1 GBP = 103.12

ജമ്മു കശ്മീരില്‍ വീരമൃത്യൂവരിച്ച സൈനികന് നാടിന്റെ അന്ത്യാജ്ഞലി

ജമ്മു കശ്മീരില്‍ വീരമൃത്യൂവരിച്ച സൈനികന് നാടിന്റെ അന്ത്യാജ്ഞലി

കൊയിലാണ്ടി: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ പൂക്കാട് പടിഞ്ഞാറെ തറിയില്‍ സുബേദാര്‍ എം.ശ്രീജിത്തിന് (42) നാടിന്റെ അന്ത്യാജ്ഞലി. പുലര്‍ച്ചെ ഒന്നരയോടെയാണ് ഭൗതികദേഹം കൊയിലാണ്ടിയിലെ വസതിയില്‍ എത്തിച്ചത്. രാവിലെ ഏഴു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. മകന്‍ അതുല്‍ ചിതയ്ക്ക് തീകൊളുത്തി.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച ഭൗതികദേഹം വാളയാര്‍ വഴിയാണ് കേരളത്തിലെത്തിച്ചത്. അതിര്‍ത്തിയില്‍ തഹസില്‍ദാര്‍ ഭൗതികദേഹം ഏറ്റുവാങ്ങി. കോഴിക്കോട് എത്തിച്ച ഭൗതികദേഹം സ്ഥലം തഹസില്‍ദാര്‍ ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച ഭൗതികദേഹത്തില്‍ ജില്ലാ കലക്ടര്‍ രാത്രി തന്നെയെത്തി ആദരാജ്ഞലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. 

കോവിഡ് മാനദണ്ഡത്തിന് ഇളവ് നല്‍കിയാണ് നാട് ഒന്നാകെ സൈനികനെ യാത്രക്കാന്‍ എത്തിയത്. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തുന്ന വിധം ഏറെ വൈകാരികമായിരുന്നു ചടങ്ങുകള്‍. ശ്രീജിത്തിന്റെ ഭൗതികദേഹം പുതപ്പിച്ചിരുന്ന ദേശീയപതാക സൈനികര്‍ മടക്കി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറുമ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം തേങ്ങി. 19ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ശ്രീജിത്ത് മദ്രാസ് റജിമെന്റിന്റെ ഭാഗമായി 23 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരുന്നു. 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കാനിരിക്കേയായിരുന്നു വീരമൃത്യൂ. 23 വര്‍ഷത്തെ വിശിഷ്ട സേവനത്തിനിടെ രാഷ്ട്രപതിയുടെ പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 

Subedhar m.sreejith

എന്‍.സി.സി ചുമതലക്കാരനായി തൃശൂരിലും സേവനം ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് കൊയിലാണ്ടിയിലെ വീട് നിര്‍മ്മിച്ച് താമസം മാറ്റിയത്. ഓണത്തിന് നാട്ടിലെത്താനിരിക്കേയാണ് വിയോഗം. വസ്തന്‍-ശോഭ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍, തേജ ലക്ഷ്മി. 

ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more