1 GBP = 103.97
breaking news

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ഉത്തർപ്രദേശ് പൊലീസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാകും തീരുമാനം കൈക്കൊള്ളുക. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ, സന്ദർശനം നടത്തുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ തടയേണ്ടതില്ലെന്നാണ് നിലവിൽ രൂപപ്പെട്ടിട്ടുള്ള ധാരണ. 

കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കാണാനാണ് നേതാക്കൾ അവിടേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ തടഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകേണ്ടതാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഈ വിഷയത്തിൽ പൊലീസ് റിപ്പോർട്ട് കൂടി പരിശോധിച്ചതിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം 9 പേർ മരിച്ച സംഭവത്തിൽ യു പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി- യുപി അതിർത്തിയിൽ കർശന പരിശോധന ശക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.

അതിനിടെ കർഷകരെ കാറിടിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുകത കിസാൻ മോർച്ച രാഷ്ട്രപതിക്ക് കത്തയച്ചു. സുപ്രിംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

അതേസമയം, മൂന്ന് ബിജെപി പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് അജയ് മിശ്ര ടേനിയുടെ അവകാശവാദം. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒന്നുകിൽ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more