1 GBP = 103.78
breaking news

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ആഘോഷങ്ങളുടെ നിറവിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ദുക്റാന തിരുന്നാളിന് കൊടിയേറി…. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ദിവ്യബലിയിലും പ്രസുദേന്തി വാഴ്ചയിലും പങ്കെടുത്ത് വിശ്വാസി സമൂഹം….

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ആഘോഷങ്ങളുടെ നിറവിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ദുക്റാന തിരുന്നാളിന് കൊടിയേറി…. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ദിവ്യബലിയിലും പ്രസുദേന്തി വാഴ്ചയിലും പങ്കെടുത്ത് വിശ്വാസി സമൂഹം….

മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററ്റിലെ  പ്രശസ്‌തമായ   ദുക്റാന തിരുന്നാൾ ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റം  ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പ്രാർത്ഥനാ  നിർഭരമായ അന്തരീക്ഷത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ  ഫാ.മൈക്കിൾ ഗാന നാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റം  നിർവഹിച്ചത്. ഇതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ  പൂർണമായും പാലിച്ചു നടന്നു വരുന്ന തിരുന്നാൾ ആഘോഷങ്ങളിൽ ഇന്നലെ ഒട്ടേറെ വിശ്വാസികൾ പങ്കാളികളായി.

വൈകുന്നേരം   നാല് മണിക്ക്  ഗിൽഡ് റൂമിൽ നിന്നും  പ്രസുദേന്തിമാരും വൈദീകരും പ്രദക്ഷിണമായി എത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ  തിരുന്നാൾ ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പതാക വെഞ്ചിരിപ്പിനും മറ്റ് പ്രാർത്ഥനാ ശുശ്രൂഷകളെയും  തുടർന്ന്  ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ. ഫാ. മൈക്കിൾ ഗാനൻ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടന്ന പ്രസുദേന്തി വാഴ്ചയിൽ ഫാ. മൈക്കിൾ ഗാനൻ മുടി അണിയിക്കുകയും, ഫാ. നിക്ക് മെഴുകുതിരികൾ കൈമാറുകയും ചെയ്തു. പ്രസുദേന്തി വാഴ്ചക്കു ശേഷം  ലത്തീൻ റീത്തിലുള്ള ഇംഗ്ലീഷ്  ദിവ്യബലിയും, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരുന്നു.  ഫാ. മൈക്കിൾ ഗാനൻ ദിവ്യബലിയിൽ മുഖ്യ കാർമ്മികൻ ആയപ്പോൾ വിഥിൻഷോ സെന്റ് ആന്റണീസ് ഇടവക  വികാരി ഫാ.നിക്ക് കേൺ, മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ സഹകാർമികരായി.

തിരുന്നാളിന് ഒരുക്കമായി ശനിയാഴ്ച വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ദിനമായി ആചരിച്ചു.  രാവിലെ 10.30 മുതൽ ആരംഭിച്ച പ്രാർത്ഥനകൾ വൈകുന്നേരം 7.30 വരെ തുടർന്നു. അതിനു ശേഷം ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്.എച്ച്  നേതൃത്വം നൽകിയ  ആത്മീയ ഒരുക്ക പ്രഭാഷണവും അതിന് അനുഗ്രഹീത ഗായകൻ ബിജു കൊച്ചുതെള്ളിയിലിൻ്റെ സംഗീതത്തിൻ്റെ ആകമ്പടിയും ഏറെ അനുഗ്രഹദായകമായി. സൂമിലൂടെ നടന്ന പ്രാർത്ഥന ശുശ്രൂഷകളിൽ  മാഞ്ചസ്റ്റർ മിഷനിലെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

ഇന്ന് തിങ്കളാഴ്ച (28/6/21)  വൈകുന്നേരം 5.30 ന്  നടക്കുന്ന ദിവ്യബലിയിലും, വി.അൽഫോൻസായുടെ നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്‌ടർ റവ. ഫാ.വിൻസെന്റ്‌ ചിറ്റിലപ്പള്ളി നേതൃത്വം നൽകും.

നാളെ ചൊവ്വാഴ്ച (29/6/21) വൈകുന്നേരം 6 ന് സിറോ മലങ്കര റീത്തിൽ  നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മഠത്തിറമ്പിൽ  കാർമ്മികത്വം വഹിക്കും.

മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റത്തിൻ്റേയും പ്രസുദേന്തി വാഴ്ചയുടേയും കൂടുതൽ ഫോട്ടോകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മുപ്പതാം തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തിഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.

ജൂലൈ രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച  രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ  ആകുമ്പോൾ, ഒട്ടേറെ വൈദീകർ സഹ കാർമ്മികരാകും.ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അത് തിരുന്നാൾ ആഘോഷങ്ങൾക്ക് നിറവേകും. ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കി വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുന്നാളാഘോഷം നടത്തുന്നത്. സാധാരണ മാഞ്ചസ്റ്റർ തിരുന്നാളിന് വിവിധയിടങ്ങളിൽ നിന്നായി ധാരാളം പേർ എത്തുന്ന പതിവുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതിന് സാധ്യമല്ലാത്തതിനാൽ  മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും, സെൻറ് ആന്റണീസ് പള്ളിയുടെ വെബ്‌ സൈറ്റിലൂടെയുമുള്ള ലൈവ് സംപ്രേക്ഷണം വഴി വിശ്വാസികൾക്ക് തിരുന്നാൾ ആഘോഷങ്ങളിൽ  പങ്കാളികളാകാവുന്നതാണ്. 
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിന്  ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. ഇതേത്തുർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുന്നതോടെ തിരുന്നാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.

ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ  വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. 
മാഞ്ചസ്റ്ററിലാണ് യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചത്. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദുക്റാനത്തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.

മാഞ്ചസ്റ്റർ തിരുന്നാളിൽ പങ്കുചേർന്ന് മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസകളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.

മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റത്തിൻ്റേയും പ്രസുദേന്തി വാഴ്ചയുടേയും കൂടുതൽ ഫോട്ടോകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more