1 GBP = 103.58
breaking news

ഇടയനൊപ്പം ഒത്ത് കൂടി ബോസ്റ്റൺ, സ്പാൾഡിംഗ് വിശ്വാസികൾ; മാർ സ്രാമ്പിക്കൽ നാളെ മുതൽ നോട്ടിംഗ്ഹാമിൽ….

ഇടയനൊപ്പം ഒത്ത് കൂടി ബോസ്റ്റൺ, സ്പാൾഡിംഗ് വിശ്വാസികൾ; മാർ സ്രാമ്പിക്കൽ നാളെ മുതൽ നോട്ടിംഗ്ഹാമിൽ….

ബോസ്റ്റൺ: സ്നേഹത്തിന്റെ മന്ദസ്മിതവുമായി തങ്ങളെ കാണാനെത്തിയ വലിയ ഇടയനെ സ്പാൽഡിംഗിലെയും ബോസ്റ്റണിലെയും വിശ്വാസികൾ ആദരവോടെ വരവേറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഇടയസന്ദർശനത്തിനെത്തിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ ഭവനങ്ങളും വെഞ്ചെരിച്ചു പ്രാർത്ഥിക്കുകയും വിശ്വാസികളെ നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിൽ മെത്രാനെ അനുഗമിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ബോസ്റ്റൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ നടന്ന ദിവ്യബലിയർപ്പണത്തിൽ മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട് , റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. കിഴക്കരക്കാട്ട് രാജു – ഷൈനി ദമ്പതികളുടെ ജെറോം, ഹന്നാ എന്നിവർ മാർ സ്രാമ്പിക്കൽ പിതാവിൽ നിന്നും ആദ്യ കുർബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. ഈശോ അപ്പം മുറിച്ചു ശിഷ്യന്മാർക്കു നൽകിയപ്പോൾ അത് അത് അപ്പക്കഷ്ണം മാത്രമായാണ് യൂദാസ് കരുതിയതെന്നും അതിലെ ദൈവത്തിന്റെ സാന്നിധ്യം മനസിലാക്കാൻ കഴിയാതെ പോയത് അവനെ വലിയ തെറ്റിലേക്ക് നയിച്ചെന്നും വചനസന്ദേശത്തിൽ കുർബാനയുടെ അർഥം വിശദീകരിച്ചു പിതാവ് പഠിപ്പിച്ചു. തുടർന്ന് എല്ലാവരും പാരീഷ് ഹാളിൽ ഒത്ത് ചേർന്ന് സ്നേഹ വിരുന്നു പങ്കു വച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിമൻസ് ഫോറം പ്രതിനിധികൾ, ഗായക സംഘം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നാളെ മുതൽ ശനിയാഴ്ച വരെ മാർ സ്രാമ്പിക്കൽ നോട്ടിങ്ഹാം സെന്റ്. അൽഫോൻസാ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ ഇടയസന്ദർശനം നടത്തും. കമ്മ്യൂണിറ്റിയിൽ വിവിധ വാർഡുകളിലുള്ള ഭവനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വെഞ്ചെരിക്കുകയും വിശ്വാസികളുമായി നേരിൽ കാണുകയും ചെയ്യും. മെയ് 5 , ശനിയാഴ്ച രാവിലെ 10 മണിക്ക് നോട്ടിങ്ഹാം ലെന്റൻ ബുളിവാർഡ് സെന്റ്. പോൾസ് കത്തോലിക്കാ ദേവാലയത്തിൽ അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകും.

തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന മെത്രാൻ വചനസന്ദേശം നൽകും. വി. കുർബാനയ്ക്ക് ശേഷം ഇടവകയിലെ വിവിധ സംഘടനകളുമായി സംസാരിക്കുകയും ചെയ്യും. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമൻസ് ഫോറം ഭാരവാഹികൾ, വോളന്റിയേഴ്‌സ്, ഗായക സംഘം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രൂപതാധ്യക്ഷൻ മുഖ്യ കാർമ്മികനാകുന്ന ദിവ്യബലിയിലേക്കും തുടർന്ന് നടക്കുന്ന മുഖ്യ ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വിലാസം:

St . Paul S Roman Catholic Church

Lenton

Boulevard

NG72BY

Nottingham

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more