1 GBP =
breaking news

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിൽ യാത്രക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനം

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിൽ യാത്രക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനം

കൊച്ചി: ഒന്നാം വാർഷികത്തിൽ ഞെട്ടിക്കുന്ന സമ്മാനമാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കുന്നത്. സൗജന്യ യാത്രയും പുത്തൻ യാത്ര പാസുകളുമായി കൊച്ചി മെട്രോയുടെ പിറന്നാൾ ആഘോഷം പൊടിപൊടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം.
2017 ജൂൺ 17നു ഉദ്ഘാടനം ചെയ്ത ശേഷം 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ സ്മരണാർത്ഥമാണ് ഫ്രീ റൈഡ് ഡേ എന്ന പേരിൽ സൗജന്യ യാത്ര ഒരുക്കുന്നത്. അന്നു പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നത് മുതൽ രാത്രി പത്തിന് സർവീസ് അവസാനിക്കുന്നതുവരെ ആർക്കും മെട്രോയിൽ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം.

കഴിഞ്ഞ ഒരു വർഷക്കാലം മെട്രോയ്‌ക്കൊപ്പം നിന്ന യാത്രക്കാർക്കും കൊച്ചിക്കും നന്ദി സൂചകമായി 19ന് സൗജന്യ യാത്രയാണ് സമ്മാനമെന്ന് വാർത്താ സമ്മേളനത്തിൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഒപ്പം യാത്രാ പാസുകളുടെ അവതരണവും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെട്രോ ആരംഭിച്ചതു മുതലുള്ള യാത്രക്കാരുടെ ആവശ്യമായിരുന്ന സീസൺ ടിക്കറ്റും ദിവസ പാസ് സൗകര്യവും വാർഷികാഘോഷ ചടങ്ങിൽ അവതരിപ്പിക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണു സീസൺ ടിക്കറ്റ്. വിനോദ സഞ്ചാരികൾക്കും മെട്രോ കാണാൻ ആഗ്രഹിക്കുന്നവർക്കുമായാണ് ദിവസപാസുകൾ ഒരുക്കുന്നത്. പാസിന്റെ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. അതേസമയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നത് ആലോചിക്കാനാകില്ലെന്നും എം.‌ഡി അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more