1 GBP = 103.12

ചെങ്ങന്നൂരിൽ ഇടതിന് പിന്തുണ, സൂചന നൽകി മാണി; എതിർപ്പുമായി ജോസഫ് വിഭാഗം

ചെങ്ങന്നൂരിൽ ഇടതിന് പിന്തുണ, സൂചന നൽകി മാണി; എതിർപ്പുമായി ജോസഫ് വിഭാഗം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി പറഞ്ഞു. ഈ മാസം 11ന് പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. അതേസമയം എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയില്‍ ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകും.

യുഡിഎഫിലേയ്ക്ക് തിരികെ മടങ്ങുമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ കെഎം മാണി മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറയുന്നു. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം മാണിയെ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യുമ്പോഴാണ് കേരള കോണ്‍ഗ്രസിന്റെ ഈ നിലപാട്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരമാവധി വിലപേശല്‍ നടത്താനാണ് കെഎം മാണിയുടെ ശ്രമമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ കെഎം മാണിയെ ആവര്‍ത്തിച്ച് ക്ഷണിക്കുന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ട്. കെഎം മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം പരിഹസിച്ചതിലും നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം കെഎം മാണിയുടെ പ്രതികരണം എല്‍ഡിഎഫ് പ്രവേശനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ സഹായിക്കുന്ന നിലപാടെടുക്കണമെന്ന് തന്നെയാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതുകൊണ്ട് തന്നെ മനസാക്ഷി വോട്ട് എന്ന നിലപാടെടുത്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. അതേസമയം പാര്‍ട്ടിയുടെ ഇടത്തോട്ടുള്ള ചായ്‌വില്‍ ജോസഫ് വിഭാഗത്തിന് കടുത്ത എതിര്‍പ്പുള്ളതായാണ് സൂചന. ചെങ്ങന്നൂരില്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കുന്ന തീരുമാനം ഉണ്ടായാല്‍ അതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വിഷയത്തില്‍ മാണി വിഭാഗത്തില്‍ ചിലരുടെ പിന്തുണയും ജോസഫ് ഗ്രൂപ്പിനുണ്ട്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more