1 GBP = 103.97

ലിവര്‍പൂള്‍ 2013; നോര്‍ത്ത് വെസ്റ്റില്‍ ദേശീയ കലാമേള തരംഗമായപ്പോള്‍

ലിവര്‍പൂള്‍ 2013; നോര്‍ത്ത് വെസ്റ്റില്‍ ദേശീയ കലാമേള തരംഗമായപ്പോള്‍

ബാല സജീവ്കുമാര്‍
യുക്മ ന്യൂസ് ടീം

മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. ”ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന മുദ്രാവാക്യത്തോടെയാണ് നാലാമത് ദേശീയ കലാമേള യുക്മ ദേശീയ കമ്മറ്റി യു.കെ മലയാളികളിലേയ്‌ക്കെത്തിച്ചത്. യു.കെയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞതിനാല്‍ ജനങ്ങളും ആ മുദ്രാവാക്യത്തെ ആവേശപൂര്‍വം സ്വീകരിക്കുകയുണ്ടായി. 2013ലെ കലാമേളയ്ക്ക് ലിവര്‍പൂളിനെ ആതിഥേയ നഗരമായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ഉത്തരവാദിത്വമാണ് യുക്മ ദേശീയ കമ്മറ്റിയേറ്റെടുത്തത്. യുക്മയില്‍ സജീവമായിട്ടുള്ള അസോസിയേഷനുകള്‍ക്ക് എത്തിച്ചേരുന്നതിന് ദൂരക്കൂടുതല്‍ ഉണ്ടാവുമെന്നുള്ളതും ആദ്യ മൂന്ന് കലാമേളകളെ അപേക്ഷിച്ച് വൈകി നടക്കുന്നതിനാല്‍ കാലാവസ്ഥ പ്രതികൂലമായേക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് പുറമേ കാണികളെത്തുന്നതിന് ഈ രണ്ടു കാരണങ്ങള്‍ തിരിച്ചടിയാവുമെന്ന മുന്നറിയിപ്പുമായും പലരുമെത്തിയിരുന്നു. എന്നാല്‍ യുക്മ ദേശീയ കലാമേളകള്‍ക്ക് കാലവും ദേശവുമൊന്നും ഒരു പ്രശ്‌നമേ അല്ലെന്നുള്ളത് വ്യക്തമാക്കി യു.കെ മലയാളികള്‍ 2013 നവംബര്‍ 30ന് ലിവര്‍പൂള്‍ കലാമേളയെ നെഞ്ചിലേറ്റുന്ന കാഴ്ച്ചയാണ് ദൃശ്യമായത്. ആദ്യമൂന്ന് കലാമേളകളേക്കാള്‍ കാണികള്‍ എത്തിച്ചേര്‍ന്ന് ജനപങ്കാളിത്തന്റെ സമ്പന്നതയും ലിവര്‍പൂളില്‍ ദൃശ്യമായി മാറി.
2013-kalamela
പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് ലിവര്‍പൂള്‍ ദേശീയ കലാമേളയെ വിജയിപ്പിക്കുവാന്‍ കളമൊരുക്കുന്നതില്‍ പ്രധാന ഘടകങ്ങളായി മാറിയത് യുക്മ കൈവരിച്ച സംഘടനാശേഷിയാണ്. മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതല്‍ അംഗബലവുമായി യുക്മയും അതോടൊപ്പം യുക്മയുടെ വിവിധ റീജിയണുകളും ശക്തി പ്രാപിച്ചപ്പോള്‍ ഓരോ റീജിയനുകളിലും നടന്ന കലാമേളകള്‍ അടങ്ങാത്ത ആവേശത്തിന്റെ ഉണര്‍വാണ് ഉയര്‍ത്തിയത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ അക്കാലയിളവില്‍ മലയാളി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനും ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചും, യുക്മ ദേശീയ കമ്മറ്റിയുടെ ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റി. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍ യുക്മ നാഷണല്‍ കമ്മിറ്റി വിനയപൂര്‍വ്വം യു.കെ മലയാളികളോട് നടത്തിയ ‘ആഘോഷിക്കൂ യുക്മയോടൊപ്പം’ എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

നാല്പ്പത്തിയൊന്ന് മത്സരയിനങ്ങളിലായി അറുന്നൂറോളും കലാകാരന്മാരും കലാകാരികളും മാറ്റുരച്ച കലാമേള വിജയിപ്പിക്കുന്നതിന് യുക്മ പ്രസിഡന്റ് വിജി കെ.പി, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്. ബൃഹത്തായ യുക്മ നാഷണല്‍ കലാമേളയെ തികഞ്ഞ അച്ചടക്കത്തോടെയും ചിട്ടയോടെയും നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തതിനു ആതിഥേയരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനെ (ലിംക) എത്ര പ്രശംസിച്ചാലും മതിവരില്ല. പ്രസിഡന്റ് തമ്പി ജോസിന്റെ നേതൃത്വത്തില്‍ ലിംകയുടെ നേതാക്കളും പ്രവര്‍ത്തകരും കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ലിവര്‍പൂള്‍ മലയാളികളുടെ ഒട്ടു മിക്ക ആഘോഷങ്ങള്‍ക്കും വേദിയായിരുന്ന ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേളയും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്.

2013ലെ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് നോര്‍ത്ത് വെസ്റ്റ് റീജണില്‍ തന്നെയായിരുന്നു. നവംബര്‍ രണ്ടാം തീയതി മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ ആസോസിയേഷന്‍ ആതിഥേയത്വം വഹിച്ച റീജണല്‍ കലാമേളയ്ക്ക് പിന്നാലെ നവംബര്‍ 9ന് സാലിസ്ബറി മലയാളി അസോസിയേഷന്‍ ആതിഥ്യമേകിയ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ കലാമേളയും നവംബര്‍ 9ന് തന്നെ സ്വാന്‍സിയില്‍ വെയില്‍സ് റീജണല്‍ കലാമേളയും അരങ്ങേറി. നവംബര്‍ 16നാണ് നോട്ടിംഗ്ഹാം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെയും സൗത്തെന്റില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേളയും കീത്ത്‌ലിയില്‍ യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെ കലാമേളയും അരങ്ങേറിയത്.

യൂറോപ്പിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ കലവറയായി അറിയപ്പെടുന്ന ലിവര്‍പൂളിലേയ്ക്ക് യുക്മ നാഷണല്‍ കലാമേള എത്തിച്ചേര്‍ന്നപ്പോള്‍ അനുയോജ്യമായ എല്ലാ തയ്യാറെടുപ്പുകളും സംഘടന സ്വീകരിച്ചു. നിരവധി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച് പഴക്കമുള്ള ലിംകയും മൂന്ന് ദേശീയ കലാമേളകള്‍ സംഘടിപ്പിച്ച് വിജയിപ്പിച്ച യുക്മയും ഒത്തുചേര്ന്നപ്പോള്‍ മികച്ച സംഘാടകപാടവത്തിന്റെ ഉത്തമ ഉദാഹരണമായി നാലാമത് നാഷണല്‍ കലാമേള മാറുകയായിരുന്നു. കലാമേള വേദിയായി മാറിയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത് മലയാളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ചു. പ്രശസ്തമായ അനേകം മലയാള ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സ്വാമിയോടുള്ള മലയാളി സമൂഹത്തിന്റെ ആദരവിന്റെ പ്രതീകമായി മാറി യുക്മയുടെ നാഷണല്‍ കലാമേള വേദി.

നാലാമത് ദേശീയ കലാമേളക്ക് യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിളേയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 600ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ് നാലു വേദികളിലായി 41 ഇനങ്ങളില്‍ മാറ്റുരച്ചത്. രാവിലെ മുതല്‍ ദക്ഷിണാമൂര്‍ത്തി നഗറിലേക്ക് (ബ്രോഡ്ഗ്രീന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍) ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷികളാക്കി സംശുദ്ധ മലയാളത്തിന്റെ സൗന്ദര്യത്തെ മുഴുവന്‍ ആവാഹിച്ചെടുത്ത അവതരണ ശൈലിയുമായി ലിംക ലിവര്‍പൂളിന്റെ രേഷ്മ ജോസ്, ക്രിസ്‌റി തോമസ് എന്നീ കൊച്ചുമിടുക്കികള്‍ അവതാരകരായി വേദിയിലെത്തി. ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു. മൗനദീപ്തമായ ഈശ്വരസ്മരണക്കുശേഷം കലാദേവതയ്ക്ക് വന്ദനവുമായി മാതാപിതാഗുരുദൈവ വന്ദനവുമായി രംഗപൂജയുമായി എത്തിയത് ലിംകയുടെ സുനിത ജോര്‍ജ്, ഷെറിള്‍ ബിജു എന്നീ നര്‍ത്തകിമാരായിരുന്നു. തുടര്‍ന്നു മുഖ്യാതിഥിയും പ്രമുഖ സാഹിത്യകാരനുമായ കാരൂര്‍ സോമന്‍ നിറഞ്ഞ സദസിന്റെ അനുഗ്രഹാശിസുകളോടെ ദേശീയ കലാമേളക്ക് ഭദ്രദീപം തെളിച്ചതോടെ അവേശത്തിമിര്‍പ്പിന്റെ അലയടികളുയര്‍ന്നു. ‘അമ്മ മലയാളമേ വണക്കം’ എന്ന മന്ത്ര മൊഴിയുമായി വേദിയിലെത്തി ‘അരങ്ങ് അറിവ് ആവിഷ്‌കാരം’ എന്ന യുക്മ കലാമേള ആപ്തവാക്യത്തെ അന്വര്‍ഥമാക്കിയ ഉദ്ഘാടനചടങ്ങിന്റെ അവതരണം കലാമേള പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ലിംക ഭാരവാഹിയുമായ തോമസ്‌കുട്ടി ഫ്രാന്‍സീസ് ആണ് അണിയിച്ചൊരുക്കിയത്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിശ്ചയിക്കപ്പെട്ട പ്രകാരം ഇടതടവില്ലാതെ നാല് വേദികളിലായി രൂപലയതാളങ്ങള്‍ വിരിഞ്ഞു. സദസിന്റെ നിലയ്ക്കാത്ത കരഘോഷവും ആര്‍പ്പുവിളികളും വേദികളെ പ്രകമ്പനം കൊള്ളിച്ചു. മത്സരവൈര്യം മറന്ന് ഓരോ കുട്ടികളും ഗ്രൂപ്പും തങ്ങളുടെ എതിരാളികളുടെ പ്രകടനത്തെ വിസ്മയത്തോടെ ആസ്വദിച്ച് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ കൂട്ടായ്മ എന്ന വികാരം കലാമേളയിലൂടെ വരും തലമുറയിലേക്ക് പകരാന്‍ യുക്മക്ക് കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യം പകരുന്നതായി. യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നാലും അഞ്ചും മണിക്കൂറുകള്‍ യാത്ര ചെയ്ത് ലിവര്‍പൂളിലെത്തിയ മത്സരാര്‍ഥികള്‍ പരസ്പരം പരിചയപ്പെടുന്നതും പ്രോത്സാഹിപ്പിക്കുന്നതും സൗഹൃദം സ്ഥാപിക്കുന്നതിനും യുക്മ നാഷണല്‍ കലാമേള വേദികള്‍ സാക്ഷിയായി മാറി.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദക്ഷിണാമൂര്‍ത്തി നഗറിലേയ്ക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ ആളുകളെ നിയന്ത്രിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സംഘാടകര്‍ക്ക് പോലും ബുദ്ധിമുട്ടായി. സംഘാടകരുടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിനു വീഴ്ചവരുത്താതെ തികഞ്ഞ അച്ഛടക്കത്തോടെ കാണികള്‍ സഹകരിച്ചത് തിക്കും തിരക്കും ഒഴിവാക്കാന്‍ സഹായകമായി.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബ്‌ളഡ്കാന്‍സര്‍ രോഗികള്‍ക്ക് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് സഹായകമാകും വിധം ദാതാക്കളെ കണ്ടുപിടിക്കുന്നതിനുവേണ്ടി സാമ്പിളുകള്‍ ശേഖരിക്കുന്നതിനും കലാമേളവേദി സഹായകമായി. യുക്മയുടെ നേതൃത്വത്തില്‍ ആയിരം പേരുടെ സാമ്പിളുകളുമായി യു.കെയില്‍ ഒരു പരിപാടിയ്ക്കിടെ ഏറ്റവുമധികം സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സാധിച്ചുവെന്നതും ഈ സംരഭത്തിന്റെ മാറ്റു കൂട്ടി. ജിജോ സെബാസ്റ്റ്യന്‍ ബാസില്‍ഡണ്‍, ഷാജി തോമസ്, മാമ്മന്‍ ഫിലിപ്പ്, ബൈജു തോമസ് എന്നിവര്‍ ഈ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. കൂടാതെ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എബ്രാഹം ജോസ്, മായ ജോസ്, ജയകുമാര്‍ നായര്‍, ദേവലാല്‍ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നഴ്‌സസ് സര്‍വേ 800ലധികം പേരെ പങ്കെടുപ്പിച്ച് ശ്രദ്ധേയമായി. യുക്മ സാംസ്‌കാരിക വേദിയുടെ ഔപചാരികമായ ഉദ്ഘാടനം, ‘യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍’ ന്റെ ഉദ്ഘാടനം എന്നിവ നടത്തുകയും നാടക കലയ്ക്ക് ആജീവനാന്തം നല്‍കിയ സേവനങ്ങള്‍ക്ക് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ശശി കുളമടയെ ആദരിക്കുകയും ചെയ്തു. യുക്മ 2014 വര്‍ഷത്തേക്കുള്ള യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ പിആര്‍ഒയുമായ ബാലസജീവ് കുമാറിന് കൈമാറി നിര്‍വഹിച്ചു. യുക്മ നാഷണല്‍ കലാമേളക്ക് ആതിഥ്യം അരുളുന്ന പത്താം വാര്‍ഷികം ആഘോഷത്തിന്റെ നിറവിലുള്ള ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്‌റിലെ വിജയികളെ ആദരിക്കുന്നതിനും യുക്മ നാഷണല്‍ കലാമേള വേദി സാക്ഷിയായി. ലിംകയുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ മികവിലൂടെ അവര്‍ നേടിയെടുത്ത അംഗീകാരത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കമ്മിറ്റി അംഗമായ തോമസ് വാരിക്കാട്ടിന്റെ നേതൃത്വത്തില്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ യുക്മ നാഷണല്‍ കലാമേളക്ക് വേദിയായി ലഭിച്ചത്.

രാത്രി 10 മണീയോടെ മത്സരങ്ങള്‍ അവസാനിച്ചതിനു ശേഷം ഉടന്‍ തന്നെ സുനില്‍ രാജന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഓഫീസ് കമ്മിറ്റി ഉടനടി വിജയികളെ കണ്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും യുക്മയുടെ മുഴുവന്‍ നാഷണല്‍/ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും സ്‌പോണ്‍സേഴ്‌സും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. ആവേശത്തിന്റെയും ആര്‍പ്പു വിളികളുടെയും നിലയ്ക്കാത്ത കരഘോഷത്തിന്റെയും അകമ്പടിയോടെ വിജയികള്‍ ഓരോരുത്തരായി യുക്മയുടെ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ സമ്മാനം ലഭിക്കാത്തവരുടെ മുഖങ്ങളില്‍ നിരാശയെക്കാള്‍ ഏറെ ആരാധനയുടെയും അടുത്ത വര്‍ഷം ഈ അംഗീകാരത്തിന് പാത്രമാകണമെന്ന ദൃഢനിശ്ചയവുമാണ് തെളിഞ്ഞത്.

2013 ലിവര്‍പൂള്‍ ദേശീയ കലാമേളയില്‍ ഫല പ്രഖ്യാപനത്തിനോടുവില്‍ കലാതിലകമായി കേരള കള്‍ച്ചറള്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന്റെ ലിയ ടോം തെരഞ്ഞെടുക്കപ്പെട്ടു. മലയാളം പ്രസംഗം, നാടോടി നൃത്തം, മോണോ ആക്ട് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ 15 പോയന്റ് നേടിയാണ് ലിയ ടോം കലാതിലകമായത്. പങ്കെടുത്ത മൂന്നു വ്യക്തിഗത നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാസില്‍ഡണിലെ സ്‌നേഹ സജി 15 പോയന്റ് നേടി എങ്കിലും കലാതിലക പട്ടത്തിന് അര്‍ഹത നേടിയി. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഈ കലാമേളയില്‍ കലാപ്രതിഭയെ നിര്‍ണയിക്കാന്‍ സാധിച്ചില്ല.

എറ്റവും കൂടുതല്‍ പോയന്റ് (174 പോയന്റ്) നേടി മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരായ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ”ഡെയ്‌ലി മലയാളം എവര്‍ റോളിംഗ് ട്രോഫി” സ്വന്തമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഈസ്‌റ് ആംഗ്‌ളിയ റീജിയന്‍ 154 പോയന്റ് നേടി തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണര്‍ അപ്പായി. സൗത്ത് ഈസ്‌റ് സൗത്ത് വെസ്‌റ് റീജിയന്‍ 139 പോയന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. ആദ്യമായി യുക്മ നാഷണല്‍ കലാമേളയില്‍ മികച്ച പങ്കാളിത്തം നടത്തിയ യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ നാലാം സ്ഥാനം നേടി മറ്റ് പ്രബല റീജണുകള്‍ക്ക് മുന്നിലെത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

എറ്റവും കൂടുതല്‍ പോയന്റ് നേടി യുക്മ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത് ഈസ്‌റ് ആംഗ്‌ളിയ റീജിയണിലെ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനാണ്. പങ്കെടുത്ത ഇനങ്ങളില്‍ എല്ലാം സമ്മാനം നേടിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സൗത്ത് ഈസ്‌റ് സൗത്ത് വെസ്‌റ് റീജിയണിലെ ഗ്‌ളോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനെ 2 പോയന്റിന് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കെസിഎ റെഡ്ഡിച്ച് 62 പോയന്റു നേടി മൂന്നാം സ്ഥാനത്തും ലെസ്‌റര്‍ കേരള കമ്യൂണിറ്റി 57 പോയന്റ് നേടി നാലാം സ്ഥാനത്തും എത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more