1 GBP = 103.14

നടനരംഗത്തെ വിസ്മയങ്ങൾ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം…

നടനരംഗത്തെ വിസ്മയങ്ങൾ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം…

സാജു അഗസ്റ്റിൻ

പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വർണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിൻ കലാഭവൻ ലണ്ടൻ നടത്തുന്ന  ഓണ്‍ലൈന്‍ ‍ നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍” എന്ന പേരിൽ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ‍ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയം മൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ ‘വീ ഷാല്‍ ഓവര്‍ കം’ ഫേസ്ബുക് പേജില്‍ ഗ്രാന്റ് ഫിനാലെ ലൈവ് ലഭ്യമാകും.

സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തുന്ന ഗ്രാന്റ് ഫിനാലെയില്‍  കേരളത്തിൽ നിന്നും പ്രവാസി മലയാളികൾക്കിടയിൽ നിന്നുമുള്ള നടന ലോകത്തെ വിസ്മയങ്ങൾ അണിനിരക്കും. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള  സീനിയർ  ആർട്ടിസ്റ്റ് സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) മുതൽ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ  ദേശീയ കലാമേളയിൽ കലാപ്രതിഭ പട്ടം തുടർച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് വരെയുള്ളവരുടെ അതിമനോഹരങ്ങളായ നൃത്ത ഇനങ്ങളാവും ഗ്രാൻറ് ഫിനാലെയ്ക്ക് മാറ്റ് കൂട്ടുന്നത്.

കലാമണ്ഡലം  സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനിൽ എന്നിവരുടെ നൃത്തങ്ങൾ ഏറെ ആകർഷണീയമാവും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപുടി എന്നിവയില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ ബിരുദവും നേടിയ കലാമണ്ഡലം  സോഫിയ സുദീപ് ഇതിനോടകം 6 സിനിമകളിലും 4 ജനപ്രിയ  സീരിയലുകളിലും അഭിനയിച്ചു. കൊച്ചിയിലെ സമർപ്പൺ സ്കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് ഡയറക്ടറാണ്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീമതി ഷീന സുനില്‍കുമാര്‍,  ഇപ്പോള്‍ കുച്ചിപുടിയില്‍ ഉന്നതപഠനം തുടരുന്നു. മൗറീഷ്യസിലും ഖത്തറിലും ഷാര്‍ജയിലുമൊക്കെ മോഹിനിയാട്ടം  അവതരിപ്പിച്ച് അന്താരാഷ്ട്ര വേദികളില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള, തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂപുര നൃത്ത കലാക്ഷേത്രത്തിന്റെ ഡയറക്ടറും പ്രധാന അധ്യാപികയുമാണ് കലാമണ്ഡലം ഷീന സുനില്‍കുമാര്‍.

ബാംഗ്ലൂർ നൃത്ത്യ സ്‌കൂൾ ഓഫ് ആർട്ട്സ് ഡയറക്ടറും പ്രശസ്ത നർത്തകിയുമായ ഗായത്രി ചന്ദ്രശേഖറിന്റെ നൃത്തവും ഫിനാലെയ്ക്ക് മാറ്റ് കൂട്ടും.   ദൂരദർശന്റെ ഒരു ‘എ’ ഗ്രേഡ് ആർട്ടിസ്റ്റായ ഗായത്രി ‘സ്പിരിറ്റ് ഓഫ് യൂത്ത് അവാർഡ്’, ‘എം.ജി.ആർ’ അവാർഡ്   എന്നിവ മികച്ച ഭരതനാട്യം നർത്തകി എന്ന നിലയിൽ നേടിയിട്ടുണ്ട്.

യു.കെയിലെ പ്രമുഖ നർത്തകരായ മഞ്ജു സുനിൽ, ബ്രീസ് ജോർജ് , സ്വരൂപ് മേനോൻ എന്നിവരും ചേരുന്നത് ഫിനാലെയുടെ മനോഹാരിത വർദ്ധിപ്പിക്കും. യു.കെയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമാണ് മഞ്ജു സുനിൽ.  യുക്മയുടെ വേദികളിൽ ഉൾപ്പെടെ യു.കെയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള മഞ്ജു യു.കെ  മലയാളികൾക്കിടയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രശസ്തയായ കലാകാരിയാണ്. യു.കെ കാബിനറ്റ് ഓഫീസിൽ സിവിൽ സർവീസ് ജോലിയിൽ പ്രവർത്തിക്കുന്നബ്രീസ് ജോർജ്ജിന്റെ മനോഹര നൃത്തങ്ങൾ യു.കെ  മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. ഗുരു ബാബു ഭരതാഞ്ജലി, ഗുരു കലൈമാമണി ശ്രീമതി ചാമുണ്ഡേശരി  പാണി എന്നിവരുടെ കീഴിൽ നാലാം വയസ്സ് മുതൽ ഭരതനാട്യം പരിശീലിച്ചു. കവി ഒ.എൻ.വി കുറുപ്പിന്റെ മകൾ മായാദേവിയിൽ നിന്നും മോഹിനിയാട്ടം അഭ്യസിച്ചു. 2015ൽ  ബിബിസി ‘യങ്ങ് ഡാൻസർ’ൽ പങ്കെടുത്തു, ജസ്റ്റ് ബോളിവുഡ് നാഷണൽ യൂണിവേഴ്സിറ്റി ഡാൻസ് ഷോയിൽ മികച്ച വനിതാ നർത്തകി.യു.കെയിൽ ജനിച്ച് വളർന്ന സ്വരൂപ് മേനോൻ കലയോടുള്ള  താൽപര്യം കാരണം ഭരതനാട്യത്തിലേക്ക് ആകർഷിക്കപ്പെട്ടു. 3 വയസ്സുമുതൽ നൃത്തം അഭ്യസിക്കാനും 5 വയസ്സു മുതൽ പ്രകടനം നടത്താനും ആരംഭിച്ച  സ്വരൂപ്, ബയോമെഡിക്കൽ സയൻസിൽ ബി.എസ്.സി,  മെഡിക്കൽ മൈക്രോബയോളജിയിൽ എം. എസ്.സി എന്നിവ നേടിയ ശേഷം നിലവിൽ ബൾഗേറിയയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്.ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബൾഗേറിയ, ഹോങ്കോംഗ്, ഇന്ത്യ  എന്നീ രാജ്യങ്ങളിലും ലണ്ടനിലെ ലണ്ടൻ പല്ലേഡിയം, ദി മില്ലേനിയം ഡോം, ക്വീൻ എലിസബത്ത് ഹാൾ, ദി ബാർബിക്കൻ സെന്റർ, നെഹ്‌റു സെന്റർ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും സ്വരൂപ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

യുക്മ കലാതിലകം 2020 ആനി അലോഷ്യസ്, നോട്ടിങ്ങ്ഹാമിൽ നിന്നുള്ള പാർവതി പിള്ള,  മാൻസ്ഫീൽഡിൽ നിന്നുള്ള  അബീനാ രാജേഷ്  എന്നിവരുടെ നൃത്തങ്ങളും  ഫിനാലെയ്ക്ക് ചാരുത പകരും.

കോഴിക്കോട് ജെ.എസ് ഡാൻസ് കമ്പനി എന്ന പേരിലുള്ള ഡാൻസ് അക്കാദമി  ഒരു തകർപ്പൻ ഡാൻസുമായിട്ടാണ്  ഗ്രാന്റ് ഫിനാലെയ്ക്ക് എത്തുന്നത്. പ്രധാന അധ്യാപകൻ സാബുവും സഹോദരൻ ജോബിനുമാണ് ജെ.എസ് ഡാൻസ് കമ്പനി നടത്തുന്നത്.   ‘ദി  ഗ്രേറ്റ്   ഇന്ത്യൻ കിച്ചൺ’ എന്ന മലയാള സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനം  ജെ.എസ് ഡാൻസ് കമ്പനി ചിട്ടപ്പെടുത്തിയതാണ്.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, ‘വീ ഷാല്‍ ഓവര്‍ കം’ ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീ ബൊട്ടീക്, പാലാ, ഷീജാസ് ഐടി മാള്‍ കൊച്ചി, ‍രാജു പൂക്കോട്ടില്‍  തുടങ്ങിയവരാണ് അന്താരാഷ്ട്ര നൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.londonkalabhavan.com സന്ദര്‍ശിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more