1 GBP = 104.08

ലെസ്റ്ററിൽ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി… കോവിഡ് രണ്ടാം വരവിൽ അലംഭാവം പാടില്ലെന്ന് ഓർമപ്പെടുത്തൽ… ഡോ. കൃഷ്ണൻ്റെ വേർപാടിൽ മനംനൊന്ത് കുടുംബവും സുഹൃത്തുക്കളും…

ലെസ്റ്ററിൽ  കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി… കോവിഡ് രണ്ടാം വരവിൽ അലംഭാവം പാടില്ലെന്ന് ഓർമപ്പെടുത്തൽ… ഡോ. കൃഷ്ണൻ്റെ വേർപാടിൽ മനംനൊന്ത് കുടുംബവും സുഹൃത്തുക്കളും…

ലെസ്റ്റർ:- കോവിഡ് മരണങ്ങൾ യുകെയിൽ പരമ്പരയാകുമ്പോൾ ഏറ്റവും അവസാനത്തെ കണ്ണിയായി ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ.

മിഡ്‌ലാൻഡ്സിൽ എക്‌മോ വെന്റിലേറ്റർ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റർ ഗ്ലെൻഫീൽഡിൽ അവസാന നിമിഷം വരെ പൊരുതിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മറ്റു മാർഗ്ഗങ്ങളില്ലാതെ സഹപ്രവർത്തകർ വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ പ്രിയദർശിനി മേനോനെയും ചെറിയ കുഞ്ഞിനേയും തനിച്ചാക്കിയാണ് ഡോക്ടർ കൃഷ്ണൻ മരണം വരിച്ചത്. ലിവർപൂളിൽ കോവിഡ് ബാധിച്ച് മരിച്ച എബ്രഹാം സ്‌കറിയയുടെ സംസ്കാരം ഇന്നലെ നടന്നതേയുള്ളൂ. അതിന് തൊട്ടുപിന്നാലെയാണ് ഈ മരണവാർത്ത പുറത്തു വരുന്നത്.
നാല്പത്തിയാറു വയസു മാത്രം പ്രായമുള്ള ചുറുചുറുക്കോടെ പ്രസന്നവദനനായി ഓടി നടന്നിരുന്ന ഡോക്ടർ കൃഷ്ണൻ ഡെർബി ഹോസ്പിറ്റലിലെ ലോക്കം അനസ്തീഷ്യനിസ്റ്റ് ആയിരുന്നു. നോർത്ത്ആംപ്റ്റൻ, ലെസ്റ്റർ ഹോസ്പിറ്റലുകളിലും അദ്ദേഹം ഇടയ്ക്ക് ജോലി ചെയ്തിരുന്നു.

കുറച്ചു നാളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഡോക്ടർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ ആന്ധ്രാ സ്വദേശി പറഞ്ഞു.

കോവിഡ് രണ്ടാം വരവിൽ രണ്ടാഴ്ചയ്ക്കിടയിൽ മരിച്ച  നാലാമത്തെ മലയാളിയാണ് ഡോക്ടർ കൃഷ്ണൻ.എർഡിംങ്ങ്ടണിലെ ജയ്സമ്മ എബ്രഹാം, ലിവർപൂളിലെ എബ്രഹാം സ്കറിയ, ബെർമിങ്ഹാം സ്കെച്ച്ഫോർഡിലെ ഹർഷൻ ശശി എന്നിവരാണ് മറ്റ് മൂന്ന് പേർ.
കോവിഡിന്റെ രണ്ടാം വരവിൽ ലിവർപൂൾ, ബെർമിംഗ്ഹാം, ഡെർബി, ബ്ലാക്ക് കൺട്രി, സ്റ്റോക്ക് ഓൺ ട്രെൻഡ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലുള്ള ധാരാളം മലയാളികൾ രോഗബാധിതരായിട്ടുള്ളതിനാൽ എല്ലാവരും പ്രത്യേകം കരുതലും ശ്രദ്ധയും എടുക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തുന്നു. ലോക്‌ഡൗണ്‍ നിയമങ്ങളോടുള്ള ജനങ്ങളുടെ അവഗണനയും അശ്രദ്ധയും കൂടുതലായാൽ മരണനിരക്ക് വളരെ ഉയരാൻ സാധ്യതയുണ്ട്.

ഡോക്ടർ കൃഷ്ണന്റെ  നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്,യുക്മ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻ്റ് ബെന്നി പോൾ, LKC പ്രസിഡൻ്റ് ബിജു ചാണ്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഡോക്ടറുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദുഃഖിക്കുന്ന    സഹധർമ്മിണിയുടെയും കുടുംബത്തിന്റെയും വേദനയിൽ യുക്മ ന്യൂസും  പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more