത്തെ ആദ്യത്തെ ചൊവ്വാ ദൗത്യമായ ഹോപ്പ് ഓർബിറ്റർ കഴിഞ്ഞ വർഷം ജൂലൈയിലാണ് വിക്ഷേപിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ ബഹിരാകാശ പേടകം ചൊവ്വയുടെ ഭ്രമണപഥത്തെ വലയം ചെയ്യുന്നുണ്ട്. ചൊവ്വയിലെ കാലാവസ്ഥയുടെ പ്രത്യേകതകളെക്കുറിച്ച് പഠിക്കുക എന്നതാണ് ഈ പര്യവേക്ഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ വ്യക്തമായ ചിത്രം സൃഷ്ടിക്കാൻ ഹോപ്പ് ഓർബിറ്ററിന് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലെ വിവിധ പാളികളുടെ കാലാവസ്ഥാ സംബന്ധിയായ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് വ്യക്തമായ ധാരണ ലഭിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും ശൂന്യാകാശത്തേക്ക് ബഹിർഗമിക്കുന്നതിനെ അവിടുത്തെ കാലാവസ്ഥ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഈ മാർസ് ഓർബിറ്റർ പഠിക്കും. ശൂന്യാകാശത്തേക്ക് ബഹിർഗമിക്കുന്ന ഹൈഡ്രജന്റെയും ഓക്സിജന്റെയും അളവ് കണക്കാക്കുന്നതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തിൽ ഉണ്ടായ വ്യതിയാനങ്ങൾ കൃത്യമായി പഠിക്കാനും ദ്രവരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഇല്ലാതായതിന്റെ കാരണമറിയാനും കഴിയുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

അറോറകളുടെ ചിത്രങ്ങൾ പകർത്താൻ സാധിച്ചത് ഈ ദിശയിലേക്കുള്ള അന്വേഷണത്തിലെ നിർണായകമായ ചുവടുവെപ്പായി കരുതപ്പെടുന്നു. വാസയോഗ്യമായതും ജീവൻ നിലനിർത്താൻ കഴിയുന്നതുമായ കട്ടിയുള്ള അന്തരീക്ഷ ഘടനയിൽ നിന്ന് ഇപ്പോഴത്തെ നിലയിൽ ഏറെക്കുറെ വായുരഹിതമായ വിധത്തിൽ ചൊവ്വയുടെ അന്തരീക്ഷം പരിണമിച്ചതിന്റെ കാരണങ്ങൾ കണ്ടെത്താനും ഈ വിവരങ്ങൾ സഹായിക്കും.

2014 ജൂലൈയിലാണ് ഹോപ്പ് ഓർബിറ്ററിന്റെ ദൗത്യത്തെ സംബന്ധിച്ച ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. കാലിഫോർണിയ സർവകലാശാല, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കൊളറാഡോ-ബൗൾഡർ സർവകലാശാല എന്നിവരുടെ സഹകരണത്തോടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററാണ് ഈ ചൊവ്വാ ദൗത്യത്തിന് രൂപം നൽകിയത്. 2020 ജൂലൈയിൽ ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽ നിന്ന് ഈ ബഹിരാകാശ പേടകം വിക്ഷേപിക്കപ്പെട്ടു. യു എ ഇയുടെ നാലാമത്തെ ബഹിരാകാശ ദൗത്യവും ഒരു അന്യഗ്രഹത്തിലേക്കുള്ള ആദ്യത്തെ പര്യടനവുമാണ് ഹോപ്പ്. ഉയർന്ന റെസൊല്യൂഷൻ ഉള്ള ക്യാമറയും ഒരു സ്പെക്ട്രോമീറ്ററും ഉൾപ്പെടെ പ്രധാനപ്പെട്ട മൂന്ന് ഉപകാരണങ്ങളെയും വഹിച്ചുകൊണ്ടാണ് ഹോപ്പ് ഓർബിറ്റർ യാത്ര തിരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more