1 GBP = 103.12

കിഫ്​ബിക്കെതിരെ അന്വേഷണവുമായി ഇ.ഡി; റിസർവ്​ ബാങ്കിനോട്​ വിശദാംശം തേടി

കിഫ്​ബിക്കെതിരെ അന്വേഷണവുമായി ഇ.ഡി; റിസർവ്​ ബാങ്കിനോട്​ വിശദാംശം തേടി

തിരുവനന്തപുരം: സംസ്ഥാന​ത്തെ അടിസ്ഥാന സൗകര്യവികസനത്തിന്​ രൂപവത്​കരിച്ച ‘കിഫ്ബി’ക്കെതിരെ (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെൻറ്​ ഫണ്ട് ബോർഡ്) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന സി.എ.ജി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ്​ നടപടി. മസാല ബോണ്ടിൻെറ വിശദാംശങ്ങൾ തേടി ഇ.ഡി ആർ.ബി.ഐയ്ക്ക് കത്തയച്ചു.

കിഫ്​ബി കടമെടുത്തത്​ വഴി സംസ്​ഥാന സർക്കാരിനു 3,100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നാണ്​ സി.എ.ജി റിപ്പോർട്ടിലുള്ളത്​. കിഫ്​ബി 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട്​ സെപ്​തംബറിൽ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതു പുരോഗമിക്കുന്നതിനിടയിലാണ് സി.എ.ജി റിപ്പോർട്ടിൻമേലുള്ള അന്വേണവും ആരംഭിക്കുന്നത്​.

അതേസമയം, കിഫ്​ബി മസാലാബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന്​ സ്​ഥാപിക്കാൻ ഭരണഘടന ചൂണ്ടിക്കാട്ടി സി.എ.ജി ഉന്നയിക്കുന്ന വാദങ്ങളെ വിവരക്കേടുമാത്രമായേ പരിഗണിക്കാനാകൂവെന്ന്‌ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ വ്യക്​തമാക്കി. മസാലാ ബോണ്ട്‌ ഭരണ ഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിൽ ഇനം 37 ൻെറ ലംഘനമാണെന്ന നിഗമനത്തിലാണ്‌ സി.എ.ജി എത്തിയിട്ടുള്ളത്‌. ഇത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിലെ ഇനം 37 പ്രകാരം വിദേശ വായ്‌പ എടുക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നാണ്‌ സിഎജി പറഞ്ഞുവയ്‌ക്കുന്നത്‌. ഇത് കേൾക്കുമ്പോൾ ആരുമൊന്ന് പകച്ചു പോകും.

ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരമാണ് ഏഴാം പട്ടിക ഉണ്ടായിട്ടുള്ളത്. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറൻറ്​ ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകളാണ് ഏഴാം പട്ടികയിലുള്ളത്. പാർലമെൻറിനുമാത്രം നിയമം നിർമിക്കാവുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നതാണ് ഒന്നാം പട്ടിക. രണ്ടാം പട്ടികയിൽപെടുത്തിയിട്ടുള്ളത് സംസ്ഥാന നിയമസഭകൾക്ക് നിയമം നിർമിക്കാവുന്ന വിഷയങ്ങളും. ആർട്ടിക്കിൾ 246 പറയുന്ന വ്യവസ്ഥകൾക്ക്‌ അനുസരിച്ച് രണ്ടു കൂട്ടർക്കും നിയമ നിർമാണ അധികാരമുള്ള വിഷയങ്ങളാണ്‌ മൂന്നാം പട്ടികയിൽ.

ഓരോ വിഷയത്തിലും ആർക്കാണ് നിയമ നിർമാണ അധികാരമെന്നത് ഏഴാം ഷെഡ്യൂൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലിസ്റ്റിൽ ഇനം 37 അനുസരിച്ച്‌ വിദേശ വായ്‌പ സംബന്ധമായ നിയമം ഉണ്ടാക്കാൻ പാർലമെൻറിനുമാത്രമാണ് അധികാരം. ഇതിനെ, വിദേശ വായ്‌പയെടുക്കാൻ കേന്ദ്ര സർക്കാരിനുമാത്രമേ കഴിയൂവെന്ന്‌ വ്യാഖ്യാനിക്കാനാണ്‌ സി.എ.ജിയുടെ ശ്രമം -തോമസ്‌ ഐസക്‌ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more