1 GBP = 103.54
breaking news

തിരുനാളുകളില്‍ പ്രദേശവാസികള്‍ക്ക് അലോസരമാകുന്ന വാദ്യമേളങ്ങള്‍ പാടില്ല: മാര്‍ സ്രാമ്പിക്കല്‍

തിരുനാളുകളില്‍ പ്രദേശവാസികള്‍ക്ക് അലോസരമാകുന്ന വാദ്യമേളങ്ങള്‍ പാടില്ല: മാര്‍ സ്രാമ്പിക്കല്‍

ബ്രാഡ്‌ഫോര്‍ഡ്: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും ക്രിസ്തുവിന്റെ വചനങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിനും നന്മ വിതറാനുമായി ഉത്തരവാദിത്വപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങള്‍ സമീപവാസികള്‍ക്ക് ഉപദ്രവകരമായി മാറുന്ന വിധത്തിലുള്ള വാദ്യമേളങ്ങള്‍ തിരുന്നാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താത്പര്യമില്ലെന്ന് പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. തിരുന്നാളുകളില്‍ വാദ്യമേളത്തിനല്ല പ്രാധാന്യമെന്നും ജീവന്റെ വചസ്സുകള്‍ ഗ്രഹിക്കുവാനും അവ ജീവിതത്തില്‍ പ്രയോഗിക്കുവാനും നിശബ്ദതയില്‍ ക്രിസ്തുവിനെ അറിഞ്ഞു നമ്മുടെ പ്രവൃത്തികളിലൂടെ ദൈവീക സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് വേണ്ടതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിയന്‍സിയില്‍ പാസ്റ്ററല്‍ സന്ദര്‍ശന മധ്യേയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.

ഇവിടെ വളരുന്ന കുട്ടികളെ ഇംഗ്ലീഷ് പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു കുടുംബ പ്രാര്‍ത്ഥനകളിലും ഇംഗ്ലീഷ് ഭാഷയില്‍, കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കണമെന്നും നമ്മുടെ ആരാധനാ ക്രമം ക്രമേണ ഇംഗ്‌ളീഷിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും സീറോ മലബാര്‍ കുര്‍ബാനയുടെ ഓരോ പ്രാര്‍ത്ഥനകള്‍ക്കും അതിന്റേതായ അര്‍ത്ഥമാണെന്നും ലിറ്റര്‍ജി സഭയനുശാസിക്കുന്ന തരത്തില്‍ എല്ലാ പ്രാര്‍ത്ഥനകളും ചൊല്ലണമെന്നും ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

മാര്‍പാപ്പയാല്‍ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിനെതിരെ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്ക് വേണ്ടി സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഇടയ സന്ദര്‍ശനത്തില്‍ ലീഡ്‌സ് രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ ഫാ. മാത്യു മാളയോളി മെഴുകുതിരി നല്‍കി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഔദ്യോഗികമായി സ്വീകരിച്ചു. ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തിലും ഇടയ സന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ അനുഗമിക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more