1 GBP = 103.54
breaking news

മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ലത്തീൻ സഭ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ലത്തീൻ സഭ

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ലത്തീൻ സഭ. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമാണെന്ന് കേരള ലത്തീൻ കാത്തോലിക് അസോസിയേഷൻ വിമർശിച്ചു. മുഖ്യമന്ത്രി സൈബർ ഗുണ്ടകളെ കൊണ്ട് പുലഭ്യം പറയിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.

സർക്കാറിനെതിരായ ഇടയ ലേഖനത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

കൊല്ലം രൂപതാ മെത്രാന്‍റെ ഇടയലേഖനത്തെ വിമർശിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് അപക്വവും അൽപത്തവുമെന്നായിരുന്നു കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത കമ്മിറ്റിയുടെ വിമര്‍ശം. തന്‍റെ ജനതയുടെ തൊഴിലും തൊഴിലിടവും അവർക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത ഇടയന്‍റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികൾ ശ്രവിച്ചത്. 

അതിനെ പാർട്ടി സൈബർ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമർശനവുമായി വന്നതും സമുദായം വിലയിരുത്തി തെരഞ്ഞെടുപ്പിൽ മറുപടി നൽകും. മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പങ്കുവച്ച ഇടയലേഖനത്തെ വിമർശിച്ച മണിക്കൂറുകളിൽത്തന്നെ ഇ.എം.സി.സി കരാറിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. 

നുണകൾ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങൾ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറക്കുന്ന പ്രസ്താവനകളിൽ നിന്നും പിന്തിരിയുകയുമാണ് വേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more