1 GBP =
breaking news

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ചീട്ടുകളി സംഘത്തെ കസ്‌റ്റഡിയിലെടുത്തെന്ന് സൂചന

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ചീട്ടുകളി സംഘത്തെ കസ്‌റ്റഡിയിലെടുത്തെന്ന് സൂചന

തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ട കോവളം വാഴമുട്ടത്തെ കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിൽ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘം പൊലീസ് കസ്റ്റഡിയിലായെന്ന് സൂചന. പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള സ്ഥലമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഈ പ്രദേശം അരിച്ചുപെറുക്കിയിരുന്നു. ഏറെ പഴക്കമില്ലാത്ത ഭക്ഷണവും വെള്ളക്കുപ്പികളും സിഗരറ്റ് കുറ്റികളും അവിടെ നിന്ന് ലഭിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുൻപ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്ഥിരമായെത്തുന്ന ചീട്ടുകളി സംഘം പിടിയിലായതെന്നാണ് സൂചന. ഇവർക്ക് ഏതെങ്കിലും തരത്തിൽ ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യാ സാദ്ധ്യത മാത്രമല്ല, എല്ലാ വശങ്ങളും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പോത്തൻകോട്ടെ ഓട്ടോഡ്രൈവർ ഷാജിയുടെ ഓട്ടോറിക്ഷയിൽ മാർച്ച്14ന് കോവളം ഗ്രോവ് ബീച്ചിൽ ലിഗ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മറ്റിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലിഗയെ കണ്ടെത്താനായിട്ടില്ല.

1500രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ ഓട്ടോറിക്ഷാക്കൂലിയായി 800രൂപ നൽകി. ബീച്ചിനടുത്തു നിന്ന് ചൈനാനിർമ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. ഈ ജാക്കറ്റ് വിറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമുദ്രബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് നിഗമനം. വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വള്ളം തുഴഞ്ഞും എത്താമെന്നതിനാൽ മറ്റാരെങ്കിലും കൂട്ടിക്കൊണ്ടു വന്നതാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇവിടത്തെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് പൊലീസിന് തലവേദനയാണ്. ലിഗ ധരിച്ചിരുന്ന ചെരുപ്പിനെക്കുറിച്ച് അവ്യക്തതയുണ്ട്. ലിഗയുടെ ചെരുപ്പ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹ പരിശോധനയിൽ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറയുന്നു. ശരീരത്തിലെ എല്ലുകളോ ഞരമ്പുകളോ മുറിഞ്ഞതിന്റെ ലക്ഷണമില്ല. കുത്തോ ക്ഷതമോ മുറിവുകളോ ഇല്ല. ആന്തരികാവയവങ്ങളിവും പരിക്കിന്റെ പാടുകളില്ല. വസ്ത്രങ്ങളെല്ലാം ശരിയായി തന്നെയുണ്ട്. മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളില്ല. വള്ളിപ്പടർപ്പുകളിൽ തൂങ്ങിയ നിലയിൽ നിലത്തുമുട്ടിയിരുന്ന മൃതദേഹത്തിൽ തലയും പാദവുമുണ്ടായിരുന്നില്ല. അടുത്തുനിന്ന് തല കിട്ടിയെങ്കിലും ഒരു പാദം കണ്ടെത്താനായിട്ടില്ല. മൃതദേഹം ജീർണിച്ചപ്പോഴാവാം തല വേർപെട്ടത്. തെരുവുപട്ടികളോ മറ്റ് മൃതങ്ങളോ ശരീരഭാഗങ്ങൾ കടിച്ചെടുത്തതായാണ് പൊലീസ് നിഗമനം. ഒതളങ്ങ ചെടികൾ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടതെന്നതിനാൽ ലിഗ ഇത് ഭക്ഷിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒതളങ്ങ ശേഖരിച്ച് പൊലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ലാബിലെ ഫലം വന്നാലേ ഇതാണോ മരണകാരണമെന്ന് വ്യക്തമാവൂ. ശാസ്ത്രീയ പരിശോധനകളിലൂടെ ലിഗയുടേത് കൊലപാതകമല്ലെന്ന് ഉറപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

”എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണ്. ഓട്ടോഡ്രൈവർ പറയുന്നതിൽ ദുരൂഹതയില്ല. അതിനേക്കാൾ സംശയകരമായ ചില വസ്തുതകൾ പരിശോധിക്കുകയാണ്”
അന്വേഷണ സംഘം

Post Your Comments Here ( Click here for malayalam )

Press Esc to close
show more