1 GBP = 103.12

മലയാളികളുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ നിറഞ്ഞാടി സ്വരൂപ് മേനോനും ശ്രേയ മേനോനും …. രാഗ സന്ധ്യയിൽ താളമേള വിസ്മയം തീർത്ത് ഈസ്റ്റ്ഹാമിന്റെ വർണ്ണശലഭങ്ങൾ….

മലയാളികളുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ നിറഞ്ഞാടി സ്വരൂപ് മേനോനും ശ്രേയ മേനോനും …. രാഗ സന്ധ്യയിൽ താളമേള വിസ്മയം തീർത്ത് ഈസ്റ്റ്ഹാമിന്റെ വർണ്ണശലഭങ്ങൾ….

കുര്യൻ ജോർജ്ജ്

 (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയത് സപ്തസ്വരങ്ങളാൽ പാട്ടിന്റെ മാസ്മരികത തീർത്ത, ഈസ്റ്റ്ഹാമിൽ നിന്നുള്ള സഹോദരങ്ങൾ സ്വരൂപും ശ്രേയയുമാണ്. കീബോർഡ്, ചെണ്ട, മൃദംഗം എന്നീ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ സ്വരൂപും ശ്രേയയും ആസ്വാദകർക്കായി തീർത്തത് ആലാപന മികവിന്റെ സുന്ദര നിമിഷങ്ങൾ.


കീബോർഡിൽ സ്വരൂപ് വായിച്ച ദേവ സ്തുതിയോടെ തുടങ്ങിയ ലൈവ്,  “ഫർ എലൈസ്” എന്ന ബീഥോവൻ മ്യൂസിക്കിലേക്ക് കടന്നപ്പോൾ തന്നെ പ്രേക്ഷകർ ആവേശഭരിതരായി. ഇളയരാജ – എസ്സ് പി ബി കൂട്ടുകെട്ടിൽ പിറന്ന “ഇളയ നിലാ” എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം സ്വരൂപ് കീബോർഡിൽ വായിച്ചത് അതി മനോഹരമായിരുന്നു. തുടർന്ന് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കീബോർഡിൽ വായിച്ചും പാടിയും പ്രേക്ഷകരെ കയ്യിലെടുത്ത സ്വരൂപ് “ശ്രീലതികകൾ” എന്ന ഗാനം ചെണ്ടയിൽ വായിച്ചത് അതീവ ഹൃദ്യമായിരുന്നു. യു കെയിലെ പ്രശസ്ത ഗായകനായ രാജേഷ് രാമനാണ് ഈ ഗാനം സ്വരൂപിന് വേണ്ടി ട്രാക്ക് പാടിയത്.

LET’S BREAK IT TOGETHER – ൽ സ്വരൂസ് മേനോനും ശ്രേയാ മേനോനും നടത്തിയ അത്യുജ്ജല പ്രകടനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


നോർവീജിയൻ ഗായകൻ അലൻ വാൾക്കറിന്റെ “ഫെയ്ഡഡ്” എന്ന ഗാനം ശ്രേയ ശ്രുതി മധുരമായി ആലപിച്ചപ്പോൾ ” ക്യാ ഹുവാ തേരാ വാദാ” എന്ന നൊസ്റ്റാൾജിക് ഗാനം സ്വരൂപും ശ്രേയയും ചേർന്ന് പാടി. തുടർന്ന് “കണ്ണാന കണ്ണേ”,  “പൂമുത്തോളേ” “മന്ദാര ചെപ്പുണ്ടോ”, “ജാനം ജാനം” എന്നീ സൂപ്പർ ഡ്യൂപ്പർ ഗാനങ്ങൾ കീബോർഡിൽ വായിച്ച സ്വരൂപ് പിന്നീട് വായിച്ചത് ” ഫെയറി ടെയിൽ” എന്ന ഏറെ പ്രശസ്തമായ ജാപ്പനീസ് ആനിമേഷൻ സോങ്ങാണ്. “ഗുലേബ” എന്ന തമിഴ് അടിപൊളി ഗാനം കീബോർഡിൽ വായിച്ചതിനെ തുടർന്ന് സ്വരൂപ് അഞ്ച് മിനിറ്റ് നീണ്ട് നിന്ന മൃദംഗവാദനത്തിലേക്ക് കടന്നു. മൃദംഗത്തിൽ തന്റെ വൈഭവം പ്രകടമാക്കിയ സ്വരൂപ് തുടർന്ന് ശ്രേയയോടൊപ്പം ” ദ ജവാനി സോങ്” എന്ന ഹിന്ദി ഗാനം പാടി ഷോ അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ നിലയ്ക്കാത്ത ആശംസാ പ്രവാഹമായിരുന്നു ലൈവിൽ വന്ന് കൊണ്ടിരുന്നത്. താൻ നല്ലൊരു ഗായിക മാത്രമല്ല നല്ലൊരു അവതാരകയും കൂടിയാണെന്ന് തെളിയിച്ച കൊച്ച് ശ്രേയ ആസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കി എന്നതിന്റെ തെളിവായി ലൈവിലെ കമന്റുകൾ. പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ ആൽബർട്ട് വിജയന്റെ ശിക്ഷണത്തിൽ കീബോർഡും ലണ്ടനിലെ പ്രമുഖ മേള വിദ്വാൻ വിനോദ് നവധാരയുടെ കീഴിൽ ചെണ്ടയും മൃദംഗവും പരിശീലിക്കുന്ന സ്വരൂപും ഇതിനോടകം വേദികളുടെ ആകർഷണമായി മാറിക്കഴിഞ്ഞ ശ്രേയയും “Let’s Break It Together” ആസ്വാദകരുടെ പ്രിയ താരങ്ങളായി മാറിക്കഴിഞ്ഞു.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന മാതാപിതാക്കൾ ഷൈജു ഉണ്ണികൃഷ്ണനും സൌമ്യ ഷൈജുവും കുട്ടികൾക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളുടെ കലാപരമായ വാസനകളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു. പഠനത്തോടൊപ്പം കലാ കായിക മേഖലകളിലും മികവ് പ്രകടിപ്പിക്കുന്ന സഹോദരങ്ങൾ സ്വരൂപ് മേനോനും ശ്രേയ മേനോനും യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 04/08/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more