1 GBP = 103.14

മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്നു

മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്നു

ന്യൂഡൽഹി:സൈന്യത്തിലെ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ഡൽഹി കന്റോൺമെന്റ് മെട്രോസ്റ്റേഷന് സമീപം കണ്ടെത്തി. മ‌ൃതദേഹത്തിൽ വാഹനം കയറ്റിയിറക്കിയതിന്റെ പാടുകളും ഉണ്ടായിരുന്നു.
ഡൽഹിയിൽ എറ്റവും സുരക്ഷിതമെന്ന് കരുതുന്ന കന്റോൺമെന്റിൽ തളം കെട്ടിക്കിടന്ന ചോരയിൽ പട്ടാള ഓഫീസറുടെ യുവതിയായ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത് പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് 30 വയസു വരും. കഴുത്തറുത്ത് കൊന്ന ശേഷം കൊലയാളി മൃതദേഹത്തിലൂടെ വാഹനം കയറ്റി ഇറക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ പത്ത് മണിയോടെ സൈനികാശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്യാനായി പോയ യുവതിയുടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണ്ടെത്തിയത്. രാവിലെ പോയ ഭാര്യ തിരിച്ചു വരാൻ വൈകിയപ്പോൾ നാല് മണിയോടെ ഭർത്താവായ മേജർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോഴാണ് കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
രാവിലെ സൈനിക വാഹനത്തിലാണ് ഇവരെ ആശുപത്രിക്ക് മുന്നിൽ ഇറക്കിയത്. തിരികെ വിളിച്ചു കൊണ്ടുവരാനായി ഡ്രൈവർ‌ വണ്ടിയുമായി ചെന്നപ്പോൾ, ഇവർ ഫിസിയോ തെറാപ്പിക്ക് ചെന്നിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

വ്യക്തിപരമായ കാരണങ്ങളാവാം കൊലയ്‌ക്ക് പിന്നിലെന്നാണ് അന്വേഷണം നടത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കൊല്ലപ്പെട്ട യുവതിയും കൊലയാളിയും പരസ്പരം അറിയാവുന്നവരാണെന്നും ഇന്നലെ ഇരുവരും ഒരുമിച്ച് യാത്രചെയ്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കവർച്ചയോ ലൈംഗിക ആക്രമണമോ നടന്നിട്ടില്ല. ആഭരണങ്ങൾ ഉൾപ്പെടെ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more