1 GBP = 103.12

ലിവർപൂൾ റോമാ ആരാധകർ ഏറ്റുമുട്ടി; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ; രണ്ടു പേരെ വധശ്രമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

ലിവർപൂൾ റോമാ ആരാധകർ ഏറ്റുമുട്ടി; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ; രണ്ടു പേരെ വധശ്രമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

ലിവർപൂൾ: ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരം നടക്കുന്നതിന് തൊട്ടുമുൻപ് ആൻഫീൽഡിലെ ഒരു പബ്ബിലാണ് ലിവർപൂൾ റോമാ ആരാധകർ ഏറ്റുമുട്ടിയത്. ലിവർപൂളും റോമയും തമ്മിലുള്ള സെമി ഫൈനൽ മത്സരമായിരുന്നു ഇന്നലെ നടന്നത്. 53കാരനായ അയർലൻഡ് കാരനാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരുപത്തിയഞ്ചും ഇരുപത്തിയാറും വയസ്സുള്ള രണ്ടു പേരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇരുവരും റോമിൽ നിന്നുള്ളവരാണ്. ഇവരെക്കൂടാതെ മറ്റ് ഏഴു പേരെയും സംഘം ചേരലിനും, മാരകായുധങ്ങൾ കൈവശം വച്ചതിനും പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതിനും നാല്പത്തിമൂന്നിനും മദ്ധ്യേ പ്രായമുള്ളവരാണ് ഇവരെല്ലാം.

ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ആൻഫീൽഡ് സ്റ്റേഡിയത്തിനടുത്തുള്ള പബ്ബിന് വെളിയിലാണ് അടിപിടി നടന്നത്. കൂട്ടം കൂടി ലിവർപൂൾ കളിക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നിന്ന ആരാധകർക്ക് മേൽ എൺപതോളം വരുന്ന റോമാ ആരാധകർ കല്ലും വടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അൻപത്തിമൂന്ന്കാരൻ അബോധാവസ്ഥയിൽ നിലത്ത് കിടക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയ്യാളെ ഉടൻ തന്നെ ആംബുലൻസും പാരാമെഡിക്സ് ടീമും ആശുപത്രിയിലെത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

നേരത്തെ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം മാഞ്ചെസ്റ്റെർ സിറ്റി കളിക്കാരുടെ ബസ് ആക്രമിക്കപ്പെട്ടിരുന്നു. ആ സംഭവത്തിൽ യൂറോപ്യൻ ഫുട്ബാൾ ഗവേർണിംഗ് ബോഡിയായ യുവേഫ ലിവർപൂളിന് കനത്ത പിഴ ചുമത്തിയിരുന്നു. അതിന് ശേഷം കനത്ത പോലീസ് സുരക്ഷയായിരുന്നു ഗ്രൗണ്ടിൽ ഏർപ്പെടുത്തിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more