1 GBP = 103.97

സേവന വഴികളിലെ പ്രകാശഗോപുരങ്ങൾക്ക് സ്നേഹ സംഗീതോത്സവമായി പാടിത്തകർത്ത് ബർമിങ്ഹാമിലെ കെവിൻ തോമസ് – ബെനീറ്റ തോമസ് സഹോദരങ്ങൾ….

സേവന വഴികളിലെ പ്രകാശഗോപുരങ്ങൾക്ക് സ്നേഹ സംഗീതോത്സവമായി പാടിത്തകർത്ത് ബർമിങ്ഹാമിലെ കെവിൻ തോമസ് – ബെനീറ്റ തോമസ് സഹോദരങ്ങൾ….

കുര്യൻ ജോർജ്ജ് .(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ കാണികൾക്ക് മുന്നിൽ വാദ്യഘോഷങ്ങളുടെ സംഗീതോത്സവം തീർത്ത് ബർമിങ്ഹാമിലെ കെവിൻ തോമസ്സും ബെനീറ്റ തോമസ്സും. “ലോർഡ് ഐ നീഡ് യു” എന്ന ഇംഗ്ളീഷ് ഭക്തി ഗാനം പിയാനോയിൽ വായിച്ച് കൊണ്ട് കെവിൻ ഷോയ്ക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ ഷോയുടെ അവസാനം വരെ  വളരെ ആവേശകരമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു മണിക്കൂർ നീണ്ട് നിന്ന ഷോയിലുടനീളം കെവിൻ പിയാനോയിലും ബെനീറ്റ വയലിനിലും തീർത്തത് വാദ്യ സംഗീതത്തിന്റെ അസുലഭ നിമിഷങ്ങളായിരുന്നു. പിയാനോയിൽ കെവിൻ മാസ്മരികത തീർത്തപ്പോൾ വയലിൻ വായിച്ച് കൊണ്ട് തന്റെ ന്നുന്ദര ശബ്ദത്തിൽ ബെനീറ്റ മലയാളം, ഇംഗ്ളീഷ്, തമിഴ്, ഹിന്ദി സിനിമകളിലെ പ്രശസ്ത ഗാനങ്ങൾ പാടിയത് പ്രേക്ഷകരുടെ കാതിൽ തേൻ മഴയായ് പെയ്തിറങ്ങി.


“കൂടെ” എന്ന മലയാളം സിനിമയിലെ “ആരാരോ” എന്ന ഗാനം വയലിൻ വായിച്ച് കൊണ്ട് ബെനീറ്റ അതി മനോഹരമായി പാടിയപ്പോൾ പിയാനോയിൽ കെവിനും കൂട്ട്  ചേർന്നു. കെവിന്റെയും ബെനീറ്റയുടേയും ഇളയ സഹോദരി ഡെൽന  “മേലേ മേലേ മാനം” എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് കൊണ്ട് ഷോയിലെ മിന്നും താരമായി. തുടർന്ന് ജോൺസൺ മാഷിന്റെ ഏറെ പ്രശസ്തമായ “ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം” എന്ന ഗാനം ബെനീറ്റ പാടിയപ്പോൾ തികച്ചും അപ്രതീക്ഷിതമായി പിതാവ് തോമസ് കൂടെ ചേർന്ന് പാടിയത് പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിക് ബാൻഡ് “തൈക്കൂടം ബ്രിഡ്ജ്” ന്റെ Kappa T V കവർ സോങ്”നൊസ്റ്റാൾജിയ”, ബെനീറ്റ അതിന്റെ മുഴുവൻ വശ്യതയോടും കൂടി പാടിയപ്പോൾ കെവിൻ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന വിധത്തിൽ പിയാനോയിലൂടെ പിന്തുണ നൽകി. പിയാനോയിൽ ദേശീയഗാനം വായിച്ച് കെവിൻ ഷോ അവസാനിപ്പിച്ചപ്പോൾ ലൈവിൽ വന്ന മാതാപിതാക്കൾ തോമസ് ജോസഫും  ഷീബ തോമസ്സും കുട്ടികളുടെ കലാപരമായ അഭിരുചികൾ വളർത്തുവാനും പ്രചോദിപ്പിക്കുവാനുമായി ഇതു പോലുള്ള പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു.

പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, കായിക മേഖലയിലും ഒരു പോലെ തിളങ്ങുന്ന കെവിൻ, ബെനീറ്റ, ഡെൽന സഹോദരങ്ങൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ആശംസകളും നേരുന്നു..“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more