1 GBP = 103.12

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത; ലീഡ്‌സിൽ മഞ്ജുഷ് മാണിയുടെയും ജീവൻ കവർന്നത് ക്യാൻസർ

<strong>യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത; ലീഡ്‌സിൽ മഞ്ജുഷ് മാണിയുടെയും ജീവൻ കവർന്നത് ക്യാൻസർ</strong>

ലീഡ്‌സ്: യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖവാർത്ത. ചിചെസ്റ്റർ മലയാളി നഴ്‌സായ റെജി ജോണിയുടെ മരണവാർത്തയ്ക്ക് പിന്നാലെയാണ് ലീഡ്‌സിലെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) വിയോഗവുമെത്തുന്നത്. ഇന്നലെ വൈകീട്ട് 7.45pm ന് ചികിത്സയിൽ ഇരിക്കെയാണ് മഞ്ജുഷ് മാണി വിടപറഞ്ഞത്. ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്‌ളാസ്സിലും പഠിക്കുന്നു. മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് മഞ്ജുഷ് ജോലി ചെയ്‌തിരുന്നത്‌. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്‌വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും കൃത്യമായി ചെയ്‌തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.

വെയിക്ഫീൽഡ് മലയാളികളൾക്ക് ഏറെ പ്രിയങ്കരനായിരുന്ന മഞ്ജുഷിന്റെ വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഏറെ നൊമ്പരമാകുകയാണ്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ലീഡ്‌സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.

മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. മഞ്ജുഷിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. മഞ്ജുഷിന്റെ ആത്മാവിന് നിത്യശാന്തി നേരുവിൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more