1 GBP = 104.12

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ സപ്ത സ്വരങ്ങളാൽ മാസ്മരികത തീർത്ത്, പൂരാട നാളിൽ പാട്ടിന്റെ പൂരമായ് വെയിൽസിലെ ന്യൂ പോർട്ടിൽ നിന്നും പൂജ, ആതിര സഹോദരിമാർ സംഗീതാസ്വാദകരുടെ മനസ്സിനെ തൊട്ടുണർത്തി സംഗീത സാന്ദ്രമാക്കി…..

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ സപ്ത സ്വരങ്ങളാൽ മാസ്മരികത തീർത്ത്, പൂരാട നാളിൽ പാട്ടിന്റെ പൂരമായ് വെയിൽസിലെ ന്യൂ പോർട്ടിൽ നിന്നും പൂജ, ആതിര സഹോദരിമാർ സംഗീതാസ്വാദകരുടെ മനസ്സിനെ തൊട്ടുണർത്തി സംഗീത സാന്ദ്രമാക്കി…..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ  ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ വെയിൽസിലെ ന്യൂപോർട്ടിൽ നിന്നുള്ള സഹോദരിമാർ പൂജ മധുമോഹനും ആതിര മധുമോഹനും ചേർന്നൊരുക്കിയത് ആലാപന മികവിന്റെ സുന്ദര നിമിഷങ്ങൾ. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സൂപ്പർ ഹിറ്റ്  ഗാനങ്ങൾ കുട്ടികൾ പാടിയത് ആസ്വാദകർ നെഞ്ചോട് ചേർത്തു. “Let’s Break It Together” ലൈവ്ഷോയുടെ മുപ്പതാമത് ലൈവായിരുന്നു ഇന്നലെ നടന്നത്. 


“നഗുമോമു ഗനലേനി” എന്ന ത്യാഗരാജ സ്വാമികളുടെ കീർത്തനം പൂജയും ആതിരയും ചേർന്ന് പാടി ആരംഭിച്ച ഷോയിൽ “മാവേലി നാട് വാണീടും കാലം” എന്ന ഓണപ്പാട്ടാണ് പൂജ തുടർന്ന് പാടിയത്. മൂന്നാംപക്കം സിനിമയിലെ “ഉണരുമീ ഗാനം” പൂജ വളരെ ഭംഗിയായി വയലിനിൽ വായിച്ചപ്പോൾ സത്യം ശിവം സുന്ദരം സിനിമയിലെ “സത്യം ശിവം സുന്ദരം” എന്ന ഗാനം അതി മനോഹരമായി  ആലപിച്ച ആതിര പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കി. മൊഹബ്ബത്തേൻ എന്ന ഹിന്ദി ചിത്രത്തിലെ “ഹംകോ ഹമീസേ ചുരാ ലോ” എന്ന സൂപ്പർ ഡ്യൂപ്പർ ഗാനം പൂജ ഏറെ ഭംഗിയോടെ വയലിനിൽ വായിച്ചപ്പോൾ ശേഷം കാഴ്ചയിൽ എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ “മോഹം കൊണ്ട് ഞാൻ ദൂരെ ഏതോ” എന്ന ഗാനം പാടി ആതിര തിളങ്ങി. മൂന്നാംപിറ എന്ന കമലഹാസൻ ചിത്രത്തിലെ “കണ്ണേ കലൈമാനേ” എന്ന സുപ്രസിദ്ധ ഗാനം പൂജ വയലിനിൽ അതി സുന്ദരമായി വായിച്ചപ്പോൾ ഗുഡ്ഡി എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി വാണി ജയറാം അതി മനോഹരമായി പാടിയ “ബോലേരെ പപ്പിഹരാ” എന്ന ഗാനം ആതിര വളരെ മനോഹരമായി പാടി. 


ബോംബെ എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ “ഉയിരേ ഉയിരേ” പൂജ വയലിനിൽ അതി സുന്ദരമായി വായിച്ചതിനെ തുടർന്ന് കളഭം എന്ന ചിത്രത്തിലെ “ദേവ സന്ധ്യാ ഗോപുരത്തിൽ” എന്ന രവീന്ദ്രൻ മാഷിന്റെ മനോഹര ഗാനം ആതിര പാടി. “കൊഞ്ചി കരയല്ലേ”, “മലരേ മൌനമായ്”, “ഇന്നുമെന്റെ കണ്ണുനീരിൽ” എന്നീ ഹിറ്റ് ഗാനങ്ങൾ പൂജ ഏറെ മനോഹാരിതയോടെ വയലിനിൽ വായിച്ചപ്പോൾ “കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ”, “മൈനാകംകടലിൽ നിന്നുയരുന്നുവോ” എന്നീ ഗാനങ്ങൾ മനോഹരമായി പാടി ആതിര ശ്രദ്ധ നേടി. പൂജ വയലിനിൽ വായിച്ച് ആതിര പാടിയ “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ” എന്ന ഗാനം സംഗീതാസ്വാദകരുടെ ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്ന ഒന്നായി മാറി. പൂജ, ആതിര സഹോദരിമാർ ചേർന്നവതരിപ്പിച്ച രണ്ട് മണിക്കൂറോളം നീണ്ട് നിന്ന പൂരാട ദിന പ്പെഷ്യൽ ലൈവ് ആദ്യവസാനം ഏറെ ഹൃദ്യമായ ഒരനുഭവമായിരുന്നു.

പൂജ, ആതിര സഹോദരിമാർ Let’s Break It Together ൽ നടത്തിയ കലാപ്രകടനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 ഓണപ്പാട്ടുകളോടൊപ്പം ഏറെ പ്രശസ്തങ്ങളായ സൂപ്പർ ഹിറ്റ് ഗാനങ്ങളും കോർത്തിണക്കി പൂജയും ആതിരയും അവതരിപ്പിച്ച  ലൈവ്ഷോ പ്രേക്ഷകർ ഹൃദയങ്ങളിൽ ഏറ്റ് വാങ്ങി എന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് കമന്റുകൾ.ലൈവിൽ അവതാരകയായി വന്ന, പൂജയുടേയും ആതിരയുടേയും അമ്മയും ഗുരുവും കൂടിയായ ജിഷ മധുമോഹൻ  തന്റെ റോൾ വളരെ ഭംഗിയായി നിർവ്വഹിക്കുകയും മക്കളോടൊപ്പം ചേർന്ന് ലൈവിലെ അവസാന ഗാനമായ “ഉത്രാട പൂനിലാവേ വാ” അതി മനോഹരമായി പാടി പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
അനുപമ സംഗീത ലഹരിയിൽ ആസ്വാദകരെ ആറാടിച്ച ഈ കൌമാര  പ്രതിഭകളുടെ  പ്രകടനം ഇതിനോടകം ആയിരക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു.

 “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞ ജിഷ, ഉപകരണസംഗീതം പരിശീലിക്കുന്ന  കുട്ടികൾക്കായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കി കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും പിന്തുണക്കുവാനും യുക്മ നേതൃത്വം കാണിക്കുന്ന ആർജ്ജവത്തെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.

സംഗീതലോകത്ത് മികവിന്റെ പ്രഭാപൂരങ്ങളായി മാറാനൊരുങ്ങുന്ന പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ സമാപന ലൈവ്, തിരുവോണദിന സ്പെഷ്യൽ ഷോ  31/08/2020 തിങ്കൾ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. 


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ “ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ്  (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more