1 GBP = 103.12

ലോക്കർബി വിമാന ദുരന്തം; കുറ്റാരോപിതൻ 34 വർഷത്തിനുശേഷം പിടിയിൽ

ലോക്കർബി വിമാന ദുരന്തം; കുറ്റാരോപിതൻ 34 വർഷത്തിനുശേഷം പിടിയിൽ

ന്യൂയോർക്: 1988 ഡിസംബർ 21ന് സ്കോട്ട്‍ലൻഡിലെ ലോക്കർബിയിൽ യാത്രാവിമാനം പൊട്ടിത്തെറിച്ച് 270 പേർ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റാരോപിതനായ മുൻ ലിബിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അബു അഗില മുഹമ്മദ് മസ്ഊദ് അമേരിക്കൻ കസ്റ്റഡിയിൽ. എങ്ങനെയാണ് ഇയാളെ അമേരിക്കയിലെത്തിച്ചതെന്ന് വ്യക്തമല്ല. 2020ൽ ദുരന്തത്തിന്റെ 32ാം വാർഷിക വേളയിലാണ് യു.എസ് നീതിന്യായ വകുപ്പ് മസ്ഊദിനെതിരെ കുറ്റപത്രം ചുമത്തിയതായി അറിയിച്ചത്. 

ലോക്കർബി യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ മാരകമായ വ്യോമാക്രമണമായാണ് കണക്കാക്കുന്നത്. ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട പാൻ ആം വിമാനം 103, സ്കോട്ട്ലൻഡിലെ ലോക്കർബിക്കു മുകളിൽ ബോംബ് സ്ഫോടനത്തിൽ തകരുകയായിരുന്നു. 243 യാത്രികരും 16 കാബിൻക്രൂ അംഗങ്ങളും 11 ലോക്കർബി നിവാസികളും കൊല്ലപ്പെട്ടു. യാത്രക്കാരിൽ 189 പേർ അമേരിക്കൻ പൗരന്മാരായിരുന്നു. കാസറ്റ് പ്ലെയറിൽ ഒളിപ്പിച്ച് വിമാനത്തിന്റെ കാർഗോ ഹോൾഡ് ഏരിയയിൽ സ്ഥാപിച്ചിരുന്ന സിംടെക്സ് ബോംബ് 31,000 അടി ഉയരത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വെച്ചാണ് ബോംബ് വെച്ചതെന്ന് കരുതുന്നു. അബ്ദുൽ ബാസിത് അൽ മെഗ്രാഹി, അൽ അമീൻ ഖൈലിഫ ഫിമ എന്നീ ലിബിയൻ പൗരന്മാരാണ് സ്ഫോടനത്തിന് പിന്നിലെന്ന് 1991 നവംബറിൽ ബ്രിട്ടീഷ് അമേരിക്കൻ ഏജൻസികൾ വ്യക്തമാക്കി. 10 വർഷം നീണ്ട വിചാരണക്കൊടുവിൽ മെഗ്രാഹിക്ക് നെതർലൻഡ്‌സിലെ നിഷ്പക്ഷ കോടതിയിൽ സ്‌കോട്ടിഷ് ജഡ്ജിമാർ വധശിക്ഷ വിധിച്ചു. 2001 മുതൽ സ്കോട്ട്‍ലൻഡിൽ തടവിലായിരുന്ന മെഗ്രാഹിയെ കാൻസർ ബാധയെ തുടർന്ന് 2009ൽ വിട്ടയക്കുകയും 2012ൽ മരിക്കുകയും ചെയ്തു. തുടക്കം മുതൽ ഗൂഢാലോചനയിൽ പങ്കില്ല എന്നാവർത്തിച്ച ലിബിയ 2003 ആഗസ്റ്റിൽ കുറ്റം ഏറ്റുപറഞ്ഞ് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും എയർലൈൻസിനും നഷ്ടപരിഹാരം നൽകാൻ തയാറായി. 

ഉപരോധം നീക്കിക്കിട്ടാനാണ് കുറ്റമേൽക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തതെന്ന് ലിബിയൻ പ്രധാനമന്ത്രി പിന്നീട് പറഞ്ഞു. 1986ൽ അമേരിക്ക ലിബിയയിൽ നടത്തിയ മിസൈലാക്രമണത്തിൽ ഖദ്ദാഫിയുടെ ഇളയ മകൾ മരിച്ചതിനും 1988ൽ അമേരിക്ക അബദ്ധവശാൽ ഇറാനിയൻ യാത്രാവിമാനം വെടിവെച്ചു വീഴ്ത്തിയതിനുമുള്ള പ്രതികാരമായി ലോക്കർബി സംഭവത്തെ കണക്കാക്കുന്നവരുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more