1 GBP = 103.01
breaking news

ലോലശതാവരി – കേരളപ്പിറവിക്ക്‌ മലയാള നാടിന് സമ്മാനമായി യു കെ മലയാളികളുടെ പ്രിയ ഗായിക ടെസ്സ ജോണിൻ്റെ ഗാനസമർപ്പണം റിലീസ് ചെയ്തു….

ലോലശതാവരി –  കേരളപ്പിറവിക്ക്‌ മലയാള നാടിന് സമ്മാനമായി യു കെ മലയാളികളുടെ പ്രിയ ഗായിക ടെസ്സ ജോണിൻ്റെ ഗാനസമർപ്പണം റിലീസ് ചെയ്തു….

ഷൈമോൻ തോട്ടുങ്കൽ 

ലണ്ടൻ:- കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ.  മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.  

ഒക്ടോബർ 31ന്  വൈകിട്ട്   zoom ൽ നടന്ന ലോഞ്ചിങ്ങിൽ മധു ബാലകൃഷ്ണൻ ഈ മനോഹരഗാനം മലയാളക്കരക്കു സമർപ്പിക്കുകയുണ്ടായി. ഗാനരചയിതാവ് ഹരിനാരായണനും സംഗീതസംവിധായകർ ബേണിയും ടാൻസണും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.

2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിലൂടെ സംഗീതലോകത്തേക്ക് എത്തി ഇതിനകം ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി.  യു കെ യിലെ  പ്രോഗ്രാമുകളിലെ നിറസാന്നിധ്യമായ ടെസ്സ നിരവധി ക്രിസ്ത്യൻ ആൽബങ്ങളും നാടോടി, ഓണപ്പാട്ടുകളും, പ്രണയഗാനവും ഒക്കെ ഇതിനോടകം ചെയ്തു കഴിഞ്ഞു.      സച്ചിദാനന്ദൻ വലപ്പാടിന്റെയും അശ്വതി വിജയന്റെയും കീഴിൽ സംഗീതം അഭ്യസിക്കുന്ന ടെസ്സ പാശ്ചാത്യ സംഗീതവും സംഗീതോപകരണങ്ങളും പഠിക്കുന്നുണ്ട്. കെ എസ് ചിത്ര, ശരത്ത്, ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞരുടെ സ്റ്റേജിൽ പാടിയ ടെസ്സ  ഈ ലോക് ഡൗൺ കാലത്ത്  ട്യൂട്ടേഴ്സ് വാലി നടത്തിയ ലൈവ് പ്രോഗ്രാമുകളിലൂടെ ഔസേപ്പച്ചൻ, വിനീത് ശ്രീനിവാസൻ, ഗോപി സുന്ദർ, വിദ്യാസാഗർ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പങ്കെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള മലയാളികൾ പാടിനടക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ്‌ ബി കെ ഹരിനാരായണൻ. ഒപ്പം, ജോസഫ്, തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇപ്പോഴും നമ്മുടെ ചുണ്ടുകളിൽ തത്തികളിക്കുന്നത് ആ വരികളുടെ ഭംഗി മൂലമാണ്.  ലോലശതാവരിയുടെ  വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇങ്ങനെയാണ്:  “ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക്‌ എത്തുന്നത്‌. മാഷ്‌ ഇതിനെക്കുറിച്ച്‌ പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട്‌ എന്നായിരുന്നു മനസ്സിൽ. അങ്ങനെയാൺ ലോലശതാവരിയിൽ എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്‌.

ശതാവരിവള്ളിയെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ പണ്ട്‌ പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ്  ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്‌. പല്ലവികേട്ട്‌ മാഷ്‌ ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട്‌  ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.

മലയാളികൾക്ക് പ്രത്യേകിച്ച് സംഗീതപ്രേമികൾക്ക്  ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ് ബേണി-ഇഗ്‌നേഷ്യസ് എന്നത്. 1994 ൽ “തേന്മാവിൻകൊമ്പത്തിലൂടെ” മലയാളികൾ നെഞ്ചേറ്റിയ ആ ബേണിയും മകൻ ടാൻസണും സംഗീതം നൽകിയ ലോലശതാവരിയുടെ സംഗീതവും  കേൾക്കാൻ ഇമ്പമുള്ളതും കാതുകൾക്ക് കുളിർമഴ പെയ്യിക്കുന്നതുമാണ്. ലോലശതാവരിക്ക്  സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും  വാക്കുകൾ ഇപ്രകാരമാണ് “ലോലശതാവരി എന്ന ലളിതഗാനം കുറെ മാസ്സങ്ങൾക്ക്‌ മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ്‌ ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്‌. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.

ഹരിനാരായണന്റെ വരികൾക്ക് ബേണിയും ടാൻസണും സംഗീതം നൽകി യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ആലപിച്ച ഈ മനോഹരഗാനം നിങ്ങൾക്കും ഇഷ്ടപ്പെടും എന്നുറപ്പ്. ലളിതഗാനമത്സരവേദികളിൽ ഇനിയുള്ള കാലം ഈ ഗാനം മുഴങ്ങികേൾക്കട്ടെ.


ഈ ഗാനം  കേൾക്കുവാനും കാണുവാനും  താഴെയുള്ള  ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.youtube.com/watch?v=6QIHZ5fvW_I

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more