നോയല്‍ സ്റ്റീഫന്‍
നൂറ്റാണ്ടുകളുടെ ക്രൈസ്തവ വിശ്വാസ പാരമ്പര്യം പേറിനില്‍ക്കുന്ന ക്‌നാനായ സമൂഹം തനതായ തനിമയും ഒരുമയും ആചാരാനുഷ്ഠാനങ്ങളും അപ്പാടെ കാത്തു സൂക്ഷിച്ചു കൊണ്ട് സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ സന്ദര്‍ശന മദ്ധ്യേ ഓര്‍മ്മപ്പെടുത്തി.

ബ്രിസ്റ്റോളില്‍ ക്‌നാനായ സമൂഹം എല്ലാ മാസാദ്യ ശനിയാഴ്ചകളിലും നടക്കുന്ന ദിവ്യബലിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷനെ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച പിതാവ് ബ്രിസ്റ്റോള്‍ ക്‌നാനായ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച രാവിലെ 10.30നു ബ്രിസ്റ്റോള്‍ സെന്റ്. വിന്‍സന്റ് കാത്തോലിക് ചര്‍ച്ചില്‍ എത്തിച്ചേര്‍ന്ന പിതാവിനും ഒപ്പം എത്തിയ മറ്റു വൈദികരെയും ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ തെരുവത്തും കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് ബൊക്ക നല്‍കി സ്വീകരിച്ചു.
പിതാവിനൊപ്പം രൂപതാ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ടിനെയും STSMCC ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ടും, ഫാ. സിറില്‍ ഇടമനയെയും അറുപതോളം ക്‌നാനായ കുടുംബങ്ങള്‍ക്കൊപ്പം താലപ്പൊലിയേന്തിയ ബാലികാബാലന്മാരും അള്‍ത്താര ശുശ്രൂഷകരും ചേര്‍ന്ന് ദേവാലയത്തിനുള്ളിലേക്ക് സ്വീകരിച്ചാനയിച്ചു. ഈ ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയ പിതാവ് അള്‍ത്താര മുന്‍പില്‍ ഒരു നിമിഷം പ്രാര്‍ത്ഥനാനിരതനായി.

അതിനു ശേഷം തന്റെ ഔദ്യോഗിക സഭാവസ്ത്രം ധരിച്ച് സഹകാര്‍മ്മികക്കൊപ്പം ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ കുടുംബത്തില്‍ ഈശോയ്ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്നും എല്ലാവരും കുരിശിന്റെ സന്ദേശ വാഹകരാകണമെന്നും പിതാവ് ഉത്ബോധിപ്പിച്ചു.
തുടര്‍ന്ന് നടന്ന കുടുംബ കൂട്ടായ്മയില്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയാല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ പ്രഥമ രൂപതാദ്ധ്യക്ഷനായി നിയുക്തനായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ശ്രീ. സ്റ്റീഫന്‍ തെരുവത്ത് പിതാവിനും എല്ലാ വിശിഷ്ട അതിഥികള്‍ക്കും സ്വാഗതം അര്‍പ്പിച്ചു.

പിതാവ് തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ ബ്രിസ്റ്റോളിലെ ഓരോ ക്‌നാനായ കുടുംബങ്ങളിലും നേരിട്ട് എത്തി തനിക്ക് ആത്മീയ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അള്‍ത്താര ശുശ്രൂഷകരെയും കൊയര്‍ സംഘത്തെയും അനുമോദിക്കുന്നതിനൊപ്പം ഈ സമൂഹത്തിലെ കുട്ടികളോടും യുവജനങ്ങളോടുമുള്ള തന്റെ വാത്സല്യം അറിയിച്ചു.
ഫാ. മാത്യു പിണക്കാട്ട്, ഫാ. പോള്‍, ഫാ. സിറില്‍, യുകെകെസിഎ ജനറല്‍ സെക്രട്ടറി ശ്രീ. ജോസി നെടുംതുരുത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബികെസിഎ സെക്രട്ടറി ബിജു എബ്രഹാം എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പിതാവ് തന്റെ തിരക്ക് പിടിച്ച ഈ സന്ദര്‍ശനത്തില്‍ ഓരോ കുടുംബത്തെയും പ്രത്യേകം ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്തത് വ്യത്യസ്തവും വിസ്മയജനകവുമായി.

തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നില്‍ പിതാവ് സമൂഹത്തോടൊപ്പം പങ്കെടുത്തതിന് ശേഷം, പിതാവിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്റ്റോള്‍ ക്‌നാനായ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു കൊണ്ട് പിതാവിനെ യാത്രയാക്കി.
പിതാവിന്റെ ഈ സന്ദര്‍ശനം ഭംഗിയാക്കുവാന്‍ പ്രവര്‍ത്തിച്ച ബികെസിഎ പ്രസിഡന്റിനു ഒപ്പം കമ്മിറ്റിയംഗങ്ങളായ ശ്രീ. ബിജു എബ്രഹാം, ശ്രീ. ഗ്രേസന്‍ ചുമ്മാര്‍, ശ്രീ. മാത്യു ഈശ്വര്‍ പ്രസാദ്, ഫിലിപ്പ് പിയേഴ്സണ്‍, മോളി പീറ്റര്‍, ജോസി ജോസ്, സിനോയ് ജോസ് തുടങ്ങിയവരും ഭാരവാഹികളായ തോമസ് ജോസഫ്, ജെയിംസ് ഫിലിപ്, അനില്‍ മാത്യു, റെജി കുടിലില്‍, എബി തുടങ്ങിയവര്‍ക്കെല്ലാം ബികെസിഎയുടെ അനുമോദനങ്ങള്‍.
click on malayalam character to switch languages