1 GBP = 103.12

വചന വേദി കവിഞ്ഞൊഴുകി,അഭിഷേകാമൃതം നിറഞ്ഞൊഴുകി; ലണ്ടൻ കൺവെൻഷൻ വിശ്വാസോത്സവമായി.

വചന വേദി കവിഞ്ഞൊഴുകി,അഭിഷേകാമൃതം നിറഞ്ഞൊഴുകി; ലണ്ടൻ കൺവെൻഷൻ വിശ്വാസോത്സവമായി.

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആല്മീയ വളർച്ചക്കും,ആദ്ധ്യാൽമിക നവോദ്ധാനത്തിനും,സഭയുടെ ശാക്തീകരണത്തിനും വേണ്ടി യു കെ യിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും,സന്ദർശിക്കുകയും ചെയ്യുമ്പോൾ അതിനുള്ള ആല്മീയ പോഷണം നൽകുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട റീജണൽ അഭിഷേകാഗ്നി ധ്യാനങ്ങൾ ലണ്ടനിൽ സമാപിച്ചു. വിശ്വാസ സാഗരത്തെ ആത്‌മീയ ആനന്ദം കൊണ്ട് നിറച്ച തിരുവചന ശുശ്രുഷയിൽ വചനങ്ങളുടെയും പരിശുദ്ധാല്മ ശുശ്രുഷകളുടെയും ഏറ്റവും വലിയ പ്രഘോഷകൻ സേവ്യർഖാൻ വട്ടായിൽ അച്ചൻ തന്നെ നേതൃത്വം നൽകുക ആയിരുന്നു.

“പാപങ്ങളിൽ നിന്ന് തിരിയുന്നതല്ല ദൈവത്തിങ്കലേക്കു തിരിയുന്നതാണ് മാനസാന്തരം. വിശുദ്ധ ലിഖിതങ്ങളോ ദൈവീക ശക്തിയോ അറിയാത്തവരാണ് നാശങ്ങളിലേക്ക് നിപതിക്കുക. മക്കളെ ശ്ലീഹന്മാരുടെ വിധത്തിൽ വളർത്തുക ഏതൊരു മാതാപിതാക്കളുടെയും കടമയാണ്‌. ഹവ്വയേയും യൂദാശിനെയും വഞ്ചിക്കുകയും, ദൈവത്തെ വരെ പരീക്ഷിക്കുകയും ചെയ്ത പിശാച് ഓരോരോ വിശ്വാസിക്കും പിന്നാലെ ചതിക്കുവാൻ പാത്തിരിക്കുകയാണെന്നും അതിനെ തോൽപ്പിക്കുവാൻ പ്രാർത്ഥനയും,പ്രമാണങ്ങളെ മുറുകെ പിടിച്ചുള്ള ജീവിതവും ആണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്” എന്നും വട്ടായിൽ അച്ചൻ ഓർമ്മിപ്പിച്ചു. ലണ്ടൻ റീജണൽ കൺവെൻഷൻ നയിച്ചു കൊണ്ട് സുവിശേഷ പ്രഘോഷണം ചെയ്യുകയായിരുന്നു വട്ടായിൽ അച്ചൻ.

ഞായറാഴ്ച ആചരണത്തിന്റെ മഹത്വവും,അനിവാര്യതയും ശക്തമായ ഭാഷയിൽ വിശ്വാസികളെ മാർ സ്രാമ്പിക്കൽ പിതാവ് ഉദ്‌ബോധിപ്പിച്ചു. ആരാധനാ ക്രമത്തിലെ ഏലിയാ-ശ്ലീവാ-മൂശക്കാലങ്ങളിലൂടെ എത്തി നിൽക്കുമ്പോൾ യേശുവിന്റെ മഹത്വപൂർണ്ണമായ രണ്ടാം ആഗമനവും,അന്ത്യ വിധിയും ഉദ്ധാനവും ആണ്‌ അനുസ്മരിപ്പിക്കുക. യേശുവിനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വളർന്ന ഒരുവനും പൈശാചിക ശക്തികൾക്ക് മുമ്പിൽ പരാജയപ്പെടില്ലെന്നും ജോസഫ് പിതാവ് ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മാർ ജോസഫ്പി സ്രാമ്പിക്കൽ പിതാവ്. “ശ്ലീഹന്മാരെപ്പോലെ സുവിശേഷ ജോലി ചെയ്യുന്നവനും ദൈവത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുവനും ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും” പിതാവ് ഓർമ്മിപ്പിച്ചു.

നേരത്ത പരിശുദ്ധ ജപമാല സമർപ്പിച്ചു ആരംഭിച്ച ലണ്ടൻ റീജണൽ കൺവെൻഷനിൽ തുടർന്ന് കഞ്ചൻ ബ്രദർ, സാംസൺ അച്ചൻ എന്നിവർ ആമുഖമായി വചനം പങ്കു വെച്ചു.

അഭിഷേകാഗ്നി ശുശ്രുഷയിൽ സേവ്യർ ഖാൻ അച്ചൻ മുഖ്യ കാർമികനായി തിരുവചനം പങ്കു വെച്ചു. കായിക മാമാങ്കങ്ങളുടെ ആരവങ്ങൾ കേട്ടു തഴമ്പിച്ചതും, കായിക ലോകത്തെ വിസ്മയമായ ഉസൈൻ ബോൾട്ടടക്കം ലോകം കീഴടക്കിയ അത്ലറ്റുകൾ കോൾമയിർ കൊള്ളിക്കുകയും ചെയ്ത ട്രാക്കിനു ഈശ്വര സ്തുതിപ്പുകളും തിരുവചനങ്ങളും നൽകിയ സ്വർഗ്ഗീയാരവം നടാടെ കേൾക്കെ ദൈവീക സാന്നിദ്ധ്യത്തിന്റെ വിശ്വാസകോട്ടയായി മാറുകയായിരുന്നു അല്ലിൻസ് പാർക്ക്.

അയ്യായിരത്തില്പരം വിശ്വാസികളെ കൊണ്ട് രൂപം കൊണ്ട ജനസാഗരം സാക്ഷ്യം വഹിച്ച അഭിഷേകാഗ്നി കൺവെൻഷൻ ആല്മീയോല്സവവും, വിശ്വാസ പ്രഘോഷണവുമായി. നിരവധിയായ അത്ഭുത രോഗശാന്തികളും,ദൈവീക അനുഗ്രഹങ്ങളും സാക്ഷ്യം വഹിച്ച വചന വേദി അഭിഷേക പെരുമഴയുടെ അനുഗ്രഹ വേദിയാവുകയായിരുന്നു.

മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു അർപ്പിച്ച ആഘോഷമായ സമൂഹ ബലിയിൽ വൈദീകരായ സേവ്യർ ഖാൻ, സോജി ഓലിക്കൽ, ജോസ് അന്ത്യാംകുളം, സെബാസ്റ്റ്യൻ ചാമക്കാല, ഹാൻസ് പുതിയകുളങ്ങര, ജോയ് ആലപ്പാട്ട്‌, സാജു പിണക്കാട്ട്, സാജു മുല്ലശ്ശേരി, സെബാസ്റ്റ്യൻ പാലാട്ടി, റെനി പുല്ലുകാലായിൽ, റോയ്, ഫാൻസുവ പത്തിൽ, ജോസഫ് കടുത്താനം എന്നിവർ സഹകാർമ്മികരായിരുന്നു. സ്വർഗ്ഗീയാനുഭവം പകർന്നു നൽകിയ ഗാന ശുശ്രുഷയും ഉജ്ജ്വലമായി.

ആരാധനക്കു ശേഷം സമാപന ആശീർവാദത്തോടെ അഭിഷേകാഗ്‌നി കൺവെൻഷൻ സമാപിച്ചു. നേരത്തെ കൺവെൻഷന്റെ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. ഈ കൺവെൻഷൻ വൻ വിജയമാവുന്നതിൽ മുഖ്യപങ്കു വഹിച്ച ജോസച്ചന്റെ നേതൃത്വത്തിലുള്ള വൈദികർക്കും, തോമസ് ആൻറണിക്കും ടീമിനും നന്ദി പറയുമ്പോൾ വൻ ഹസ്താരവത്തോടെയാണ് വിശ്വാസികൾ അത് ഏറ്റെടുത്തത്.

കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളായി വെവ്വേറെ ഹാളുകളിൽ ശുശ്രുഷകളും നടത്തപ്പെടുകയുണ്ടായി. സെഹിയോൻ യു കെ മിനിസ്ട്രിയുടെ കീഴിലുള്ള ടീമാണ് കുട്ടികളുടെ ശുശ്രുഷകൾക്കു നേതൃത്വം വഹിച്ചത്. ഡാൻസും പാട്ടും സ്കിറ്റുകളും കളിയുമായി ദൈവത്തെ മനസ്സിലാക്കുവാനും ദൈവീക സ്നേഹം പകരുവാനും സഹായകമായി. കളിയിലൂടെ അറിവിന്റെയും മനസ്സിന്റെയും അകത്തളങ്ങളിലേക്ക് യേശുവിനെ കുടികൊള്ളിക്കുവാൻ കുഞ്ഞു മനസ്സുകളെ പ്രാപ്തരാക്കുന്ന ശുശ്രുഷകൾ ഏറെ ആല്മീയ മാധുര്യം പകരുന്നവയായി.

അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചിട്ടും മണിക്കൂറിലേറെ നീണ്ട നിരയായിരുന്നു കൈവെപ്പു പ്രാർത്ഥനക്കായി വട്ടായിൽ അച്ചന്റെ മുമ്പിൽ രൂപം കൊണ്ടത്.

അഭിഷേക നിറവിലും ആൽമ സന്തോഷത്തിലുമാണ് എല്ലാ രൂപതാ മക്കളും തിരുവചന വേദി വിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more