1 GBP = 103.12

കത്വ കേസിൽ നിർണായകമായത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം

കത്വ കേസിൽ നിർണായകമായത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം

ശ്രീനഗർ: കാശ്മീരിലെ എട്ടുവയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യമാണ്. പൊലീസ് സമർപ്പിച്ച ശക്തമായ ചാർജ് ഷീറ്റിലൂടെയായിരുന്നു സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിലെ സീനിയർ സൂപ്രണ്ടായ രമേഷ് കുമാർ ജല്ലയുടെ നേതൃത്വത്തിൽ ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം മാത്രം ശേഷിക്കേ ഏപ്രിൽ 9 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനും 4 പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തിൽ ജല്ലയ്ക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞിരുന്നില്ല. ഒരു പയ്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് മാത്രമായിരുന്നു ഇവരുടെ ആദ്യമൊഴി.

മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളിയുടെ അംശം ഇല്ലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിലെ ചെളി മറ്റൊരു പ്രദേശത്തുവെച്ചാണ് കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം പുരോഗമിക്കവേ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതിനെത്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസിൽ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അലക്കി വെച്ചിരുന്നു എന്നുകൂടി വെളിവായതോടെ പ്രതികളായ പൊലീസുകാരിലേയ്ക്ക് അന്വേഷണമെത്തി.

ജല്ലയും സംഘവും സംഭവം നടന്ന ക്ഷേത്രത്തിലെത്തി കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മുടി കണ്ടെത്താനായത്. ഡി.എൻ.എ ടെസ്റ്റിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്. കേസ് ഒതുക്കിത്തീർക്കാനായി പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകിയതായി കുറ്റപത്രത്തിലുണ്ട്. ജമ്മു-കാശ്മീരിലെ ബി.ജെ.പി എം.എൽ.എമാരായ ചൗധരി ലാൽ സിംഗും ചന്ദർ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച് റാലികളിൽ പങ്കെടുത്തിട്ടും ബാർ അസോസിയേഷൻ കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടും അതിനെയൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ജല്ലയുടെ നേതൃത്വത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more