1 GBP = 104.06

പ്രസിദ്ധമായ മാഞ്ചസ്റ്റർ  തിരുന്നാൾ കൊടിയേറ്റം ജൂൺ 26ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ…. പ്രധാന തിരുന്നാൾ ജൂലൈ രണ്ട് ശനിയാഴ്ച…. സൂപ്പർ മെഗാഷോ ജൂൺ 25 ന് ഫോറം സെൻററിൽ….

പ്രസിദ്ധമായ മാഞ്ചസ്റ്റർ  തിരുന്നാൾ കൊടിയേറ്റം ജൂൺ 26ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ…. പ്രധാന തിരുന്നാൾ ജൂലൈ രണ്ട് ശനിയാഴ്ച…. സൂപ്പർ മെഗാഷോ ജൂൺ 25 ന് ഫോറം സെൻററിൽ….

മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന്  ഖ്യാതികേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ തോമാശ്ളീഹായുടെയും, ഭാരതത്തിൻറെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് ജൂൺ 25ന് തുടക്കമാകും.ഭക്തി നിർഭരമായ തിരുന്നാൾ തിരുക്കർമങ്ങളും, പിന്നണി ഗായകർ അണിനിരക്കുന്ന  ഗാനമേളയും, കോമഡി ഷോയുമുൾപ്പെടെ വിവിധ പരിപാടികളുമായി തിരുന്നാൾ അത്യാഘോഷപൂർവം നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ  വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ തുടക്കമായി.

ജൂൺ 25 ശനിയാഴ്ച വൈകുന്നേരം 4 ന് വിഥിൻഷോ ഫോറം സെന്ററിൽ വെച്ചുനടക്കുന്ന സൂപ്പർ മെഗാഷോയോട് കൂടി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്രയും, കോമഡി ഷോയും മികച്ച വിരുന്നാകും. ഐഡിയ സ്റ്റാർ സിംഗേഴ്സ്സും, പിന്നണി ഗായകരും ഗാനമേളയിൽ അണിനിരക്കും. എന്നാൽ ഇതിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫോറം സെന്ററിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ നിന്നും മിതമായ നിരക്കിൽ സ്വാദൂറും നാടൻ വിഭവങ്ങൾ  ലഭ്യമാക്കുന്നതാണ്.  അന്നേ ദിവസം രാവിലെ 8.30 ന് സെന്റ്  ആന്റണീസ്‌ ദേവാലയത്തിൽ ദിവ്യബലിയും നൊവേനയും നടക്കും .
ജൂൺ 26 ഞായറാഴ്ച 2.30 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ  കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മിഷനിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ആഘോഷപൂർവ്വമായ ദിവ്യബലിയിലും,  നൊവേനയിലും അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികനാവും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തിയതി  രാവിലെ 10 ന് നടക്കുന്ന സീറോ മലബാർ സഭയുടെ അത്യാഘോഷപൂർവ്വമായ റാസ കുർബാനക്ക് ഫാ. ലിജേഷ് മുക്കാട്ട് മുഖ്യ കാർമ്മികനാകും.  ഷ്രൂസ്ബറി രൂപതാ വികാരി ജനറൽ റവ. ഫാ. മൈക്കിൾ ഗാനൻ തിരുനാൾ സന്ദേശം നൽകും. ഫാ നിക്ക് കേൻ, ഫാ.ജോൺ പുളിന്താനത്ത്‌, ഫാ.ഡാനി മോളെപ്പറമ്പിൽ എന്നിവർ സഹകാർമ്മികരാകും. ദിവ്യബലിയെ തുടർന്ന് ആഘോഷപൂർവ്വമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും. പൊൻ – വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസസമൂഹത്തിന് ആത്മ നിർവൃതിയാണ്. സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂൺ 25 മുതൽ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും  ദിവ്യബലിയിൽ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രത്യേക  പ്രാതിനിധ്യം  ഉണ്ടായിരിക്കും.
 27തിങ്കളാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികൻ ആകുമ്പോൾ, 28 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ. ജോം കിഴക്കരക്കാട്ട് കാർമ്മികനാകും,
29 ബുധനാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന  ദിവ്യബലിയിലും നൊവേനക്കും സെൻ്റ് ആൻറണീസ് ചർച്ച് വികാരി ഫാ.നിക്ക് കേൺ കാർമ്മികനാകും.ജൂൺ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീട് കാർമ്മികനാകുമ്പോൾ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ൻറെ ദിവ്യബലിക്ക് ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും. ഇതേത്തുടർന്നാവും ഒരാഴ്ച നീണ്ടു നില്ക്കുന്ന  തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

മാഞ്ചസ്റ്റർ തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ് പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

തിരുനാൾ നടക്കുന്ന പള്ളിയുടെ വിലാസം:- 
ST.ANTONY’S CHURCH, DUNKERY ROAD, WYTHENSHAWE,
MANCHESTERM22 0WR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more