1 GBP =
breaking news

ലെസ്റ്ററിൽ മലയാളിയുടെ കടയിൽ തോക്കുമായെത്തിയ മോഷ്ടാവിനെ കടയുടമ ധീരമായി നേരിട്ട് കീഴ്‌പ്പെടുത്തി പോലീസിലേൽപ്പിച്ചു; സിബു കുരുവിള താരമായത് കരാട്ടെ പാഠങ്ങൾ പകർന്ന് നൽകിയ കരുത്തിൽ

ലെസ്റ്ററിൽ മലയാളിയുടെ കടയിൽ തോക്കുമായെത്തിയ മോഷ്ടാവിനെ കടയുടമ ധീരമായി നേരിട്ട് കീഴ്‌പ്പെടുത്തി പോലീസിലേൽപ്പിച്ചു; സിബു കുരുവിള താരമായത് കരാട്ടെ പാഠങ്ങൾ പകർന്ന് നൽകിയ കരുത്തിൽ

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ലെസ്റ്റര്‍ എവിംഗ്ടണില്‍ സ്വന്തമായി പ്രീമിയര്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തുന്ന സിബുവിന്റെ കടയിലാണ് തോക്കുധാരിയായ മോഷ്ടാവ് പണം ആവശ്യപ്പെട്ട് എത്തിയത്. തികച്ചും യാദൃശ്ചികമായി കടയിലെത്തിയ സിബു രക്ഷകനായത് കടയിലെ ജീവനക്കാരനായ നജീബിനും.
ക്രിസ്തുമസ് രാത്രി ആയതിനാല്‍ വീടിന് സമീപത്തുള്ള ഹോളി ക്രോസ്സ് പള്ളിയില്‍ പോയി കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ പോകാന്‍ ഒരുങ്ങിയ സിബു നജീബിനെ സഹായിക്കാൻ കടയിലേക്ക് കയറിയതായിരുന്നു. ഭാര്യ ദീപ ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ ഒന്‍പതും ആറും വയസ്സുള്ള രണ്ട് കുട്ടികളും സിബുവിന്‍റെ കൂടെ ഉണ്ടായിരുന്നു.

ഷോപ്പ് അടയ്ക്കുന്നതിന് മുന്നോടിയായി പത്രങ്ങളും മാഗസിനും ഒക്കെ തരംതിരിക്കുകയായിരുന്നു സിബു. അപ്പോഴാണ്‌ ക്യാഷ് കൗണ്ടറിന് സമീപത്ത് നിന്നും ഉച്ചത്തില്‍ ഉള്ള ആക്രോശം സിബു കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മുഖം മൂടിധാരി ക്യാഷ് കൗണ്ടറില്‍ നില്‍ക്കുന്ന നജീബ് നസീറിനു നേരെ തോക്ക് ചൂണ്ടി അലറുന്നു. നസീറിന്‍റെ നേരെ തോക്ക് ചൂണ്ടിയ അക്രമിയുടെ ആവശ്യം പണമായിരുന്നു. ഉച്ചത്തില്‍ ആക്രോശിച്ച് കൊണ്ട് നിന്ന അക്രമിയോട് താനാണ് ഷോപ്പുടമ എന്നും പണം താന്‍ നല്‍കാം സ്റ്റാഫിനെ ഉപദ്രവിക്കരുത് എന്നും സിബു പറഞ്ഞു. ഒപ്പം കുട്ടികളോട് ഓടി ഓഫീസ് റൂമില്‍ കയറി കതകടയ്ക്കാനും ആവശ്യപ്പെട്ടു.

കുട്ടികള്‍ സുരക്ഷിതരായി ഓഫീസ് റൂമില്‍ എത്തിയെന്ന് കണ്ട സിബു പണം എടുത്ത് കൊടുക്കാനെന്ന വ്യാജേന കൗണ്ടറിന് സമീപത്തേക്ക് എത്തുകയും പണം നല്‍കുന്നതിനിടയില്‍ കിട്ടിയ അവസരം മുതലാക്കി അക്രമിയെ കീഴടക്കുകയുമായിരുന്നു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ധാരിയായ സിബുവിന് ആദ്യ ശ്രമത്തില്‍ തന്നെ അക്രമിയുടെ കയ്യിലെ തോക്ക് കയ്യടക്കാനായത് തുണയായി. തുടര്‍ന്ന് നജീബിന്‍റെ കൂടി സഹായത്തോടെ സിബു അക്രമിയെ കീഴടക്കുകയായിരുന്നു. അഞ്ച് മിനിട്ടിലധികം നീണ്ടു നിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ ആണ് അക്രമിയെ കീഴ്പ്പെടുത്തി തറയില്‍ കിടത്താന്‍ സിബുവിന് കഴിഞ്ഞത്.

അക്രമി തന്‍റെ കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കണ്ടതിന് ശേഷമാണു സിബു ഫോണ്‍ വിളിച്ച് പോലീസിനെ വരുത്തുന്നതും പോലീസ് എത്തി അക്രമിയെ കസ്റ്റഡിയില്‍ എടുക്കുന്നതും. സിബു അക്രമിയുമായി നടത്തുന്ന മല്‍പ്പിടുത്തം മുഴുവന്‍ ഓഫീസ് റൂമിലെ സിസി ടിവി ക്യാമറയില്‍ കൂടി ലൈവ് ആയി കണ്ടു കൊണ്ടിരുന്ന കുട്ടികള്‍ ഭയചകിതരായിരുന്നിട്ടു കൂടി പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈലിനു റേഞ്ച് ഇല്ലാതിരുന്നത് കൊണ്ട് നടന്നിരുന്നില്ല.

കൌണ്ടറില്‍ നിന്നും ക്യാഷ് എടുത്ത് കൊടുക്കാന്‍ ഒരുങ്ങുന്ന സമയത്ത് അക്രമി കൂടുതല്‍ ആക്രമണോത്സുകനായി തന്റെ സമീപത്തേക്ക് എത്തിയതാണ് തനിക്ക് സഹായകമായത് എന്ന് സിബു പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെട്ട അക്രമി സിബുവിനു നേരെ തോക്ക് ചൂണ്ടി സിബുവിനെ തള്ളുകയും കൂടുതല്‍ അടുത്തേക്ക് വരികയുമായിരുന്നു. സെന്‍സായ് രാജാ തോമസ്‌ നടത്തുന്ന സൈബു കാന്‍ കരാട്ടെ ഡോജോയില്‍ പതിവായി പ്രാക്ടീസ് ചെയ്യുന്ന സിബു തനിക്ക് കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി തോക്കില്‍ പിടുത്തമിട്ടതാണ് അക്രമിയെ കീഴടക്കാന്‍ സഹായകമായത്.

ഞൊടിയിട കൊണ്ട് അക്രമിയില്‍ നിന്നും തോക്ക് പിടിച്ച് വാങ്ങിയ സിബു അത് ദൂരേക്ക് വലിച്ചെറിയുകയും വെറും കയ്യോടെ അക്രമിയെ നേരിടുകയുമായിരുന്നു. ഈ സമയത്താണ് തന്‍റെ കരാട്ടെ പരിശീലനം സിബുവിന് തുണയായത്. യുകെയില്‍ വന്നതിനു ശേഷം ഒരു വ്യായാമം എന്ന രീതിയില്‍ കരാട്ടെ പരിശീലനം ആരംഭിച്ച സിബു പിന്നീട് അത് സീരിയസ് ആയി എടുത്ത് പരിശീലനം തുടരുകയും ബ്ലാക്ക് ബെല്‍റ്റ്‌ കരസ്ഥമാക്കുകയുമായിരുന്നു. കടയില്‍ നിന്നേറെ അകലെ അല്ലാതെ സ്വന്തം കരാട്ടെ ക്ലാസ്സും സിബു നടത്തുന്നുണ്ട്.

അക്രമിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ സിബുവിനും സഹായിക്കും നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ കടയില്‍ നാലോളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ പോലും സഹായിക്കാന്‍ തയ്യാറായില്ല എന്നത് തന്നെ അതിശയിപ്പിച്ചു എന്ന് സിബു പറഞ്ഞു. ശാരീരിക വേദന ഉണ്ടെങ്കില്‍ കൂടി പിറ്റേ ദിവസവും പതിവ് പോലെ കട തുറന്ന് സിബു തന്റെ മനക്കരുത്തും പ്രകടമാക്കി.

രണ്ടു വര്‍ഷം മുന്‍പ് കട തുടങ്ങിയ സിബുവിന് ഇത് പോലൊരു അവസരം നേരിടേണ്ടി വരുന്നത് ആദ്യമാണെന്ന് പറഞ്ഞു. സ്വയ രക്ഷയ്ക്ക് ആവശ്യമായ ആയോധന മുറ എങ്കിലും എല്ലാവരും പരിശീലിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത് എന്നും സിബു ഓര്‍മ്മപ്പെടുത്തി. യുകെയുടെ തെരുവുകളിലും ഷോപ്പുകളിലും ഒക്കെ അക്രമം പെരുകി വരുമ്പോള്‍ കുട്ടികളെയും മറ്റും കരാട്ടെ പോലുള്ള സ്വയ രക്ഷാ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more