1 GBP = 103.87

പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ….കാരൂർ സോമൻ, ലണ്ടൻ

പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ….കാരൂർ സോമൻ, ലണ്ടൻ

പ്രതിഭാശാലികളായ ഭരണാധിപനോ സാഹിത്യകാരനോ അവരെ സമൂഹം തിരിച്ചറിയുന്നത് അവരുടെ സത്യസന്ധമായ  സൃഷ്ഠിയുടെ ശക്തികൊണ്ടാണ്. നെപ്പോളിയൻ ലോകം കണ്ട നല്ലൊരു ഭരണാധിപനായിരിന്നു. തന്റെ പടയാളികൾ ധരിച്ചിരുന്ന വസ്ത്രത്തിലെ ബട്ടണുകൾപോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോവിഡ് മനുഷ്യരെ നാശത്തിലേക്ക് നയിക്കുമ്പോഴാണ് പ്രളയ ദുരന്തം ഭീകരമായി കേരളത്തിൽ നടമാടിയത്. കേരളത്തിൽ  കുറെ  വാലാട്ടികളായ സാഹിത്യകാരന്മാർ, കവികളുടെയിടയിൽ നിന്ന് ഇതൊന്നുമല്ലാത്ത ഇടത്തു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഒരു സത്യം തുറന്നുപറഞ്ഞു. “ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പും, കണ്ണീർപൊഴിച്ചും, വിലാപകാവ്യം രചിച്ചിട്ടും കാര്യമില്ല. അത് ജനവഞ്ചനയാണ്”. ഈ സുപ്രധാന വാക്കുകൾ കണ്ണുതുറന്ന് സങ്കുചിത ചിന്തകളുള്ള രാഷ്ട്രീയക്കാർ കാണണം.  ഇതിനൊപ്പം  2018 ൽ കേരളത്തിൽ വലിയൊരു പ്രളയം വന്നപ്പോൾ ഞാൻ  “കാലപ്രളയം” എന്നൊരു നാടകമെഴുതി. പ്രഭാത് ബുക്ക്സ് അത് പ്രസിദ്ധികരിച്ചു. അതെങ്കിലും ഒന്ന് വായിക്കണം.   നമ്മുടെ ഭരണരംഗത്തുള്ളവർ ഇടത്തോ വലത്തോ ആരായാലും  സൃഷ്ടിച്ചെടുക്കുന്ന  പ്രളയം ഉല്പാദന൦ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഒന്നുമറിയാത്ത  പാവങ്ങൾ ദേവാലയ ദർശനങ്ങൾ കൊണ്ട് തൃപ്തിയടയുന്നത്.  കർഷകർക്കായി  പശ്ചിമ ഘട്ട റിപ്പോർട്ട് മാധവ് ഗാഡ്‌ഗിൽ നമുക്കായി നൽകിയത്  കർഷകവിരുദ്ധമെന്ന് പ്രചരിപ്പിച്ചത് ആരാണ്? 

കേരളത്തെ ചുഴറ്റിയെറിയുന്ന പേമാരിയും ഉരുൾപൊട്ടലും, പുഴയിൽ ഒലിച്ചുപോകുന്നതും,  മണ്ണിടിച്ചിലും മലനിരകളും നദികളും അഗാധമായ ഗർത്തങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നതും ഒരു തുടർക്കഥയാകുന്നു. സ്‌നേഹ സഹോദര്യത്തിന്റെ മടിത്തട്ടിൽ മുത്തംകൊടുത്തു വളർന്നവർ ഈ ദുരിതക്കയങ്ങളിൽ  വീടും നാടും വിട്ടിറങ്ങി പിടഞ്ഞുമരിക്കുന്നത് കാണുമ്പൊൾ കണ്ണീരും സങ്കടവും മാത്രമല്ല ശക്തമായ ഒരു വികാരം അലയടിച്ചുണരുന്നു. മനുഷ്യജീവനെ പിഴുതെറിയുന്ന ഈ ദുരവസ്ഥയ്ക്ക് സുരക്ഷിതത്വം നൽകേണ്ടത് ആരാണ്? തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുടെ നടുവിൽ പാവപ്പെട്ട ജനവിഭാഗം നിലയില്ലാക്കയങ്ങളിൽ നീന്തിക്കയറാൻ നിർവ്വാഹമില്ലാതെ ശ്വാസംമുട്ടി മരിക്കുമ്പോൾ സംസ്ഥാനത്തെ ദുരന്തനിവാരണ സേനകൾ എന്തുകൊണ്ട് ഉണർന്നു പ്രവർത്തിക്കുന്നില്ല? ഇവരുടെ തൊഴിൽ രക്ഷപ്പെടുത്താലും ക്യാമ്പുകളിൽ എത്തിക്കുന്നതുമാണോ? മരണപ്പെട്ടവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്?  

ഓരോ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ കാമ്പിൽ കഴിയേണ്ടിവരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ ഞായറാഴ്ച വരെ 35 പേർ മഴക്കെടുതിയിൽ മരിച്ചതായി സർക്കാർ കണക്കുകൾ പുറത്തുവരുമ്പോൾ അതിനിരട്ടി മരിച്ചവർ കണക്കിൽപ്പെടാതെ കിടക്കുന്നു.   കാവലിയിലെ  ഉരുൾ പൊട്ടലിൽ വീടടക്കം ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനാണ് കവർന്നെടുത്തത്. അവരെ അടക്കം ചെയ്യാൻ  വെട്ടിത്തിളങ്ങുന്ന   ആടയാഭരണങ്ങളാൽ  അണിഞ്ഞൊരുങ്ങി വന്നവർ  സംസ്ക്കാര ശുശ്രുഷകൾക്ക്‌ നേതൃത്വം നൽകി. വോട്ടുവാങ്ങിയവരും വോട്ടിനായി കാത്തിരിക്കുന്നവരും റീത്തുകൾ സമർപ്പിച്ചു മടങ്ങി.   അവർ ജീവിച്ചിരുന്നപ്പോൾ ഭ്രാന്തമായ ഭക്തിയുടെ ലഹരിയിൽ   ദേവാലയ ഭിത്തിക്കുള്ളിലും അമ്പലമുറ്റത്തും  അവരുടെ പ്രാത്ഥനകൾ, മന്ത്രധ്വനികൾ മുഴങ്ങി കേട്ടു.  ദൈവത്തെ സ്വന്തമാക്കാൻ വിലപിടിപ്പുള്ളതൊക്കെ  സമർപ്പിച്ചവർ,  പൂജാദ്രവ്യങ്ങൾ കാഴ്ചവെച്ചവർ  കുഴിമാടങ്ങളിലും തീകുണ്ഡത്തിലുമെരിയുന്നു. അധികാരവും മണ്ണിലെ ദൈവങ്ങളും രൂപപ്പെടുത്തിയെടുത്ത ഉല്പാദനക്ഷമതകൊണ്ടാണ് ഓരോ ജീവൻ പൊലിഞ്ഞുപോയത്. പ്രളയം വന്നാൽ   രക്ഷാപ്രവർത്തനത്തിനും ആ പേരിൽ പണം സമാഹരിക്കാനും മടിയില്ലാത്തവർ പ്രളയത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സുരക്ഷിത പ്രദേശങ്ങളിലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?  2018-19  ലെ പ്രളയം ഈ കൂട്ടരേ എന്തെങ്കിലും പഠിപ്പിച്ചോ? 

അധികാരികളുടെ ഒത്താശയോടെ ഓരോ ദേശങ്ങളിലും പാറമലകൾ മുളച്ചുപൊന്തുന്നു. മലകൾ വെട്ടിനിരത്തി   5920 ത്തിലധികം പാറമലകളാണ് അറിവിലുള്ളത്. മരങ്ങൾ വെട്ടിനിരത്തുന്നു, അശാസ്ത്രീയമായി കുന്നുകൾ നികത്തി ഹോട്ടലുകൾ പണിയുന്നു. വയലുകൾ നിരത്തി മണിമാളികകളും ഹോട്ടലുകളും പണിയുന്നു. മണൽ മാഫിയകൾ പോലീസിന്റെ സഹായത്തോടെ  പുഴകളിലെ മണൽ കടത്തുന്നു, ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം ആഡംബരങ്ങളും ഐശ്വര്യങ്ങളും നേടിയെടുക്കാൻ പ്രകൃതിയുടെ പച്ചപ്പ് തകർക്കുന്ന ഉല്പാദന കേന്ദ്രങ്ങൾ.  തണുത്ത കാറ്റ് ശക്തിയായി വീശിയടിക്കുന്നതുപോലെ ഈ പ്രപഞ്ച ശക്തി മനുഷ്യനെ പ്രളയത്തിൽ മൂടിപുതപ്പിക്കുന്നു. പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കണ്ടിട്ടും അതിനെതിരെ ഒന്നും ചെയ്യാതെ നമ്മുടെ ദുരന്തനിവാരണ വകുപ്പ്, ഇറിഗേഷൻ, ജിയോളജി വകുപ്പ്, വൈദ്യതി വകുപ്പ്, കാലാവസ്ഥ നീരിക്ഷണ വകുപ്പ്, ഫയർഫോഴ്‌സ്  ഇങ്ങനെ ധാരാളം വകുപ്പുകൾ കേരളത്തിൽ വെള്ളാനകളെപോലെ രംഗത്തുണ്ട്. ഒടുവിൽ കൊച്ചി ശാസ്ത സാങ്കേതിക സർവകലാശാല ഗവേഷണ കേന്ദ്രം ശാസ്ത്രജൻ ഡോ.എം.ജി.മനോജ് അറിയിക്കുന്നത് കേരളത്തിലെ കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി കണ്ടുപിടിച്ചു് പ്രവചിക്കുക അസാധ്യമാണ്. അവർ  അങ്ങുദൂരെ  ചക്രവാളത്തിലേക്ക് നോക്കിയിരിക്കുന്നു.  ഒടുവിൽ ജനങ്ങളെ തൃപ്തിപ്പെടുത്താൻ ആകാശത്തൂടെ ഹെലികോപ്റ്റർ പറക്കുന്നു, ദേശീയ ദുരന്ത സേന, പട്ടാളം എല്ലാവരുമെത്തുന്നു. ഇവരൊക്കെ വരുന്നതോ ദിവസങ്ങൾ  കഴിഞ്ഞാണ്. ഓരോ ദേശത്തുള്ള പാവപ്പെട്ട ജനങ്ങളാണ് ആദ്യം രക്ഷകരായിട്ടെത്തുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അവർക്കും സർക്കാർ ധനസഹായം നൽകണം. 

മലയോര-കടൽ -നദിതീരങ്ങളിൽ പാർക്കുന്നവർക്ക് മതിയായ സംരക്ഷണം നൽകാനും അവരെ സുരക്ഷിത മേഖലകളിൽ പുനരധിവസിപ്പിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. നെതർലാൻഡ്‌ മാതൃക നമ്മുടെ ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ? ജീവൻ പൊലിയുക മാത്രമല്ല കൃഷിനാശം 200 കോടിയിൽ അധികമെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രത്തോട് കാർഷിക പാക്കേജ് ചോദിച്ചപ്പോൾ അവിടുന്ന് കിട്ടുന്ന തുകയും സർക്കാർ തുകയും പാവങ്ങളുടെ അക്കൗണ്ടിൽ എത്തണം.  ഇടക്ക് നിന്ന് കമ്മീഷൻ അടിച്ചുമാറ്റരുത്.  പശ്ചിമ ഘട്ടത്തിൽ നടക്കുന്ന ചുഷണം അവസാനിപ്പിക്കണം. ഇനിയുമൊരു ദുരന്തം വരാതിരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങളും  ദീർഘകാല പദ്ധതികളും ആവിഷ്കരിക്കണം.  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അവരെ ആകുലരും അസ്വസ്ഥരുമാക്കരുത്. പ്രകൃതി നൽകുന്ന അനുഗ്രങ്ങൾ അധികാരത്തിൽ വരുന്നവർ ഒരു  ശാപമായി മാറ്റാതിരിക്കട്ടെ. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more