1 GBP = 103.69

ലീഡ്സിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നു; സെൻ്റ്. മേരീസ് ഇടവക പ്രഖ്യാപനവും ഉദ്ഘാടനവും കൂദാശയും കൂദാശയും നാളെ….. മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ.

ലീഡ്സിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നു; സെൻ്റ്. മേരീസ് ഇടവക പ്രഖ്യാപനവും ഉദ്ഘാടനവും കൂദാശയും കൂദാശയും നാളെ….. മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ.

ഫാ. ടോമി എടാട്ട്,

(പി, ആര്‍ ഒ)

പ്രസ്റ്റൺ:- ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നാളെ നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ ദേവാലയ ഉദ്ഘാടനം നിർവഹിക്കുകയും ഇടവകയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും. ലീഡ്സ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർക്കസ് സ്റ്റോക്ക് ശുശ്രൂഷകളിൽ സംബന്ധിക്കും.

ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടർമാരായുള്ള വൈദികർ, സന്യസ്തർ മറ്റ് അല്മായ നേതാക്കൾ തുടങ്ങിയവരും ഇടവകാംഗങ്ങൾക്കൊപ്പം തിരുകർമ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും.  ഇടവകയായി ഉയർത്തപ്പെടുന്ന ദേവാലയം സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും നാമകരണം ചെയ്യപ്പെടുക. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൂന്നാമത്തെ ഇടവക ദേവാലയമാണ് ലീഡ്സിൽ യാഥാർത്ഥ്യമാവുന്നത്.

കഴിഞ്ഞ ആറ് വർഷങ്ങളായി ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് .   ലീഡ്സ് രൂപത വെസ്റ്റ് യോർക്ക് ഷെയറിലെയും നോർത്ത്   യോർക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാർ  കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി നൽകിയ ദേവാലയത്തിൽ കഴിഞ്ഞ 6 വർഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് തിരു കർമ്മങ്ങളും നടന്നു  വരുന്നു.

മിഷനിൽ 6 കമ്യൂണിറ്റികളിലായി ഏകദേശം കുടുംബങ്ങളാണുള്ളത്. ബ്രാഡ് ഫോർഡ് സെൻ്റ്. ആൻ്റണീസ് കമ്യൂണിറ്റി, കീത്ത്ലി സെൻ്റ്.അൽഫോൺസ കമ്യൂണിറ്റി, വെയ്ക്ക്ഫീൽഡ് സെൻ്റ്.ജോസഫ് കമ്യൂണിറ്റി, ലീഡ്സ് സെൻ്റ്. ചാവറ കുര്യാക്കോസ് ചാവറ കമ്യൂണിറ്റി, സെൻ്റ്.തോമസ് കമ്യൂണിറ്റി ഹഡെസ്ഫീൽഡ് & ഹാരോഗേറ്റ് തുടങ്ങിയവയാണ് നിയുക്ത ഇടവകയിലെ കുടുംബ കൂട്ടായ്മകൾ.

2018 ഡിസംബർ 9 -ന് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ മാർ . ജോർജ് ആലഞ്ചേരി സെന്റ് മേരീസ് മിഷൻ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

സീറോ മലബാര്‍ രൂപത യാഥാര്‍ഥ്യമാകും മുന്‍പേ ലീഡ്സില്‍ സേവനത്തിനു എത്തിയ ഫാ ജോസഫ് പൊന്നേത്ത് എന്ന യുവ വൈദികന്റെ സ്വപ്നം കൂടിയാണ് ഈ ഞായറാഴ്ച ലീഡ്സിലെ വിശ്വാസി സമൂഹം അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഓര്‍ത്തെടുക്കുക. ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന ഫാ. ജോസെഫ് പൊന്നേത്ത് ആണ് ലീഡ്സിലെ വിശ്വാസികള്‍ക്ക് വഴി കാട്ടി ആയി മാറിയത്. പലയിടങ്ങളിലായി ചിതറി കിടന്നിരുന്നവരെ ഒന്നിച്ചു ചേര്‍ത്ത് ലീഡ്സില്‍ എത്തിച്ചാണ് ആറു വര്‍ഷം മുന്‍പ് അദ്ദേഹം ഒരു ഇടവകയുടെ സ്വപ്നങ്ങളില്‍ ചിറകുകള്‍ പണിതു നല്‍കിയത്. ആറ് മാസ് സെന്ററുകളിലായി ചിതറിക്കിടന്നിരുന്ന വിശ്വാസികള്‍ ഒന്നിച്ചപ്പോള്‍ നൂറു കണക്കിന് പേരുടെ കരുത്തായി മാറുകയായിരുന്നു. പലയിടത്തും കേള്‍ക്കുന്ന തരം അധികാര വടംവലികള്‍ ഒന്നും ലീഡ്സിലെ വിശ്വാസ സമൂഹത്തെ ബാധിക്കാതിരിക്കാന്‍ നല്ല ഇടയനായി സ്വയം വഴി കാട്ടുക ആയിരുന്നു ആ വൈദികന്‍.

തുടക്കത്തില്‍ 40 ഓളം വിശ്വാസികളും പിന്നീട 200 ഓളം പേരുമായി വളര്‍ന്ന ലീഡ്‌സ് പള്ളിയില്‍ ഇപ്പോള്‍ പുതുതായി എത്തിയ മലയാളികളെ കൂടി കണക്കിലെടുത്താല്‍ 600 ഓളം പേരിലേക്ക് എത്തുകയാണ്. മത പഠന ക്ളാസുകളില്‍ തന്നെ പന്ത്രണ്ടാം ക്ളാസ് വരെ പഠനം നടത്തുന്ന 250 ഓളം കുട്ടികളും ഉണ്ട്. ഇവര്‍ക്കെല്ലാം മാതൃകയായി ഉന്നത വിദ്യാഭ്യസ യോഗ്യതയുള്ള 45 ഓളം പേര്‍ അധ്യാപകരായും പ്രവര്‍ത്തിക്കുന്നു. യുകെയില്‍ തന്നെ ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി മാത്രമായി മാസത്തില്‍ ഒരിക്കല്‍ ഇംഗ്ലീഷ് കുര്‍ബാന നടത്തി തുടങ്ങിയ ലീഡ്‌സ് മലയാളികള്‍ക്ക് ഇപ്പോള്‍ സ്വന്തം പള്ളി ആയപ്പോള്‍ എല്ലാ ദിവസവും കുര്‍ബാന കൂടുവാന്‍ ഉള്ള അവസരവും കൈവന്നിരിക്കുന്നു.

വിശ്വാസികളെ പള്ളിയോടു ചേര്‍ത്ത് നിര്‍ത്താന്‍ പണ്ട് കേരളത്തില്‍ ഒക്കെ ചെയ്തിരുന്നത് പോലെ കുട്ടികള്‍ മതപഠനം കഴിയും വരെ ചൂട് കഞ്ഞിയും പയര്‍ തോരനും ഒക്കെ നല്‍കി ആളുകള്‍ക്ക് കൂടുതല്‍ സമയം പള്ളിയില്‍ ചെലവിടാനും തുടക്കമിട്ടു നല്‍കിയത് ഫാ ജോസഫ് പൊന്നേത് തന്നെയാണ്. പിന്നീട് കോവിഡ് മഹാമാരിയില്‍ ലീഡ്സിലും വിശ്വാസികള്‍ക്ക് പള്ളിയോടൊപ്പമുള്ള സുവര്‍ണ നിമിഷങ്ങള്‍ പലതും നഷ്ടമായെങ്കിലും ഇപ്പോള്‍ പുതിയ പള്ളിയായി പഴയ ദേവാലയം കൈയ്യില്‍ എത്തുമ്പോള്‍ വീണ്ടും സുവര്‍ണ കാലം തിരിച്ചെത്തും എന്ന വിശ്വാസമാണ് ഏവര്‍ക്കും. അതിനാല്‍ വലിയ ആവേശത്തോടെയാണ് ഞായറാഴ്ച്ച നടക്കുന്ന ഇടവക ദിനത്തിനായി ഏവരും കാത്തിരിക്കുന്നത്.

ഞായറാഴ്ച 10 മണിക്ക് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും,  തിരുകർമ്മങ്ങളും  ആരംഭിക്കും.  ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോർക്ക്‌ ഷെയറിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിൻറെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷൻ  ഡയറക്ടർ റവ.ഫാ ഫാദർ മാത്യു മുളയോലിൽ അഭ്യർത്ഥിച്ചു. ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.

ദേവാലയ ഉദ്ഘാടനവും, തിരുകർമ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്. ലൈവ് സംപ്രേഷണം കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/AqCBSGtf9xgfacebook.com/vsquaretvukhttps://www.vsquaretv.com/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more