1 GBP = 104.06

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും നാണക്കേട്; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും നാണക്കേട്; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ലണ്ടന്‍: മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അദ്ഭുതമൊന്നും സംഭവിച്ചില്ല. മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനെത്തിയ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദത്തില്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ച ലിവര്‍പൂള്‍ ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയവുമായാണ് അവസാന നാലിലെത്തിയത്.

മത്സരം തുടങ്ങി ആദ്യ മൂന്നു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഒരു അദ്ഭുതം നടക്കുമെന്ന് എല്ലാവരും കരുതി, ലിവര്‍പൂളിന് സെമിയിലേക്കുള്ള വഴി എളുപ്പമാകില്ലെന്നും. മൂന്നാം മിനിറ്റില്‍ തന്നെ ബ്രസീല്‍ യുവതാരം ഗബ്രിയേല്‍ ജീസസ് ലിവര്‍പൂളിന്റെ വല ചലിപ്പിച്ചിതോടെയായിരുന്നു ഇത്. എന്നാല്‍ പിന്നീടങ്ങോട്ട് സിറ്റിയെ ചിത്രത്തിലേ ഇല്ലാതാക്കി ലിവര്‍പൂള്‍ പടയോട്ടം തുടങ്ങി.

രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ലക്ഷ്യം കണ്ടു. സാഡിയോ മാനെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പന്ത് കിട്ടിയത് സലാഹിന്റെ കാലിലായിരുന്നു. ഈജ്പ്ഷ്യന്‍ താരത്തിന് ലക്ഷ്യം തെറ്റിയില്ല. ലിവര്‍പൂള്‍ സിറ്റിയെ ഒപ്പം പിടിച്ചു. സീസണില്‍ സലാഹിന്റെ 39-ാം ഗോളായിരുന്നു അത്.

സമനില ഗോള്‍ വീണതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മതിച്ചു. പിന്നീട് 77-ാം മിനിറ്റില്‍ ഫെര്‍മീനോയിലൂടെ ലിവര്‍പൂള്‍ വിജയഗോളും കണ്ടെത്തി. സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയവും രണ്ടാം ഹോം പരാജയവുമാണിത്. അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ലിവര്‍പൂളിന് ആറാം കിരീടത്തിലെത്താന്‍ രണ്ട് വിജയങ്ങളുടെ ദൂരം മാത്രമേയുള്ളു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more