1 GBP = 103.12

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകം: രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകം: രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 നാണ് പനത്തുറ കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയത് ഉമേഷും ഉദയനും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന രാസപരിശോധനാ ഫലങ്ങളും പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നുണ്ട്. യുവതിയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റേതാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവതിയെ പ്രതികള്‍ രണ്ട് പേരും ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്. മയക്കുമരുന്ന് നല്‍കിയ ശേഷം ഇരുവരും മാറി മാറി പീഡിപ്പിച്ചു. വിഷാദരോഗത്തിന് ചികിത്സതേടിയാണ് ലാത്വിയന്‍ സ്വദേശിനി കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 14 നാണ് യുവതിയെ കാണാതായത്. അന്നുതന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കാണാതായ ദിവസം യുവതി ഓട്ടോറിക്ഷയില്‍ കോവളത്തെ ഗ്രോവ് ബീച്ചിലെത്തി. ഇവിടെ നിന്ന് പനത്തുറ ക്ഷേത്രത്തിലേക്ക് പോയി. ഇവിടെ വെച്ചാണ് പ്രതികള്‍ യുവതിയെ കാണുന്നത്. മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഫൈബര്‍ ബോട്ടില്‍ മൂവരും വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തി.

ഇവിടെ വെച്ച് മയക്കുമരുന്ന് നല്‍കി. ഉറക്കത്തിലായ യുവതിയെ ആദ്യം ഉമേഷ് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഉദയനും പീഡിപ്പിച്ചു. ബോധം തെളിഞ്ഞ യുവതിയെ വീണ്ടും പീഡിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇത് ചെറുത്തതോടെ ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more