1 GBP = 103.89

പ്രഥമ ഇടയ സന്ദർശനത്തിനായി മാർ തിയോഡോഷ്യസ് എത്തുന്നു, യുകെയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഹ്ലാദത്തിൽ…

പ്രഥമ ഇടയ സന്ദർശനത്തിനായി  മാർ തിയോഡോഷ്യസ് എത്തുന്നു, യുകെയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഹ്ലാദത്തിൽ…

ജോൺസൻ ജോസഫ്

ലണ്ടൻ: യൂറോപ്പിലെ മലങ്കരകത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദർശനത്തിനായി യു.കെയിൽ എത്തുന്നു. യു. കെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യു. കെ യിലെ മലങ്കര സഭ ത്വരിത വളർച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാർക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷൻ സെന്ററുകളിലായി കൂട്ടിച്ചേർത്തു സ്ഥിരമായ ആത്മീയ ശുശ്രൂഷകൾക്ക്‌ കനോനിക സംവിധാനമായി എന്നതും ലണ്ടനിൽ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
എക്‌ളേസ്യാസ്റ്റിക്കൽ കോർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിൽ, ചാപ്ലൈൻമാരായ ഫാ. രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തിൽ നീങ്ങുന്ന സഭക്ക് മാർ തിയോഡോഷ്യസ്. പുത്തനുണർവും ഓജസും പകർന്നു നൽകും.

യുകെയിലെ എല്ലാ മിഷൻ സെന്ററുകളും സംയുക്തമായി ഏപ്രിൽ 7, ശനിയാഴ്ച,രാവിലെ 11 മണിക്ക് ലണ്ടൻ ഡഗാനാമിലെ മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററിൽ അഭിവന്ദ്യ പിതാവിന് പ്രൗഡഗംഭീരമായ സ്വീകരണം നൽകും. തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പണവും, അനുമോദന സമ്മേളനവും നടത്തപ്പെടും.

യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകൾ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദർശിക്കാനും, വിശുദ്ധവാര ശുശ്രൂഷയിൽ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകൾ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more