1 GBP =
breaking news

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 10: കാരൂര്‍ സോമന്‍)

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 10: കാരൂര്‍ സോമന്‍)

മത്സ്യങ്ങളെ രക്ഷിക്കാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞ ചാര്‍ളിക്ക് ഇരുമ്പ് വാതില്‍ ഒരു തടസ്സമായി. ദിവസവും അതിരാവിലെ വാതില്‍ക്കലേക്ക് അവന്‍ നോക്കും. വാതില്‍ താഴിട്ടു പൂട്ടിയിട്ടാണ് വല്യപ്പന്‍ കിടക്കുന്നത്. താഴ് തല്ലിപ്പൊട്ടിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതിനിടയില്‍ ഒരു ദിവസം വാതില്‍ പൂട്ടിയിരുന്നില്ലെന്ന് ചാര്‍ളി കണ്ടു. അന്നാകട്ടെ മത്സ്യങ്ങളെ എങ്ങനെ എവിടെനിന്നു രക്ഷപ്പെടുത്തും എന്ന ചിന്തയായിരുന്നു. തെക്കുള്ള പാടത്ത് ചെറിയൊരു തോട് ഒഴുകുന്നുണ്ട്. കടലില്‍ വിട്ടാല്‍ തിരയില്‍ അത് ശ്വാസംമുട്ടി ചാകുമോ എന്നവന്‍ ഭയന്നു. ഒടുവില്‍ തോട്ടില്‍ കൊണ്ട് വിടാന്‍ തീരുമാനിച്ചു.
വാതിലിന്റെ കമ്പി ഉള്ളിലേക്ക് കടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. വേഗത്തില്‍ വെള്ളം പിടിക്കുന്ന പൈപ്പിന്റെ അടിയിലിരുന്ന ഒരു പഴയ പ്ലാസ്റ്റിക്ക് തൊട്ടിയില്‍ കുറെ വെള്ളവുമായി ഇരുമ്പ് വാതില്‍ തുറന്ന് മത്സ്യങ്ങളുടെ അടുക്കലെത്തി. ഹൃദയം കഠിനമായി തുടിച്ചു. മുഖം വല്ലാതെ വിളറി. ചുറ്റുപാടും നോക്കിയിട്ട് തെല്ലൊരു വിറയലോടെ ഗ്ലാസിന്റെ മുകള്‍ഭാഗം എടുത്ത് താഴെ വെച്ചിട്ട് അതിനുള്ളിലെ ഓരോ മത്സ്യങ്ങളെയും പ്ലാസ്റ്റിക്ക് ബക്കറ്റിലുള്ള വെള്ളത്തിലേക്കിട്ടു. അവ ആനന്ദത്തരിപ്പോടെ അതിനുള്ളില്‍ ഓടിക്കളിച്ചു. എല്ലാ മത്സ്യങ്ങളെയും വെള്ളത്തിലാക്കി ഇരുമ്പു വാതില്‍ കുറ്റിയിടുന്നതു വരെ ചാര്‍ളിയുടെ ഹൃദയം ശക്തിയായി മിടിച്ചു. തെക്കുഭാഗത്തുള്ള വയല്‍വരമ്പത്തേക്ക് അതിവേഗത്തിലോടി. കുട്ടനും അവനൊപ്പമുണ്ടായിരുന്നു.
ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് ബക്കറ്റിലെ മത്സ്യങ്ങളെ പതുക്കെയിട്ടു. കളിക്കൊഞ്ചലുകളുമായി മഞ്ഞു പുരണ്ട തണുത്ത വെള്ളത്തിന്റെ ആഴത്തിലേക്ക് അവര്‍ ആര്‍ത്തലച്ച് നീന്തിപ്പോയി. ബക്കറ്റ് എടുത്തിടത്ത് വെച്ചു. സൈക്കിള്‍ എടുത്ത് ടൗണിലേക്ക് പോയി. അവന്റെ മനസ്സു സന്തോഷത്താല്‍ നിറഞ്ഞു. മത്സ്യങ്ങള്‍ക്ക് പുതിയൊരു ജീവിതമാണ് ലഭിച്ചത്. അവര്‍ക്ക് ഇനിയും കളിക്കൂട്ടുകാരെ കിട്ടും. ശാന്തമായി വെള്ളത്തില്‍ സഞ്ചരിക്കാം. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം. മഴയും ഇരുളും നിലാവുമെല്ലാം ആവോളം ആസ്വദിക്കാം. മത്സ്യങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.

ടൗണില്‍ നിന്ന് പത്രങ്ങളുമായി ഓരോരോ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ അവന്റെ മനസ്സില്‍ ആശങ്കയുണ്ടായി.വല്യപ്പന്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ മത്സ്യങ്ങളെ കാണുകയില്ല. എന്തു സംഭവിക്കുമോ എന്തോ?
റോഡില്‍ സൈക്കിള്‍ വെച്ചിട്ട് പേപ്പറുമായി അടുത്തൊരു വീട്ടിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. ആ വീട്ടിലൊരു നായയുണ്ട്. അതിന്റെ കുര കേട്ടാല്‍ കുട്ടന്റെതുപോലെയാണ്. ഭയം തോന്നും. സംശയത്തോടെ ചുറ്റിനും നോക്കി. എങ്ങും കണ്ടില്ല. പേപ്പര്‍ വരാന്തയിലിട്ട് മടങ്ങുമ്പോള്‍ തെക്ക് ഭാഗത്തു നിന്ന് നായ് കുരച്ചുകൊണ്ടു വന്നു. അതിന്റെ വരവ് കണ്ടാല്‍ കടിച്ചു കീറാനെന്നഭാവത്തിലാണ്. ചാര്‍ളി ജീവനും കൊണ്ട് റോഡിലേക്കോടി. സൈക്കിളില്‍ കയറി പ്രാണഭയത്തോടെ മുന്നോട്ട് ചവിട്ടി. ഇടയ്ക്കിടെ പിറകിലേക്കൊരു മിന്നലൊളി നോട്ടം നടത്തുന്നുണ്ടായിരുന്നു. ആ നായ് പിറകെ വരുന്നുണ്ടോ എന്നൊരു തോന്നല്‍.

വെള്ളിയാഴ്ച സ്കൂളില്‍ പോകുന്നതിന് മുമ്പ് അമ്മ റയിച്ചലിന്റെ കബറിടത്തില്‍ ചാര്‍ളി കുറെ പൂക്കള്‍ വച്ച് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ആ സമയം തത്തമ്മ കല്ലറയുടെ കുരിശില്‍ ഇരിപ്പുറപ്പിച്ചു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുമച്ഛനുമില്ലാത്ത എല്ലാ കുട്ടികള്‍ക്കും നന്മകള്‍ കൊടുക്കണേ എന്നവന്‍ പ്രാര്‍ത്ഥിച്ചു. അമ്മ ഒപ്പമില്ലെങ്കിലും ആ ഓര്‍മ്മകള്‍ അവനില്‍ നന്മയുടെ ശക്തി വളര്‍ത്തി.

അവധി ദിവസങ്ങളില്‍ കടപ്പുറത്ത് വരുമ്പോള്‍ അമ്മയുടെ കല്ലറയില്‍ വന്നിട്ട് പരാതികള്‍ ഒക്കെ പറയും. സങ്കടപ്പെട്ടു കരയുമ്പോള്‍ അമ്മ മനസ്സില്‍ പറയും. “മോന്‍ വിഷമിക്കാതെ. അമ്മയില്ലേ കൂട്ടിന്.’ അപ്പോള്‍ കടല്‍ തണുത്ത കാറ്റുമായി വരും. തത്തമ്മ ആശ്വസിപ്പിച്ച് വിളിക്കും. “ചാ…ചാളി….’ ആകാശത്തിലേക്ക് നോക്കുമ്പോള്‍ തന്നെ ലക്ഷ്യമാക്കി ധാരാളം പ്രാവുകള്‍ കടന്നു വരും. അവര്‍ വന്ന് തന്റെ ചുറ്റിനും ഇരിക്കും. സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് അവര്‍ വരുന്നത്. പക്ഷികളുടെ സ്‌നേഹം കാണുമ്പോള്‍ ദുഃഖങ്ങള്‍ മാറിവരും.
പിറ്റേന്ന്, സ്കൂളിലെ കലാകായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചിത്രരചനക്കും പാട്ടിനും ഉപന്യാസമെഴുത്തിനും ചാര്‍ളി പേരു കൊടുത്തു. പാട്ട് പാടാനുള്ള മുഹൂര്‍ത്തമായി. അവന്‍ സ്റ്റേജില്‍ കയറി പാടി തുടങ്ങി. അവിടെ ഇരുന്നവര്‍ കൗതുകത്തോടെ അവന്റെ പാട്ട് കേട്ടു. അവന്റെ ചെളി പുരണ്ട ഉടുപ്പിനെ ശ്രദ്ധിക്കാതെ മഴപോലെ പെയ്തിറങ്ങിയ പാട്ടിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

അങ്ങകലെ ഇളം മഞ്ഞിന്‍ കുളിരുമായ്
പുലരിപോലൊരു പൊന്‍മുത്ത്
മിഴിയില്‍ മഴവില്ലു തെളിഞ്ഞു
മഴപക്ഷിപോലെ ചിറകിട്ടടിച്ചു. (അ)

കഥയറിയാതെ മിഴിയറിയാതെ
മധുരം പകരാന്‍ മോഹം
കൂട്ടുകൂടാന്‍ വരുമോ കിളിയേ
മാല കൊണ്ടൊരു താലി തരാം. (അ)

നമുക്ക് പാര്‍ക്കാന്‍ കുടിലുണ്ട്
അതിലെല്ലാം പ്രണയം മാത്രം
വിടര്‍ന്ന മാറില്‍ ഒന്നായിരിക്കാന്‍
മധുരം നുകരാം മധുരം പകരാം. (അ)

ചിത്രരചനക്കുള്ള മുറിയില്‍ ചാര്‍ളിക്കൊപ്പം മറ്റ് ആറ് കുട്ടികളുമുണ്ടായിരുന്നു. ആര്‍ക്കും ഇഷ്ടമുള്ള പടം വരയ്ക്കാം. അവിടെ ഒരു നിബന്ധനയുണ്ട്. വരക്കുന്ന ചിത്രങ്ങള്‍ക്ക് നിറം കൊടുക്കണം. ഈ പ്രാവശ്യം അവന്റെ മനസ്സില്‍ തെളിഞ്ഞത് വീട്ടിലെ ചത്തുപോയ പൂവന്‍കോഴിയാണ്. ചിത്രങ്ങള്‍ വരച്ചവര്‍ മുറിയില്‍ നിന്ന് പോയതിന് ശേഷം അദ്ധ്യാപകന്‍ ഡാനിയേല്‍ ശാമുവേല്‍ എല്ലാ ചിത്രങ്ങളിലേക്കും ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ചാര്‍ളി വരച്ച ജീവനുള്ള കോഴിയെ അദ്ദേഹം നിമിഷങ്ങളോളം നോക്കി നിന്നു. അത് അദ്ദേഹത്തെ ആനന്ദിപ്പിച്ചു. വൈകുന്നേരമായപ്പോഴെക്കും മത്സരങ്ങളുടെ വിധി വന്നു. പാട്ടിലും ചിത്രരചനയിലും ഒന്നാം സ്ഥാനവും ഉപന്യാസത്തില്‍ രണ്ടാം സ്ഥാനവും ചാര്‍ളിക്ക് ലഭിച്ചു.

ചാര്‍ളിക്ക് മൂന്ന് ട്രോഫികള്‍ കിട്ടിയത് മറ്റൊരു സുഹൃത്ത് വഴി കെവിന്‍ മനസ്സിലാക്കി. അവര്‍ നിത്യവും വരികയും പോകുകയും ചെയ്യുന്ന വഴിയില്‍ കെവിന്‍ ചാര്‍ളിയെ കാത്ത് നിന്നു. ചാര്‍ളി ദൂരെ നിന്ന് വരുന്നത് കണ്ടപ്പോള്‍ വലിയ കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു.
“എന്താടാ കൈയ്യില്?’
“ട്രോഫിയാ. ദാ നോക്ക്.’ അവനത് കെവിനെ ഏല്‍പ്പിച്ചു. അവനിട്ടിരിക്കുന്ന മുഷിഞ്ഞ ഉടുപ്പ് കണ്ടപ്പോള്‍ കെവിന് ദേഷ്യം തോന്നി.
“ഇട്ടിരിക്കുന്ന തുണിപോലും വൃത്തിയായി കഴുകില്ല. വൃത്തികെട്ടവന്‍.’
“നീ പറഞ്ഞതു ശരിയാ. പെട്ടെന്ന് പോന്നപ്പം നോക്കിയില്ല. നെനക്ക് കുഞ്ഞമ്മ തേച്ച് തരുന്നില്ലേ?’
“ങാ അതൊക്കെ പോട്ട്. നെനക്ക് മൂന്ന് ട്രോഫി കിട്ടി. അതില്‍ രണ്ടെണ്ണം എനിക്ക് വേണം. തന്നില്ലെങ്കി ഞാന്‍ ചവുട്ടിപ്പൊട്ടിക്കും.’ കെവിന്‍ സ്‌നേഹത്തോടെ പറഞ്ഞു.
“വേണ്ട. ചവുട്ടിപൊളിക്കേണ്ട. മൂന്നെണ്ണവും നീയങ്ങ് എടുത്തോ.’
“അത് വേണ്ട. എനിക്ക് രണ്ടെണ്ണം മതി. മമ്മി ചോദിക്കുമ്പം പറഞ്ഞേക്കണം ഇത് എനിക്ക് കിട്ടിയതാണെന്ന്. പറയത്തില്ലേ?’ ഉടനടി ഉത്തരം കൊടുത്തു.
“ഞാന്‍ കള്ളം പറയത്തില്ല.’ കെവിന് ദേഷ്യം വന്നു.
“എന്താടാ ഇത് ചവുട്ടിപൊളിക്കണോ?’
“നീ ചവുട്ടിപൊളിച്ചാലും എനിക്ക് കള്ളം പറയാന്‍ വയ്യ.’ പറഞ്ഞത് അനുസരിക്കാത്തതിന് കെവിന്‍ പുറത്തൊരു ഇടി കൊടുത്തു. ചാര്‍ളി ദയനീയമായി നോക്കി. കെവിന്‍ അത്യുച്ചത്തില്‍ പറഞ്ഞു.
“ഇത് രണ്ടും എന്റെ ട്രോഫിയാ. മമ്മിയോട് അതിനപ്പുറം പറഞ്ഞാല് അറിയാല്ലോ എന്നെ. ഇടിച്ച് നിന്റെ എല്ല് ഞാനൊടിക്കും.’ അത്രയും പറഞ്ഞിട്ടവന്‍ മുന്നോട്ട് ഓടിപ്പോയി. അവന്‍ പറയുന്നത് പോലെ ചെയ്യുന്നവനെന്നറിയാം. അവന്റെ കണ്ണുകള്‍ നിര്‍ജ്ജീവമായി. രണ്ട് ട്രോഫികള്‍ കൊടുത്തു. എന്നിട്ട് കള്ളം കൂടി പറയുക തന്നെക്കൊണ്ട് പറ്റില്ല.

വാഴകള്‍ക്കിടയിലൂടെ വീടിനെ ലക്ഷ്യമാക്കി നടന്നു. പല ഭാഗത്തും തത്തമ്മയെ നോക്കിയെങ്കിലും കണ്ടില്ല. വീട്ടിലെത്തുമ്പോള്‍ വല്യപ്പനും വീട്ടിലുണ്ടായിരുന്നു. എന്തിനാണ് വല്യപ്പന്‍ വന്നത്? ചാര്‍ളിയുടെ മനസ്സ് അസ്വസ്ഥമായി. മത്സ്യത്തെ കടത്തിയ കള്ളനെ തിരക്കി എത്തിയതാണോ. ഉടുപ്പ് ഊരുമ്പോള്‍ കുഞ്ഞമ്മയുടെ വിളി കേട്ടു. ഒരു ഞെട്ടലോടെ നോക്കി.

(തുടരും)

Post Your Comments Here ( Click here for malayalam )

Press Esc to close
show more