1 GBP = 103.16

പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; ഒരാഴ്ച നീളുന്ന തിരുനാളിന് കൊടിയേറി; പ്രധാന തിരുന്നാള്‍ ജൂലൈ ഒന്നിന്;

പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; ഒരാഴ്ച നീളുന്ന തിരുനാളിന് കൊടിയേറി; പ്രധാന തിരുന്നാള്‍ ജൂലൈ ഒന്നിന്;

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- യുകെയുടെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ പ്രശസ്തമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട്, പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍, നൂറ് കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അറങ്ങാശേരി കൊടിയേറ്റിയതോടെ ഒരാഴ്ച നീളുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.ഇന്നലെ വൈകുന്നേരം 5 മണിക്ക് പ്രദക്ഷിണമായി അള്‍ത്താര ബാലന്‍മാരും, പ്രസുദേന്തിമാരും ഇടവകാംഗങ്ങളും പ്രവേശിച്ച ശേഷം വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ ലഭിഞ്ഞോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വി. തോമാശ്ലീഹായുടെയും, വി.അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ചു. പിന്നീട് പ്രസുദേന്തി വാഴ്ചയും അതിനെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരുന്നു.

ദിവ്യബലിയെ തുടര്‍ന്ന് ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരച്ചുവട്ടില്‍ പ്രദക്ഷിണമായി എത്തിയ വിശ്വാസ സമൂഹം പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട്, ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവക വികാരി ഫാ.ലോനപ്പന്‍ അരങ്ങാശേരി കൊടിയേറ്റി. തുടര്‍ന്ന് ഉല്പന്ന ലേലവും ഉണ്ടായിരുന്നു.
മാര്‍.തോമാശ്‌ളീഹായുടെയും, വി.അല്‍ഫോസായുടെയും സംയുക്ത തിരുനാളാണ് വിഥിന്‍ഷോ ഇടവകയില്‍ ആഘോഷിക്കുന്നത്. പരമ്പരാഗതമായി തങ്ങള്‍ക്ക് കൈമുതലായ വിശ്വാസ ചൈതന്യം നിലനിറുത്തിക്കൊണ്ട് ഭക്തിയോടെ ഒരാഴ്ചക്കാലം പ്രാര്‍ത്ഥനാ നിര്‍ഭരമായി ആഘോഷിക്കുകയാണ് മാഞ്ചസ്റ്റര്‍ നിവാസികള്‍.

പൊന്നിന്‍കുരിശുകളും, മുത്തുക്കുടകളും, വാദ്യമേളങ്ങളും, പ്രദക്ഷിണവും ഒക്കെയായി നടക്കുന്ന തിരുന്നാള്‍ ആഘോഷം, പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ വിശ്വാസത്തിന്റെ തീഷ്ണത തങ്ങളുടെ ഭാവി തലമുറയ്ക്ക് പകര്‍ന്ന് കൊടക്കുവാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായാണ് വിശ്വാസ സമൂഹം കരുതുന്നത്.

ഇന്ന് 26/6/17(തിങ്കള്‍) വൈകുന്നേരം 5 ന് ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് ഫാ.തോമസ് തൈക്കൂട്ടത്തിലും, 27 ന് ഫാ.നിക്കോളാസ് കേണ്‍, 28 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍. സജി മലയില്‍ പുത്തന്‍പുര, 29 ന് ഫാ.ജിനോ അരീക്കാട്ട്, 30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍. ഡോ തോമസ് പറയടിയില്‍ എന്നിവരും കാര്‍മ്മികരാകും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകും.മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. മുഖ്യകാര്‍മികന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവിനേയും മറ്റ് വൈദിക ശ്രഷ്ടന്മാരെയും സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാന ആരംഭിക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി വൈദികര്‍ ദിവ്യബലിയില്‍ സഹകാര്‍മികരാകും.

ദിവ്യബലിയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ തോമഗ്ലീഹായുടേയും, അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് കൊണ്ട്, നഗരവീഥികളിലൂടെ പൊന്‍ – വെള്ളിക്കുരിശുകളും, മുത്തുക്കുടകളും, കൊടികളും, നാടന്‍ വാദ്യമേളങ്ങളുടെയും, സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡിന്റേയും അകമ്പടിയോടെയുള്ള പ്രദക്ഷിണത്തിന് ഇംഗ്ലീഷ് സമൂഹമുള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ കാഴ്ചക്കാരാകും. ആകാംക്ഷയോടെയും, അതിലുപരി അത്ഭുഭുതത്തോടെയുമാണ് ഇന്നാട്ടുകാര്‍ പ്രദക്ഷിണം വീക്ഷിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും, നേര്‍ച്ച വിതരണവും, ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം പതിവ് പോലെ അടിമ വയ്ക്കുന്നതിനും, കഴുന്ന് നേര്‍ച്ച എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കും, പ്രദക്ഷിണത്തിനും, സ്‌നേഹവിരുന്നിനും ശേഷം പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ ആരംഭിക്കും. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ.വാണിജയറാം ഉള്‍പ്പെടെയുള്ള ഗായകര്‍ അണിനിരക്കുമ്പോള്‍ ഗാനമേള ഏവര്‍ക്കും മികച്ച വിരുന്നാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗസ് പത്തിലേറെ ഉപകരണങ്ങളുമായി ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് ഗാനമേള നടക്കുന്നത്.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. യു കെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററില്‍ കഴിഞ്ഞ 12 വര്‍ഷക്കാലമായി ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. അന്ന് മുതല്‍ ഒരേ പ്രൗഢിയോടെ നടക്കുന്ന തിരുന്നാളാഘോഷത്തിന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറിക്കഴിഞ്ഞു.

ഇടവ വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more