1 GBP =
breaking news

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 3 കാരൂര്‍ സോമന്‍)

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 3 കാരൂര്‍ സോമന്‍)

ചാര്‍ളിയുടെ മനം നൊന്തു.
ഈ മണ്ണില്‍ എനിക്കാരുമില്ലല്ലോ എന്ന ചിന്ത അവനെ തളര്‍ത്തി. സ്വന്തം വീട്ടിലും ഒരന്യന്‍! എല്ലാ ദുഃഖങ്ങളും പങ്ക് വെക്കുന്നത് തത്തമ്മയോടും കുട്ടനോടുമാണ്. അമ്മയുണ്ടായിരുന്നെങ്കില്‍ എന്നെ പട്ടിണിക്കിടില്ലായിരുന്നു. കെവിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ അവനൊരു അമ്മയുണ്ട്. അമ്മയുടെ കണ്ണിലുണ്ണിയായി വളരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി.
വരാന്തയിലെ അരണ്ട വെളിച്ചത്തില്‍ ആരോ നില്ക്കുന്നതായി റീനക്കു തോന്നി. കതക് തുറന്നപ്പോള്‍ അവന്റെ മുഖം വിളറി. വിശപ്പും ദാഹവും അവനെ വല്ലാതെ അലട്ടി. റീനയുടെ കണ്ണുകളില്‍ ദേഷ്യം മാത്രമായിരുന്നു. ഉച്ചത്തില്‍ ചോദിച്ചു.””എന്താടാ ഇവിടെ വന്ന് ഒളിഞ്ഞു നോക്കുന്നേ?” അവന്‍ കുറ്റബോധത്തോടെ നോക്കിയിട്ടു പറഞ്ഞു. “”യെനിക്കു വെശക്കുന്നു.” റീനയുടെ മുഖം ഒന്നുകൂടി ഇരുണ്ടു. “”നെനക്ക് പച്ചവെള്ളം തരില്ലാന്ന് പറഞ്ഞില്ലേ. നീ തത്തയെ ഇറക്കിവിട്ടപ്പം ഒന്നും രണ്ടുമല്ല ആയിരം രൂപയാ നഷ്ടമായേ. അതിന്റെ ശിക്ഷയാ നെനക്ക്. മനസ്സിലായോ?”
റീന കതകും ജനാലയും അടച്ചു കുറ്റിയിട്ടു. ചാര്‍ളി നിരാശനായി. കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു. തളര്‍ന്നു വീഴുമോ എന്നൊരു തോന്നല്‍. വരാന്തയില്‍ നിന്നും മുറ്റത്തേക്ക് വീണ പ്രകാശത്തിലൂടെ അവന്‍ മുറിക്കുള്ളിലേക്കു പോയി. കട്ടിലില്‍ കിടന്നു കരയുമ്പോള്‍ അവന്‍ സ്വന്തം ക്ലാസിലെ കുട്ടികളെ ഓര്‍ത്തു.
വലിയ മഴയുള്ള ഒരു ദിവസം. വീടുകളില്‍ പോയി കഴിക്കുന്ന കുട്ടികള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. ചില മാതാപിതാക്കള്‍ കുടയുമായി വന്നു. ഒപ്പമിരിക്കുന്ന സുരേഷിനെ കൊണ്ടുപോകാന്‍ ആരും വന്നില്ല. കുഞ്ഞമ്മ തന്നുവിട്ട ചോറിന്റെ പകുതി അവന് കൊടുത്തു. സുരേഷിന് ഇപ്പോള്‍ എന്തൊരു സ്‌നേഹമാണ്. മനുഷ്യര്‍ മരിച്ചാലും സ്‌നേഹം മരിക്കുന്നില്ല. തത്തമ്മക്ക് പോലും എന്നോട് ഒത്തിരി സ്‌നേഹമാണ്. ഇന്ന് രാത്രി തത്തമ്മ എവിടെയാണ് ഉറങ്ങുന്നതെന്നറിയില്ല.

ഇരുള്‍ അമര്‍ന്ന മുറിയില്‍ നിന്ന് അവന്‍ പുറത്തേക്കിറങ്ങി. സന്ധ്യ കഴിഞ്ഞാല്‍ പഠിക്കുന്ന സമയം മാത്രമേ മുറിക്കുള്ളില്‍ ലൈറ്റിടാന്‍ അനുവാദമുള്ളൂ. അല്ലാത്ത സമയങ്ങള്‍ മുഴുവന്‍ ഇരുട്ടാണ്. കെവിന്‍ എത്രനേരം ലൈറ്റ് തെളിയിച്ചാലും കുഞ്ഞമ്മക്ക് പരാതിയില്ല. താന്‍ വെളിച്ചം കണ്ടിരുന്നാല്‍ വൈദ്യുതി ചാര്‍ജ്ജ് കൂടും.
ആകാശം തെളിഞ്ഞു നില്ക്കുന്നതും ധാരാളം നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്ക്കുന്നതും അവന്‍ കണ്ടു. കിണറിനടുത്തേക്ക് നടന്നു. അവിടുത്തെ പൈപ്പില്‍ നിന്ന് വെള്ളം ധാരാളമായി കുടിച്ചു.
ഒരു വവ്വാല്‍ ആ മരത്തിലേക്ക് പറക്കുന്നു. ആ പറങ്കിമാവില്‍ ധാരാളം കശുമാങ്ങകള്‍ പഴുത്തുനിന്നിരുന്നു. അവന്റെ മനസ്സില്‍ ഉത്സാഹം വര്‍ദ്ധിച്ചു. മധുരം നിറഞ്ഞു. എന്തുകൊണ്ട് ആ മരത്തില്‍ കയറി പറങ്കിമാമ്പഴം പറിച്ചു തിന്നുകൂടാ?

ഉള്ളില്‍ ഒരല്പം ഭയം തോന്നി. രാത്രിയില്‍ എങ്ങനെ ആ മരത്തില്‍ കയറും. മഴപെയത് കമ്പുകള്‍ തെന്നികിടക്കുന്നു. കാല്‌തെന്നി മാറി തറയില്‍ വീണാലോ? ധൈര്യം കൈവിടാതെ ഉറച്ച കാല്‍വയ്പുകളോടെ മുകളിലേക്ക് കയറി. വിശപ്പ് ഉള്ളില്‍ ആളിക്കത്തുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ മനസ്സ് വന്നില്ല. മുകളിലേക്ക് അള്ളി പിടിച്ച് കയറുകതന്നെ ചെയ്തു. അതിന്റെ ഇലചാര്‍ത്തുകളില്‍ പറങ്കിമാമ്പഴം പ്രത്യക്ഷപ്പെട്ടു. ഒരെണ്ണം മാത്രം കൈയെത്തിപിടിച്ചു. ആര്‍ത്തിയോടെ തിന്നു.
കുട്ടന്‍ മരച്ചുവട്ടില്‍ കാവല്‍ കിടന്നു. രാത്രിയില്‍ പട്ടിണിക്കിടക്കുന്നത് ആദ്യമാണ്. കുഞ്ഞമ്മക്ക് തന്നോട് സ്‌നേഹമില്ലാത്തതു കൊണ്ടല്ലേ പട്ടിണിക്കിടുന്നത്. അപ്പനോട് പറയണം കുഞ്ഞമ്മക്ക് സ്‌നേഹമില്ലെന്ന്. അപ്പനോട് പറയാനും ഭയമാണ്. ഒരു മാസത്തെ അവധിക്ക് വരുന്ന അപ്പനോട് കുഞ്ഞമ്മയുടെ കുറ്റങ്ങള്‍ പറഞ്ഞാല്‍ പച്ചവെള്ളം തരില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് അപ്പനോട് ഒന്നും തുറന്ന് പറയാറില്ല.

പെട്ടെന്നായിരുന്നു ഇടിയും മിന്നലും ആകാശത്തുണ്ടായത്. മഴ പെയ്യുമായിരിക്കും. ആകാശവെളിച്ചം കുറഞ്ഞു. പഴം പറിക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ മരക്കൊമ്പൊടിഞ്ഞു . കുട്ടന്‍ ഭയന്നോടി. വാരിയെല്ലുകള്‍ ഒടിയും വിധമുള്ള ഒരലര്‍ച്ച അവനില്‍ നിന്നുണ്ടായി. ആകാശവും ഇരുളില്‍ അമര്‍ന്നു. മഴയും കാറ്റും കൈ കോര്‍ത്ത് താണ്ഡവമാടി.

(തുടരും)

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 2 കാരൂര്‍ സോമന്‍) ഇവിടെ വായിക്കാം

കിളിക്കൊഞ്ചൽ (ബാലനോവൽ-1 കാരൂർ സോമൻ) ഇവിടെ വായിക്കാം

Post Your Comments Here ( Click here for malayalam )

Press Esc to close
show more