1 GBP = 103.68

മധുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, വാരിയെല്ലുകള്‍ തകര്‍ന്നു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മധുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, വാരിയെല്ലുകള്‍ തകര്‍ന്നു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായി മരിച്ച മധു നേരിട്ടത് അതിക്രൂരമായ പീഡനം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മധുവിന്റെ ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതമാണ് ആന്തരിക രക്തസ്രാവത്തിന് കാരണമായത്. മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായ പരുക്കാണ് ഏറ്റത്. ദേഹം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. നെഞ്ചിനും ക്ഷതമേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മധുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതികള്‍ക്കെതിരെ ഐപിസി 302, 307, 324 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. എസ്‌സി-എസ്ടി ആക്ട് പ്രകാരവും കേസ് എടുക്കും.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ആരംഭിച്ചത്. 11. 30 ഓടെ പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയായതോടെ മൃതദേഹം സംസ്‌കാരത്തിനായി അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകത ഇല്ലെന്നും തന്നോട് അഭിപ്രായം ചോദിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

മധുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ എട്ട് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്.

അതേസമയം, മധുവിന്റെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തുക എത്രയും വേഗം കുടംബത്തിന് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അധ്യക്ഷന്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചു.മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more