1 GBP = 103.12

വളർന്നു വളർന്ന് കേരളാ കോൺഗ്രസ് വീണ്ടും പിളർന്നു!

വളർന്നു വളർന്ന് കേരളാ കോൺഗ്രസ്  വീണ്ടും പിളർന്നു!

യുക്മ ന്യൂസ് ടീം 

കോട്ടയം:വളർന്നു വളർന്ന് കേരളാ കോൺഗ്രസ് വീണ്ടും പിളർന്നു . കോട്ടയത്ത് ചേർന്ന ഒരു വിഭാഗത്തിന്റെ യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്തോടു കൂടിയാണ് കേരള കോൺഗ്രസ് വീണ്ടും പിളർന്നത് .

ശ്രീ കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് പിളർപ്പിനുകരണം .. രൂപീകൃതമായ കാലം മുതൽ പിളർപ്പും ലയനവുമൊക്കെ തുടർക്കഥയായ പാർട്ടിയിൽ ഈ പിളർപ്പും രാഷ്ട്രീയ നിരീക്ഷകർ മുൻകൂട്ടി കണ്ടിരുന്നതാണ് .

കേരളാ കോൺഗ്രസിൽ പിളർപ്പും ലയനവും ഒന്നും തന്നെ പുത്തരിയല്ല

1960 കളി ലാണ് കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവി. കോൺഗ്രസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോയുടെ രാജിയും,അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണവും, കോൺഗ്രസ് പാർട്ടിയിലെ അന്തർ നാടകങ്ങളും, മൂപ്പിളമതർക്കങ്ങളും ,ഒരു വിഭാഗത്തിന് കോൺഗ്രസിൽ നിന്ന് വിട്ടുപോകാൻ പ്രേരണയായി. അങ്ങനെ കോട്ടയത്ത് കെ എം ജോർജിന്‍റെ നേതൃത്വത്തിൽ 1964 ഒക്ടോബർ 9 ന് കേരളാ കോൺഗ്രസ് രൂപം കൊണ്ടു.

1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച പാർട്ടി 1967 ൽ ഇടത് മന്ത്രിസഭയുടെ ഭാഗമായി . രൂപീകൃതമായി 13 വർഷത്തിന് ശേഷമാണ് പാർട്ടിയിലെ ആദ്യ വലിയ പിളർപ്പ്. കെ എം ജോർജിന്‍റെ നിര്യാണത്തെ തുടർന്ന് നേതൃപദവിയെച്ചൊല്ലി ഉയർന്ന തർക്കം അന്ന് പിളർപ്പിലേക്ക് നയിച്ചു. 1977 ൽ ആർ ബാലകൃഷ്‍ണപിള്ള കേരളാ കോൺഗ്രസ് ബി രൂപീകരിച്ചു. 1979 ൽ തെരഞ്ഞെടുപ്പ് കേസിൽ വിജയിച്ചതിനെ തുടർന്ന് കെ എം മാണിക്കായി പി ജെ ജോസഫിന് മന്ത്രിപദവി ഒഴിയേണ്ടി വന്നു. പി ജെ ജോസഫ് പാർട്ടി ചെയർമാൻ പദവി ആവശ്യപ്പെട്ടു. ഒടുവിൽ വീണ്ടും പിളർപ്പ്. ഇത്തവണ പാർട്ടി വിട്ടത് കെ എം മാണി.

അങ്ങനെ കേരളാ കോൺഗ്രസ് എം രൂപീകൃതമായി . രണ്ട് മുന്നണികളിലായി നിന്ന മൂന്ന് കേരളാ കോൺഗ്രസുകൾ 1982 ൽ യുഡിഎഫിന്‍റെ ഭാഗമായി. 1985 ൽ മൂന്നുപാർട്ടികളും ലയിച്ചു. എന്നാൽ ഐക്യം അധികനാൾ നീണ്ടില്ല. 1987 ൽ പുതിയ പാർട്ടിയുണ്ടാക്കിയ ജോസഫ്, 1989 ൽ യുഡിഎഫ് വിട്ട് ജോസഫ് എൽഡിഎഫിലെത്തി. ജോസഫിനൊപ്പം നിന്ന ബാലകൃഷ്ണ പിള്ള മാണി ഗ്രൂപ്പിലേക്ക് മടങ്ങി. 1993 ൽ ജേക്കബ് സ്വന്തം പാർട്ടി രൂപീകരിച്ചു. ഇതിനിടയിൽ കേരളാ കോൺഗ്രസ് ബി പുനരുജ്ജീവിപ്പിച്ച് ബാലകൃഷ്ണപിള്ളയും മാണിയിൽ നിന്ന് വേർപെട്ടു.

2001 ൽ കേരളാ കോൺഗ്രസ് അടുത്ത പിളർപ്പിന് സാക്ഷ്യം വഹിച്ചു. പി സി തോമസിന്‍റെ നേതൃത്വത്തിൽ അന്ന് രൂപം കൊണ്ടത് ഐഎഫ്ഡിപി. മാണി ഗ്രൂപ്പിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പിളർപ്പ്. ജോസഫിന്‍റെ പാർട്ടിയിൽ നിന്നും രാജിവെച്ച പി സി ജോർജ് 2003ൽ കേരളാ കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു. ലയനത്തിനുള്ള ശ്രമമായിരുന്നു പിന്നീട്. 2005 ൽ പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ചു. 2007 ൽ വിവിധ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ലയനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ 2009 ൽ പി സി ജോർജിന്‍റെ സെക്യുലർ മാണി ഗ്രൂപ്പിൽ ലയിച്ചു. ഇടതുമുന്നണിയിലായിരുന്ന ജോസഫ് 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ച് യുഡിഎഫിലെത്തി.

എന്നാൽ പി സി തോമസ് എൽഡിഎഫിൽ തുടർന്നു. 2015 ൽ ബാർകോഴ വിഷയത്തിൽ ആടിയുലഞ്ഞ കേരളാ കോൺഗ്രസിനെ കൈവിട്ട് പി സി ജോർജ് ജനപക്ഷം രൂപികരിച്ചു . 2016 ൽ പാർട്ടി വിട്ട ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസും പിറവി കൊണ്ടു. ഇപ്പോൾ ജോസ് കെ മാണിയുടെ നേതൃത്വ ത്തിൽ അടുത്ത പിളർപ്പും സംഭവിച്ചിരിക്കുന്നു .ഇനി പി ജെ ജോസഫിൻറെ ഇനിയുള്ള നീക്കങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more