1 GBP = 103.91

ഹാരിയ്ക്കും മേഗനും രണ്ടാമത്തെ കുഞ്ഞു പിറന്നു; ‘ലിലിബെറ്റ് ഡയാനയ്ക്ക്’ ആശംസകൾ നേർന്ന് രാജകുടുംബം

ഹാരിയ്ക്കും മേഗനും രണ്ടാമത്തെ കുഞ്ഞു പിറന്നു; ‘ലിലിബെറ്റ് ഡയാനയ്ക്ക്’ ആശംസകൾ നേർന്ന് രാജകുടുംബം

ലണ്ടൻ: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. ഓമനക്കുഞ്ഞിന് ഇരുവരും പേരിട്ടത് മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ ഓർമയിൽ. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ–വിൻസർ എന്നാണു കുഞ്ഞിനു പേരിട്ടത്. ‘ലിലി’ എന്ന് ഓമനപ്പേര്. ഹാരി–മേഗൻ ദമ്പതിമാരുടെ പ്രസ് സെക്രട്ടറിയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ച രാവിലെ 11.40നായിരുന്നു ലിലിയുടെ ജനനം.

യുഎസിലെ കലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചതെന്നും പ്രസ് സെക്രട്ടറി അറിയിച്ചു. എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്. ഇതോടൊപ്പം കുഞ്ഞിന്റെ അമ്മൂമ്മയും ഹാരിയുടെ മാതാവുമായ ഡയാനയുടെ പേരും ചേർക്കുകയായിരുന്നു. ബ്രിട്ടിഷ് രാജകുടുംബവുമായുള്ള ബന്ധമറുത്ത ഹാരിയും മേഗനും 2020ൽ യുഎസിലേക്കു താമസം മാറ്റിയിരുന്നു. നടി കൂടിയായ മേഗൻ വളർന്ന നാടാണ് ലൊസാഞ്ചലസ്. 2018 മേയ് 19നാണ് ഇരുവരും വിവാഹിതരായത്.

കുഞ്ഞു ലിലിയുടെ ജനനവാർത്ത ബക്കിങ്ഹാം കൊട്ടാരവും സ്വാഗതം ചെയ്തു. സന്തോഷ വാർത്ത രാജ്ഞിയേയും രാജകുടുംബാംഗങ്ങളെയും അറിയിച്ചെന്ന് കൊട്ടാര വക്താവ് അറിയിച്ചു. ഹാരിക്കും മേഗനും ആർച്ചിക്കും ആശംസകൾ നേർന്ന് കേംബ്രിഡ്ജ് ഡ്യൂക്കും ഡച്ചസും ട്വീറ്റ് ചെയ്തു.

ബ്രിട്ടിഷ് രാജകുടുംബത്തിൽനിന്നു നേരിട്ട അവഗണനയും വിവേചനവും തുറന്നു പറഞ്ഞ മേഗന്റെ അഭിമുഖം അടുത്തിടെ വൻ വിവാദമായിരുന്നു. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രിക്കു നൽകിയ അഭിമുഖത്തിലാണ് കൊട്ടാരജീവിതത്തെപ്പറ്റി മേഗൻ തുറന്നടിച്ചത്. ആദ്യത്തെ മകനായ രണ്ടു വയസ്സുകാരൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു അവകാശവും ഉണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞ മേഗൻ അവൻ ജനിക്കുന്നതിനു മുൻപുതന്നെ കൊട്ടാരത്തിൽനിന്നു വർണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി. 1997ൽ മരണത്തിനു മുൻപ് അമ്മ ഡയാന രാജകുമാരിക്കു സംഭവിച്ചത് മേഗനും സംഭവിക്കുകയാണോ എന്നു പോലും തോന്നിയെന്നാണ് അന്ന് ഹാരി പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more