1 GBP = 103.01
breaking news

പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ രണ്ടാംതോൽവി. എഫ്‌സി ഗോവയോട്‌ 3‐1നാണ്‌ തോറ്റത്‌. ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്‌. ഗോവയ്‌ക്കായി ഇകെർ ഗുറോക്‌ടെക്‌സെന, നോഹ വെയ്‌ൽ സദൂയ്‌, റിഡീം തലങ്‌ എന്നിവർ ലക്ഷ്യം കണ്ടു. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. കളിയുടെ അവസാന ഘട്ടത്തിൽ തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ തടയുകയായിരുന്നു.

മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമിൽ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രതിരോധത്തിൽ ഹർമൻജോത്‌ കബ്രയ്‌ക്ക്‌ പകരം സന്ദീപ്‌ സിങ് എത്തി. ജെസെൽ കർണെയ്‌റോയ്‌ക്ക്‌ പകരം നിഷുകുമാറും. വിക്‌ടർ മോൻഗിൽ, ഹോർമിപാം എന്നിവർ തുടർന്നു.മധ്യനിരയിൽ കെ പി രാഹുലിന്‌ പകരം സൗരവ്‌ മണ്ഡൽ വന്നു. ഇവാൻ കലിയുഷ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ് എന്നിവർ തുടർന്നു. ദിമിത്രിയോസ് ഡയമന്റാകോസ്‌. മുൻനിരയിൽ. ബാറിന് കീഴിൽ പ്രഭ്‌സുഖൻ സിങ്ഗിൽ.

ഗോവൻ പ്രതിരോധത്തിൽ സാൻസൺ പെരേര, അൻവർ അലി, മുഹമ്മദ്‌ ഫാരെസ്‌ അൽ അർണൗട്‌, ഐബൻ ഡോഹ്‌ലിങ്‌. മധ്യനിരയിൽ ആയുഷ്‌ ഛേത്രി, ബ്രണ്ടൻ ഫെർണാണ്ടസ്‌, എഡു ബെഡിയ, നോഹ വെയ്‌ൽ സദൂയ്‌, ഇകെർ ഗുറോക്‌ടെക്‌സെന എന്നിവർ. മുന്നേറ്റത്തിൽ ദേവേന്ദ്ര മുർഗവോക്കർ. ഗോൾവലയ്‌ക്ക്‌ മുന്നിൽ ധീരജ്‌ സിങ്‌.

കളിയുടെ ആദ്യ മിനിറ്റുകളിൽ ഗോവയ്‌ക്ക്‌ കിട്ടിയ ഫ്രീകിക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം സമർഥമായി തടഞ്ഞു. ഇതിനിടെ ഗുറോക്‌ടെക്‌സെന ഹെഡർ ബാറിന്‌ മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം കണ്ടു. ഡയമന്റാകോസും ലൂണയും നടത്തിയ നീക്കം ഗോവൻ പ്രതിരോധം തടഞ്ഞു. കളിയുടെ 32‐ാംമിനിറ്റിൽ ഗോവയ്ക്ക്‌ അനുകൂലമായി റഫറി പെനൽറ്റിക്ക്‌ വിസിലൂതി. ഫെർണാണ്ടസിനെ ബോക്‌സിൽ സൗരവ്‌ തള്ളിയിട്ടതിനായിരുന്നു പെനൽറ്റി. ഗുറോക്‌ടെക്‌സെന ഗോവയ്‌ക്കായി പെനൽറ്റി വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. 39‐ാംമിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക്‌ ധീരജ്‌ കുത്തിയകറ്റുകയായിരുന്നു. പിന്നാലെ നോഹയുടെ അപകടരമായ നീക്കം ഹോർമിപാം തടഞ്ഞു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്കിടെ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഗോവ ഗോൾനേട്ടം രണ്ടാക്കി. ഇക്കുറി നോഹയാണ്‌ ലക്ഷ്യം കണ്ടത്‌. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോവൻ ഗോൾമുഖത്തേക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എങ്കിലും മറുപടി ഗോൾ തൊടുക്കാൻ കഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതി ബ്ലാസ്‌റ്റേഴ്‌സ്‌ ആത്മവിശ്വാസത്തോടെയാണ്‌ തുടങ്ങിയത്‌. 50‐ം മിനിറ്റിൽ ഫ്രീകിക്ക്‌. ഇടതുഭാഗത്തുനിന്ന്‌ ലൂണ തൊടുത്ത മിന്നുന്ന ഫ്രീകിക്ക്‌ ഗോൾമുഖത്തേക്ക്‌. പ്രതിരോധത്തിന്റെ കെട്ടുപൊട്ടിച്ചുനിന്ന ഡയമന്റാകോസ്‌ ഉശിരൻ ഹെഡറിലൂടെ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ പെട്ടെന്നുതന്നെ ട്രാക്കിലായി. 57‐ാം മിനിറ്റിൽ സൗരവിന്റെ ക്രോസ്‌ ഗോൾമുഖത്തേക്ക്‌ മനോഹരമായി എത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. പിന്നാലെ കലിയുഷ്‌നിയുടെ ലോങ്‌ റേഞ്ചർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ കളിയിൽ പൂർണനിയന്ത്രണം നേടി. 67‐ാം മിനിറ്റിൽ കളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യമാറ്റം വരുത്തി. സൗരവിന്‌ പകരം നിഹാൽ സുധീഷ്‌ കളത്തിലെത്തി. 69‐ാം മിനിറ്റിൽ ഗോവ ലീഡുയർത്തി. പകരക്കാരനായെത്തി റിഡീം തലങ്‌ അവരുടെ മൂന്നാം ഗോൾ വലയിലെത്തിച്ചു. ബെദിയ നൽകിയ ലോങ്‌ ക്രോസ്‌ തടയാൻ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല.

ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്ന്‌ മാറ്റങ്ങൾ കൂടി വരുത്തി. നിഷു, ഡയമന്റാകോസ്‌, സഹൽ എന്നിവർക്ക്‌ പകരം ബ്രൈസ്‌ മിറാൻഡ, അപോസ്‌തലോസ്‌ ജിയാനു, ജെസെൽ കർണെയ്‌റോ എന്നിവരെത്തി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പൊരുതിക്കളിച്ചു. 79‐ാം മിനിറ്റിൽ നിഹാലിന്റെ ഷോട്ട്‌ ഗോൾലൈനിൽവച്ച്‌ പ്രതിരോധം തടയുകയായിരുന്നു. 84‐ാം മിനിറ്റിൽ ജീക്‌സണ്‌ പകരം ആയുഷ്‌ അധികാരിയെത്തി. തുടർന്നുള്ള മിനിറ്റുകളിൽ പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ഗോൾ മടക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more