യുകെയിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിൽ മാർ തോമാശ്ശീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുന്നാൾ മഹാമഹം; മിഷനിലെ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം നാളെ 10 മണിക്ക്…… മുഖ്യ കാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ…..
Jul 02, 2021
ഞ്ചസ്റ്റർ:- നാളെ ശനിയാഴ്ച യുകെയിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിൽമാർ തോമാശ്ശീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുന്നാൾ മഹാമഹം. ഈശോ നാഥനെ സ്വീകരിക്കുവാനായി പ്രത്യേകമായി ഒരുങ്ങിയിരിക്കുന മിഷനിലെ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം തിരുന്നാളിനോടനുബന്ധിച്ച് നടക്കുന്നതാണ്. മാഞ്ചസ്റ്റർ തിരുനാളിന് നാളെ ശനിയാഴ്ച രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും.
പ്രധാന തിരുന്നാൾ ദിനമായ നാളെ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ 9.45 ന് പ്രസുദേന്തിമാരും, ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളും ഇടവക വികാരി റവ.ഫാ ജോസ് അഞ്ചാനിക്കലും ചേർന്ന് രൂപതാദ്ധ്യക്ഷനെയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് ആനയിക്കും. തുടർന്ന് പത്തിന് ഇടവക വികാരി വിശിഷ്ടാതിഥികളെയും വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയിൽ മുഖ്യ കർമ്മികനാകും. ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം നടക്കും. ഈശോയെ ആദ്യമായി സ്വീകരിക്കുവാനായി വളരെ നാളുകളായി വികാരിയച്ചൻ്റെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയാണ് മഹത്തായ ശുശ്രൂഷയായ ആദ്യകുർബ്ബാന സ്വീകരിക്കുന്നതിനായി കുട്ടികൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. ആദ്യകുർബ്ബാന സ്വീകരണവും തിരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. തുടർന്ന് ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ ഏഴാം ദിവസമായ ഇന്ന് ജൂലൈ രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കാർമ്മികനാകും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ സഹകാർമികനാകും. ദിവ്യബലി മാഞ്ചസ്റ്റർ മിഷൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ 6 PMമുതൽ ലൈവായി കാണാവുന്നതാണ്.
കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കി വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുന്നാളാഘോഷം നടത്തുന്നത്. സാധാരണ മാഞ്ചസ്റ്റർ തിരുന്നാളിന് യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ധാരാളം പേർ എത്തുന്ന പതിവുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതിന് സാധ്യമല്ലാത്തതിനാൽ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും, സെൻറ് ആന്റണീസ് പള്ളിയുടെ വെബ് സൈറ്റിലൂടെയുമുള്ള ലൈവ് സംപ്രേക്ഷണം വഴി വിശ്വാസികൾക്ക് തിരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാവുന്നതാണ്.
മാഞ്ചസ്റ്റർ തിരുന്നാളാഘോഷത്തിൻ്റെ ആറാമത്തെ ദിവസമായ ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം ആറിന് നടന്ന ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തീഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനായിരുന്നു. റവ.ഫാ.ജോസഫ് കറുകയിൽ, വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ തുടക്കിയവർ സഹകാർമികരായിരുന്നു.
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിന് ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. ഇതേത്തുർന്ന് തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുന്നതോടെ തിരുന്നാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.
ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
മാഞ്ചസ്റ്ററിലാണ് യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദുക്റാനത്തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്. മാഞ്ചസ്റ്റർ തിരുന്നാളിലും ദിവസം തോറും നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കുചേർന്ന് മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages