1 GBP = 103.75

യുകെയിലെ ഏറ്റവും വലിയ തിരുനാളാഘോഷത്തിന് കൊടിയിറങ്ങി; ഇന്നലെ മാഞ്ചസ്റ്ററില്‍ കണ്ടത് മത സൗഹാര്‍ദ്ദത്തിന്റെ കേരളത്തനിമ; വഴി വാണിഭവും, ഫുഡ് സ്റ്റാളുകളുമായി മാതൃ വേദിയും, മതബോധന വിദ്യാര്‍ത്ഥികളും; കൊട്ടിക്കലാശത്തിന് ഗാനമേള …

യുകെയിലെ ഏറ്റവും വലിയ തിരുനാളാഘോഷത്തിന് കൊടിയിറങ്ങി; ഇന്നലെ മാഞ്ചസ്റ്ററില്‍ കണ്ടത് മത സൗഹാര്‍ദ്ദത്തിന്റെ കേരളത്തനിമ; വഴി വാണിഭവും, ഫുഡ് സ്റ്റാളുകളുമായി മാതൃ വേദിയും, മതബോധന വിദ്യാര്‍ത്ഥികളും; കൊട്ടിക്കലാശത്തിന് ഗാനമേള …

അലക്‌സ് വര്‍ഗീസ്

യുകെയിലെ മലയാളികള്‍ക്കിടയില്‍ ഏറ്റവും പുരാതനവും, പ്രസിദ്ധവുമായ മാഞ്ചസ്റ്റര്‍ തിരുനാളാഘോഷങ്ങള്‍ക്ക് ഇന്നലെ വൈകുന്നേരം ഫോറം സെന്ററില്‍ നടന്ന ജി. വേണുഗോപാല്‍ നയിച്ച ഗാനമേളയോടെ, ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ കലാശക്കൊട്ട്. നാട്ടിലെ പ്രസിദ്ധമായ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധം വിശ്വാസ തീഷ്ണതയിലായിരുന്നു ഒരാഴ്ച നീണ്ട് നിന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചത്.

ഇന്നലത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ ചരിത്രമായത് ഇങ്ങനെ, കൂടുതല്‍ ഫോട്ടോകള്‍ കാണാം :-

തിരുന്നാള്‍ ഫോട്ടോസ്

ഗാനമേള ഫോട്ടോസ്

അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറിയ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍, ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ വീണ്ടുമൊരു സുന്ദരദിനം കൂടി സമ്മാനിച്ചാണ് ഇന്നലത്തെ മാഞ്ചസ്റ്റര്‍ തിരുനാള്‍ പരിസമാപിച്ചത്. ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ ദിവ്യബലി, നഗരവീഥികളിലൂടെയുള്ള ആകര്‍ഷകമായ പ്രദക്ഷിണത്തില്‍ പൊന്നിന്‍ കുരിശുകളും, വെള്ളികുരിശുകളും, മുത്തുക്കുടകള്‍ ഏന്തിയ മലയാളി മങ്കമാരും, പതാകകള്‍ ഏന്തി ബാലികാ ബാലന്‍മാര്‍, ദേവാലയ പരിസരങ്ങളിലെ അലങ്കാരങ്ങള്‍, ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കാന്‍ ഗാനമേളയും, പിന്നെന്തു വേണം പ്രവാസികളായ മലയാളികള്‍ക്ക് നമ്മുടെ തനിമ നിലനിറുത്തുവാന്‍. പ്രവാസ ജീവിതത്തില്‍ നാട്ടിലെ പല ആഘോഷങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ്.

യുകെയിലെ മറ്റ് തിരുന്നാളാഘോഷങ്ങളില്‍ നിന്നും മാഞ്ചസ്റ്റര്‍ തിരുനാളിനെ വ്യത്യസ്തമാക്കുന്നത്. മാഞ്ചസ്റ്ററിന്റെ തെരുവീഥികളിലൂടെ പ്രദക്ഷിണം നടന്ന് നീങ്ങിയപ്പോള്‍ ഇരുവശവും ഇംഗ്ലീഷുകാരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും വളരെ കൗതുകത്തോടു കൂടിയാണ് ഇവയെല്ലാം നോക്കിക്കണ്ടത്. ആയിരങ്ങള്‍ പങ്കെടുത്ത പ്രദക്ഷിണത്തില്‍ മാഞ്ചസ്റ്റര്‍ മേളവും, ഐറിഷ് ബാന്റും മേളപ്പെരുമയൊരുക്കി.

മാഞ്ചസ്റ്ററില്‍ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് 12 വര്‍ഷം പിന്നിടുമ്പോള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് വി.തോമാശ്ലീഹായുടെയും, വി.അല്‍ഫോന്‍സാമ്മയുടെയും അനുഗ്രഹത്തിന്റെ പുണ്യദിനമായിരുന്നു ഇന്നലെ. മാര്‍തോമാസ്ലീഹായുടെ പാരമ്പര്യവും സഹനത്തിന്റെ അമ്മയായ ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയും ജീവിതത്തില്‍ മാതൃകയാക്കുന്ന കേരള ക്രൈസ്തവര്‍ക്ക്, വിശ്വാസ പാരമ്പര്യത്തിന്റെ ഉച്ചത്തിലുള്ള പ്രഘോഷണമായി മാറുകയായിരുന്നു മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ആഘോഷങ്ങള്‍.

ഇന്നലെ രാവിലെ 10 മണി ആയപ്പോഴേക്കും വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയ പരിസരവും അള്‍ത്താരയും എല്ലാം അലങ്കാരങ്ങളാലും കൊടിതോരങ്ങളാലും തിളങ്ങിയപ്പോള്‍ രാവിലെ 10.30 ന് ആദ്യ പ്രദക്ഷിണം ഗില്‍ഡ് റൂമില്‍ നിന്നും ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും, യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിയ വൈദീക ശ്രേഷ്ടരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പനടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

ഇടവ വികാരി റവ.ഡോ ലോനപ്പന്‍ അറങ്ങാശേരി പിതാവിനേയും, വൈദികരേയും വിശ്വാസ സമൂഹത്തേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മുഖ്യകാര്‍മ്മികനായിരുന്ന ദിവ്യബലിയില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ.മൈക്കല്‍ ഗാനന്‍, സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്കോളാസ് കേന്‍, സീറോ മലങ്കര ചാപ്ലയിന്‍ ഫാ.രഞ്ജിത്ത് മടത്തിറമ്പില്‍, സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം വൈദീകര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

മാര്‍ തോമാശ്ലീഹാ തെളിയിച്ചുതന്ന വിശ്വാസ ദീപത്തെ മുറുകെ പിടിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാനും, മാനസാന്തരത്തിന്റെയും, പൊരുത്തപെടലിന്റെയും അവസരമായി തിരുന്നാള്‍ മാറണമെന്നും ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ഇടവകയിലെ ഗായക സംഘത്തിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

മിഷ്യന്‍ ലീഗ് ഉത്ഘാടനം ചെയ്തു:-

ദിവ്യബലിയെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ യുവജന സംഘടന ആയ ചെറുപുഷ്പം മിഷ്യന്‍ ലീഗിന്റെ (സി.എം.എല്‍) ഇടവക തല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ ലീഡര്‍മാരായ അഭിഷേക് അലക്‌സ്, ബെനീറ്റാ ജയ്‌സന്‍ എന്നിവര്‍ക്ക് പതാകകള്‍ കൈമാറിക്കൊണ്ടായിരുന്നു ഉത്ഘാടനം നിര്‍വ്വഹിച്ചത്.

വികാരിയച്ചന്റെ പിറന്നാള്‍ ആഘോഷവും:-

ഇന്നലെ ജന്മദിനം ആയിരുന്ന ഇടവക വികാരി ലോനപ്പന്‍ അച്ചന്റെ പിറന്നാള്‍ ആഘോഷവും ദിവ്യബലിയെ തുടര്‍ന്ന് നടന്നു. അച്ചന്‍ പിതാവിനൊപ്പം കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകരും, മറ്റുള്ളവരും അച്ചന് ബൊക്കെയും ആശംസാ കാര്‍ഡുകളും സമ്മാനമായി നല്‍കി.
തുടര്‍ന്ന് നടന്ന ലദീഞ്ഞിന് ശേഷം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു. പാതകള്‍ ഏന്തി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ പൊന്നിന്‍ കുരിശുകളും, വെള്ളികുരിശുകളും, മരക്കുരിശുകളും, മുത്തുക്കുടകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരന്നു. പ്രദക്ഷിണ വീചികളില്‍ ഗതാഗതം നിയന്ത്രിച്ച് പോലീസ് പ്രദക്ഷിണത്തിനു വഴിയൊരുക്കി.

വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചു മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍ കൂടി നടന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു.പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിന് ശേഷം വിശുദ്ധരുടെ രൂപം വണങ്ങുന്നനതിനും, കഴുന്ന്, അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും, സ്നേഹവിരുന്നും നടന്നു. സ്‌നേഹവിരുന്നിന് ശേഷം ജനങ്ങള്‍
ഫോറം സെന്ററിലേക്ക് ഗാനമേളക്കായി പുറപ്പെട്ടു..

വേണുഗോപാലും സംഘവും പാടിത്തകര്‍ത്ത ഗാനമേള:-

ഇടവക വികാരി റവ.ലോനപ്പന്‍ അരങ്ങാശ്ശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ആദ്യഗാനമായ ‘ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍ ‘ വാക്കുകള്‍ പോരാ എന്ന ഭക്തി ഗാനത്തോടെ ഗാനമേളക്ക് തുടക്കമായി. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണി, ഡോ.ഫഹദ്, സോണിയ, എമ്മ ഉള്‍പ്പെടെയുള്ള ഗായകര്‍ ചേര്‍ന്ന് ഫോറം സെന്ററില്‍ ഒത്ത് ചേര്‍ന്ന ആയിരങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത രാവാണ് സമ്മാനിച്ചത്.

ജി.വേണുഗോപാല്‍ മെലഡികള്‍ വഴി കാണികളുടെ കൈയടി ഏറ്റുവാങ്ങിയപ്പോള്‍ ഡോ.വാണിയും, ഡോ. ഫഹദും, സേണിയയും, ബേബി എമ്മയും ഫാസ്റ്റ് നമ്പറുകളിലൂടെ കത്തിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് മികച്ച വിരുന്നായി. നിറക്കൂട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന ഗാനവും മൂന്നാം പക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്നിവയും കാണികള്‍ നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി.

പാട്ടിനൊപ്പം നൃത്തചുവടുമായി കുട്ടികളും, യുവതീയുവാക്കന്‍മാരും, മുതിര്‍ന്നവരും വേദിക്ക് മുന്നിലെത്തിയതോടെ ഗാനമേള ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തി. കാണികളുടെ ആവേശം പാട്ടുകാരിലും മ്യൂസിക് ബാന്റിലുമെത്തിയപ്പോള്‍ ഗാനമേളയുടെ ആവേശം കൊടുമുടി കയറി. യുകെ യിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ലൈവ് ഓര്‍ക്കസ്ട്രയുമായി ഗാനമേളക്ക് മികച്ച പിന്തുണയേകി.

ഇടവേളയില്‍ റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒന്നര പവന്‍ സ്വര്‍ണ്ണം ലിസ്മി ഭരതിന് ലഭിച്ചു. രണ്ടാം സമ്മാനമായി ഒരു പവന്‍ ഇംഗ്ലീഷുകാരന്‍ പോള്‍ ഫ്‌ലാനഗനും, മൂന്നാം സമ്മാനമായി അര പവന്‍ ജോസ് തച്ചിലിനും സമ്മാനമായി ലഭിച്ചു. കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങള്‍ മാര്‍ക്ക് ഹാരിസണ്‍, സംഗീത് ജോസഫ്, അന്ന ജോസഫ് നിലപ്പന, മാസ്‌കില്‍ ജോസ്, ഓസ്റ്റിന്‍ ജോസ് എന്നിവര്‍ക്ക് ലഭിച്ചു.

ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി, ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 101 അംഗ കമ്മറ്റി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more