1 GBP = 103.85

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പാട്ടിന്റെ പാലാഴി തീർത്ത് ബർണാർഡ്, ബനഡിക്ട്, ആകാഷ്, ആഷിഷ്, സാൻസിയ, മറീന എന്നീ കൌമാര പ്രതിഭകൾ …. ആസ്വാദകർക്ക് ആവേശമായി ആഗസ്റ്റിലെ ആദ്യ ലൈവ് …..

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പാട്ടിന്റെ പാലാഴി തീർത്ത് ബർണാർഡ്, ബനഡിക്ട്, ആകാഷ്, ആഷിഷ്, സാൻസിയ, മറീന എന്നീ കൌമാര പ്രതിഭകൾ …. ആസ്വാദകർക്ക് ആവേശമായി ആഗസ്റ്റിലെ ആദ്യ ലൈവ് …..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയത് യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ, ബർമിംഗ്ഹാം BCMC എന്നിവയിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു, ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ, സാൻസിയ സാജു, മറീന ബിജു എന്നീ കൌമാര പ്രതിഭകളാണ്. ബർണാർഡ്, ആകാഷ്, ആഷിഷ് എന്നിവർ കീബോർഡിലും ബനഡിക്ട് റിഥം പാഡിലും അതിമനോഹരമായി പെർഫോം ചെയ്തപ്പോൾ സാൻസിയയും മറീനയും ഏറെ മനോഹാരിതയോടെ ഗാനങ്ങൾ ആലപിച്ചു.


“ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും” എന്ന ഭക്തിഗാനം പാടി സാൻസിയ ലൈവ് ആരംഭിച്ചപ്പോൾ ആകാഷും ആഷിഷും കീബോർഡിലും ബനഡിക്ട് റിഥം പാഡിലും കൂട്ട് ചേർന്നു. “പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി” എന്ന ഏറെ പ്രശസ്തമായ ഗാനം കീബോർഡിലും റിഥം പാഡിലുമായി വായിച്ചപ്പോൾ “ആകാശങ്ങളിലിരിക്കും ഞങ്ങടെ” എന്ന അനശ്വര ഗാനമാണ് മറീന തുടർന്ന് പാടിയത്. മർജാവാൻ എന്ന ഹിന്ദി സിനിമയിലെ “തും ഹി ആനാ” എന്ന സൂപ്പർ ഡ്യൂപ്പർ ഗാനം ബർണാർഡും ആകാഷും ബനഡിക്ടും ചേർന്ന് ശ്രുതി മധുരമായി  വായിച്ചപ്പോൾ, ആക്‌ഷൻ ഹീറോ ബിജു എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലെ അതിപ്രശസ്തമായ “പൂക്കൾ പനിനീർ പൂക്കൾ” എന്ന ഗാനം ബനഡിക്ടും ആഷിഷും ചേർന്ന് പാടി.

 
ഫാ.ഷാജി തുമ്പേച്ചിറയുടെ പ്രശസ്തമായ “അമ്മേ അമ്മേ തായേ” എന്ന ഗാനം സാൻസിയയും മറീനയും ചേർന്ന് ഭംഗിയായി ആലപിച്ചപ്പോൾ “ആയിരം കണ്ണുമായ്” എന്ന ഗാനം പാടി ആഷിഷ് പ്രേക്ഷക മനസ്സുകളിൽ കുടിയേറി. “നാഥാ നിന്നെ കാണാൻ” മറീന പാടിയപ്പോൾ പ്രേക്ഷകരുടെ ആവശ്യപ്രകാരം “ജറുശലേം നായകാ” എന്ന ഗാനം സാൻസിയ പാടി. അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്” എന്ന ഗാനവുമായി മറീന എത്തിയപ്പോൾ “കണ്ണാം തുമ്പീ പോരാമോ” എന്ന ഹിറ്റ് ഗാനമാണ് സാൻസിയ തുടർന്ന് പാടിയത്. സാൻസിയയും മറീനയും ചേർന്ന് അതിസുന്ദരമായി പാടിയ മെഡ്ലേയായിരുന്നു ലൈവിൽ അടുത്തത്. ലൈവിൽ പങ്കെടുത്ത ആറ് കുട്ടികളുടേയും ഗുരുവും, ബർണാർഡ്, ബനഡിക്ട് എന്നിവരുടെ പിതാവും, യു കെ യിലെ അറിയപ്പെടുന്ന മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിൽ തന്റെ വയലിനുമായി കുട്ടികളോടൊപ്പം ചേർന്ന് വായിച്ച “രാജാക്കൻമാരുടെ രാജാവ്” എന്ന ഗാനം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തുടർന്ന് ബിജുവിന്റെ തന്നെ നേതൃത്വത്തിൽ ദേശീയഗാനം വായിച്ച് ലൈവ് അവസാനിപ്പിക്കുമ്പോഴും വന്ന് കൊണ്ടിരുന്ന അനുമോദന കമന്റുകൾ ഷോ ആസ്വാദക മനസ്സുകളിൽ ചേക്കേറി എന്നതിന്റെ തെളിവായി.  ” ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ലൈവ് ഷോയിലൂടെ “Let’s Break It Together” ആസ്വാദകരുടെ പ്രിയ താരങ്ങളായി മാറിക്കഴിഞ്ഞു ഈ ആറ് കലാ പ്രതിഭകൾ.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന മാതാപിതാക്കൾ ബിജു കൊച്ചുതെള്ളിയിൽ – ബീന ബിജു, സെബാസ്റ്റ്യൻ വർക്കി – സാലി സെബാസ്റ്റ്യൻ, സാജു വർഗ്ഗീസ് – ഷീബ സാജു, ബിജു അബ്രാഹം – ജെസ്സി ബിജു എന്നിവർ കുട്ടികൾക്ക് വേണ്ടി മാത്രമായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളുടെ കലാപരമായ വാസനകളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു.

 പഠനത്തോടൊപ്പം സംഗീത ലോകത്തും കഴിവ് തെളിയിക്കുന്ന  ബർണാർഡ്, ബനഡിക്ട്, ആകാഷ്, ആഷിഷ്, സാൻസിയ, മറീന എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ലൈവ് ഷോയിൽ അവതാരികയായി എത്തിയ ചിപ്പി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അൽവിന തന്റെ റോൾ അതീവ ഭംഗിയോടെ നിർവ്വഹിച്ചതിലൂടെ ആസ്വാദകരുടെ അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങി. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 08/08/2020 ശനി വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more