1 GBP = 103.80
breaking news

രാജ്യസഭാ സീറ്റെന്ന ഉപാധിയുമായി കെ എം മാണി രംഗത്തെത്തിയത് മകൻ ജോസ് കെ മാണിക്ക് വേണ്ടിയോ???

രാജ്യസഭാ സീറ്റെന്ന ഉപാധിയുമായി കെ എം മാണി രംഗത്തെത്തിയത് മകൻ ജോസ് കെ മാണിക്ക് വേണ്ടിയോ???

തിരുവനന്തപുരം: യു.ഡി.എഫിലേക്കു മടങ്ങിയെത്താന്‍ രാജ്യസഭ സീറ്റെന്ന ഉപാധിയുമായി കെ.എം മാണി രംഗത്തെത്തിയത് മകന്‍ ജോസ് കെ. മാണിക്കു വേണ്ടി. കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന രാജ്യസഭ സീറ്റില്‍ ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

നിലവില്‍ സ്ഥാനമൊഴിയുന്ന ജോയ് എബ്രഹാമിനു വേണ്ടി ആരും രംഗത്തെത്താന്‍ സാധ്യതയില്ല. അതേസമയം കേരള കോണ്‍ഗ്രസിന് രാജ്യസഭ വിട്ടു കൊടുക്കുമ്പോള്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് വിട്ടു നല്‍കണമെന്ന ഉപാധി കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടു വച്ചിട്ടുണ്ട്.

നിലവില്‍ കോട്ടയത്തു നിന്നുള്ള പാര്‍ലമെന്റ് അംഗമായ ജോസ് കെ മാണിയുടെ കാലാവധി 2019-ല്‍ മാത്രമെ അവസാനിക്കുള്ളൂവെങ്കിലും ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുക അത്ര എളുപ്പമല്ലെന്നു മാണിക്ക് നന്നായി അറിയാം. കോട്ടയം വിട്ട് ഇടുക്കിയില്‍ യു.ഡി.എഫ് സംഥാനാര്‍ഥിയായി മത്സരിച്ചാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലം വലിക്കുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ജോസ് കെ. മാണിയെന്ന രാഷ്ട്രീയക്കാരന്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപ്രസക്തനാകും.

ഇതൊഴിവാക്കാനാണ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി വീണ്ടും യു.ഡി.എഫ് രാഷ്ട്രീയത്തില്‍ കൈവിട്ടകളി കളിക്കാന്‍ മാണി തിരുമാനിച്ചത്. കേരള കോണ്‍ഗ്രസിന്റെ ഇടതു പ്രവേശനത്തിനു വിലങ്ങുതടിയായി നിന്ന പി.ജെ ജോസഫും മാണിയുടെ രാജ്യസഭാ സീറ്റ് നീക്കത്തിനു പിന്തുണയുമായുണ്ട്.

സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിലൂടെ നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ യുവതുര്‍ക്കികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ താക്കീതു നല്‍കിയിരിക്കുകയാണ്. എക്കാലത്തും യു.ഡി.എഫിന്റെ വോട്ട് ബാങ്കായിരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പാര്‍ട്ടിയുമായി അകലം പാലിച്ചെന്നു വ്യക്തമാക്കുന്നതായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വി.

ഈ സാഹചര്യത്തില്‍ കെ.എം മാണിയെ പാര്‍ട്ടിയില്‍ എത്തിക്കുകയെന്നത് യു.ഡി.എഫിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമായി. ഇതേത്തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലില്‍ നിലനില്‍പ്പിനു വേണ്ടി മാണിക്കും ലീഗിനും താല്‍ക്കാലികമായെങ്കിലും കീഴടങ്ങാന്‍ കോണ്‍ഗ്രസ് തയാറായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more