1 GBP = 104.02

ചെങ്ങന്നൂരില്‍ കെഎം മാണിയുടെ പിന്തുണ യുഡിഎഫിന്; മുന്നണിയിലേയ്ക്ക് മടങ്ങാനും ധാരണ

ചെങ്ങന്നൂരില്‍ കെഎം മാണിയുടെ പിന്തുണ യുഡിഎഫിന്; മുന്നണിയിലേയ്ക്ക് മടങ്ങാനും ധാരണ

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.ഇത് സംബന്ധിച്ചുള്ള നിര്‍ണായകമായ തീരുമാനമെടുക്കാന്‍  കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം കോട്ടയത്ത് ചേരുകയാണ്. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി , ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് , സിഎഫ് തോമസ് , തോമസ് ജോസഫ് , മോന്‍സ് ജോസഫ് , എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. പിന്തുണ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉപസമിതിയോഗത്തിന് ശേഷം നടത്തും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലേയ്ക്ക് മടങ്ങിപോകാനും മുന്നണിയുടെ ഭാഗമാകാനും നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗത്തിനുണ്ടായിരുന്നത് . എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ പിജെ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് ഉന്നതാധികാര സമതി പ്രശ്‌ന പരിഹാരത്തിന് ഉപകമ്മറ്റിയെ ചുമതലപ്പെടുത്തിയത്.

ഏതെങ്കിലും മുന്നണി ഒന്നാകെ പരസ്യമായി പിന്തുണ തേടിയാല്‍ ആ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പിജെ ജോസഫ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഉപസമതി യോഗം നീട്ടികൊണ്ട് പോയതിനു ശേഷം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് മനസാക്ഷി വോട്ടെന്ന പ്രഖ്യാപനം നടത്താനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇന്ന് ഉപസമതി യോഗം ചേരാന്‍ തീരുമാനമായത്.

ഇതിനിടെ കാനം രാജേന്ദ്രനും സിപിഐയും മാണിക്കെതിരെ നിലപാട് കടുപ്പിച്ചതും ഇതിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും കെഎം മാണിയുടെ എല്‍ഡിഎഫ് സ്വപ്നത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പിജെ ജോസഫ് പക്ഷവും യുഡിഎഫ് നേതാക്കളും സാഹചര്യം അനുകൂലമാക്കുകയായിരുന്നു. കെഎം മാണിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന പികെ കുഞ്ഞാലികുട്ടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more