1 GBP = 103.80
breaking news

വലിയ പിതാവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നുകരാന്‍ യുകെ സമൂഹത്തിന് വീണ്ടും അവസരം; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വലിയ പിതാവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നുകരാന്‍ യുകെ സമൂഹത്തിന് വീണ്ടും അവസരം; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിവിധ സ്ഥലങ്ങളിലായി നവംബര്‍ 3 മുതല്‍ 7 വരെ തീയതികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തും. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1 ന് നടത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങും വഴിയാണ് ഒരു മാസം മുന്‍പ് പിച്ച വച്ചു തുടങ്ങിയ പുതിയ രൂപതയേയും സഭാംഗങ്ങളെയും കാണാന്‍ വലിയ ഇടയന്‍ എത്തുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിവിധ സ്ഥലങ്ങളിലെത്തും. നവംബര്‍ 3 ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍ ആലഞ്ചേരി വൈകീട്ട് 6.30 ന് പ്രസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വിശ്വാസികളോട് സംസാരിക്കും. നാലാം തീയതി രാവിലെ 11 മണിക്ക് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവര്‍ക്കായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

തുടര്‍ന്ന് അന്ന് വൈകീട്ട് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വൈകീട്ട് 6.30 നും അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും അഞ്ചാം തീയതി തന്നെ വൈകീട്ട് 7 മണിക്ക് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്സ് ദേവാലയത്തിലും ആറാം തീയതി ഉച്ചക്ക് 2 മണിക്ക് മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലും അന്ന് തന്നെ വൈകീട്ട് 6 മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ഹോളി ട്രിനിറ്റി ദേവാലയത്തിലും ദിവ്യബലികളര്‍പ്പിച്ചു ആരാധനാസമൂഹത്തോട് സംസാരിക്കുന്നതാണ്.
unnamed-4
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനമെന്ന നിലയിലും സഭാ തലവനും രൂപതാധ്യക്ഷനും ഒരുമിച്ചെത്തുന്നു എന്ന സവിശേഷതയാലും വിശ്വാസികള്‍ വളരെ ആവേശത്തോടും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരുക്കത്തോടും കൂടിയാണ് ഈ പുണ്യദിവസങ്ങള്‍ക്കു കാത്തിരിക്കുന്നത്. അഭിവന്ദ്യ പിതാക്കന്മാര്‍ പങ്കെടുക്കുന്ന ഓരോ ദിവസത്തെ പരിപാടികളും ക്രമീകരിക്കുന്നത് രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി നിയമിതരായിരിക്കുന്ന വെരി. റവ. ഫാ. തോമസ് പാറയടിയില്‍, വെരി. റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, വെരി. റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ നേതൃത്വത്തിലാണ്. രൂപതാധ്യക്ഷന്റെയും വികാരി ജനറാള്‍മാരുടെയും ആശീര്‍വാദത്തോടെ അതാതു വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വൈദികരും കമ്മിറ്റിയംഗങ്ങളും ഇടവകാംഗങ്ങളും വലിയ ഇടയന്റെ വരവിനും അനുഗ്രഹപൂര്‍ണ്ണമായ വാക്കുകള്‍ക്കുമായി കാത്തിരിക്കുകയാണ്.

മൂന്നാം തീയതി മുതല്‍ ആറാം തീയതി വരെ 7 വിവിധ സ്ഥലങ്ങളിലായി അര്‍പ്പിക്കപ്പെടുന്ന ഈ കുര്‍ബ്ബാനകളില്‍ സമീപ പ്രദേശങ്ങളിലും രൂപതകളിലുമെല്ലാമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും മെത്രാഭിഷേകത്തിലൂടെയും രൂപതാ സ്ഥാപനത്തിലൂടെയും ലഭിച്ച വലിയ ദൈവാനുഗ്രഹത്തിന്റെ തുടര്‍ച്ചയാണ് ഒരു മാസം തികയുന്നതിനു മുന്‍പ് തന്നെ സഭാതലവന്‍ വീണ്ടുമെത്തുന്നത് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more