1 GBP = 103.80

കേരളം ഇന്ന് വാക്‌സിന്‍ എടുക്കും; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

കേരളം ഇന്ന് വാക്‌സിന്‍ എടുക്കും; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

സംസ്ഥാനം വാക്‌സിനേഷനിലേക്ക്. ഓരോ ആള്‍ക്കും 0.5 എം.എല്‍ വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ണ്ണമാവുകയുള്ളു.

എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെബ്ക്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജ കണ്ണൂര്‍ ജില്ല ആശുപത്രിയിലും സന്ദര്‍ശനം നടത്തും. എറണാകുളം ജില്ലാ ആശുപത്രിയിലും പാറശാല താലൂക്ക് ആശുപത്രിയിലുമായി ടു വേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാക്സിനേഷന്‍ കേന്ദ്രമിങ്ങനെ

ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക. വാക്സിനേഷനായി 5 വാക്സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. വാക്സിന്‍ എടുക്കാന്‍ വെയിറ്റിംഗ് റൂമില്‍ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോ വിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സര്‍വേഷന്‍ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതാണ്. വാക്സിനേറ്റര്‍ ഓഫീസറാണ് വാക്സിനേഷന്‍ എടുക്കുന്നത്.

നല്‍കുന്നത് 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്സിന്‍

ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിന്‍ തുടങ്ങുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.

ഒബ്സര്‍വേഷന്‍ നിര്‍ബന്ധം

വാക്സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.

10 ശതമാനം വേസ്റ്റേജ്

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടന്‍ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more