പ്ലിമത്ത്: തന്റെ അജപാലന ശുശ്രൂഷയുടെ സ്വഭാവം പ്രകടമാക്കിക്കൊണ്ട് പ്ലിമത്ത് രൂപതയിലെ 42 ഭവനങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 15 മുതല്‍ 18 വരെ പ്ലിമത്ത് രൂപതയിലെ ബാണ്‍സ്റ്റേബിള്‍, പ്ലിമത്ത്, ടോര്‍ക്കി, എക്‌സിറ്റര്‍ എന്നീ കുര്‍ബാന സെന്ററുകള്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയും ചെയ്തു. ഓരോ ദിവസത്തെയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുടുംബാംഗങ്ങള്‍ ബിഷപ്പിനോടൊപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകയും കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 16 ഉം 17 ഉം 18 ഉം തീയതികളില്‍ മാര്‍ ജോസഫ് വിവിധ കുടുംബങ്ങളില്‍ എത്തുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു ആശിര്‍വാദം നല്‍കുകയും ചെയ്തു.

17 ന് പ്ലിമത്ത് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഒറ്റൂറിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. ഫാ. സണ്ണി പോള്‍ എം.എസ്.എഫ്.എസ്, കാനന്‍ ജോണ്‍ ഡീനി, ഫാ. ജോണ്‍ സ്മിതേഴ്‌സ്, ജോനാഥന്‍ ബിലോസ്‌കി, ഫാ. പോള്‍ തോമസ്, ഫാ. ബര്‍ത്തലോമിയോ, ഫാ. കീത്ത് കൊള്ളിന്‍സ്, ഫാ. പീറ്റര്‍ കോപ്‌സ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനത്തിനും ഭവനസന്ദര്‍ശനത്തിനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി.
ഇതിനോടകം ലീഡ്‌സ്, സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍, ന്യൂ കാസില്‍ എന്നിവടങ്ങളിലെ എല്ലാ കുടുംബ കൂട്ടായ്മ യൂണിറ്റുകളിലും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും വചനസന്ദേശം നല്‍കുകയും ചെയ്തിരുന്നു. ഭവനങ്ങളും കുടുംബകൂട്ടായ്മകളും കുര്‍ബ്ബാന സെന്ററുകളും കേന്ദ്രമാക്കിയ അജപാലനശുശ്രൂഷയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടപ്പാക്കപ്പെടാന്‍ പോകുന്നതെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.
വാര്‍ത്ത : ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഓ
click on malayalam character to switch languages