1 GBP = 103.92

കശ്‌മീരിൽ‌ സംഭവിച്ചതെന്ത്?

കശ്‌മീരിൽ‌ സംഭവിച്ചതെന്ത്?

ന്യൂഡൽഹി: എല്ലാവരെയും ഞെട്ടിച്ച് ചൊവ്വാഴ്ചയാണ് ജമ്മു കശ്‌മീരിലെ പി.ഡി.പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. റംസാൻ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകമാണ് ബി.ജെ.പിയുടെ ഈ നീക്കം. വെടിനിർത്തൽ അവസാനിപ്പിച്ചതിന് ശേഷം കശ്‌മീരിലെ വിഘടനവാദികളിൽ നിന്ന് നിരന്തരം പ്രകോപനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പെരുന്നാൾ ദിനത്തിന് പിറ്റേന്നാണ് വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വെടിനിർത്തൽ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന പി.ഡി.പിയുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയതോടെയാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം.

കലുഷിതമായ ജമ്മു കശ്‌മീരിന്‍റെ ചരിത്രത്തിൽ റംസാൻ കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2000 നവംബറിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് വിശുദ്ധ റംസാൻ മാസത്തിൽ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. പിന്നീട് അഞ്ചുമാസത്തേക്ക് കൂടി നീട്ടിയ വെടിനിർത്തൽ 2001 മെയ് 23വരെ നീണ്ടു. 2000 ജൂലൈയിൽ ഹിസ്ബുൽ മുജാഹിദീൻ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി കമാൽ പാണ്ഡേയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. കശ്‌മീർ വിഷയത്തിലെ ചർച്ചകളിൽ പാകിസ്താനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. ഇക്കാരണം ചൂണ്ടിക്കാട്ടി രണ്ടാഴ്ചക്കുള്ളിൽ ഹിസ്ബുൽ മുജാഹിദീൻ താൽക്കാലിക വെടിനിർത്തലിൽ നിന്ന് പിന്മാറി. വെടിനിർത്തൽ അവസാനിപ്പിച്ചതിന് പിന്നാലെ അന്നും കശ്‌മീർ താഴ്വര അശാന്തിയിലേക്ക് വഴുതിവീണിരുന്നു. സമാനമായ സാഹചര്യത്തിലേക്കാണ് ഇപ്പോഴും കാര്യങ്ങൾ നീങ്ങുന്നത്.

വെടിനിർത്തൽ കാലത്ത് വിഘടനവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇരട്ടിയായി. ഭീകരവാദ റിക്രൂട്ട്മെന്റുകളും ഗ്രനേഡ് ആക്രമണങ്ങളും വർധിച്ചു. റൈസിംഗ് കശ്‌മീരിന്റെ എഡിറ്റർ ഷുജാത് ബുക്കാരിയുടെയും ഇന്ത്യൻ പട്ടാളക്കാരനായ ഔറംഗസേബിന്റെയും കൊലപാതകങ്ങളാണ് കശ്‌മീരിനെ വീണ്ടും അശാന്തിയിലേക്ക് നയിച്ചത്. രണ്ടായിരത്തിലേതുപോലെ ഹുറിയത്ത് നേതാക്കളിലേക്ക് വീണ്ടും കാര്യങ്ങളെത്തുന്നത് ഗുണകരമാകാനിടയില്ല.

കശ്‌മീരിലെ പി.ഡി.പി- ബി.ജെ.പി സഖ്യത്തിൽ പൊട്ടിത്തെറിയുണ്ടാകുന്നത് ഇതാദ്യമല്ല. കഠുവ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്ന ഹിന്ദു ഏക് താ മാർച്ചിൽ രണ്ട് ബി.ജെ.പി മന്ത്രിമാർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മുന്നണി ബന്ധം വഷളായിരുന്നു. മുന്നണി സംവിധാനത്തിൽ നിന്ന് പിന്മാറുമെന്ന് പി.ഡി.പി ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒടുവിൽ സമ്മർദത്തിന് വഴങ്ങി രണ്ട് മന്ത്രിമാരോടും മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടു.

2015ലെ തെരഞ്ഞെടുപ്പിൽ അസംബന്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ സമവാക്യത്തിനു പുറത്താണ് പി.ഡി.പി- ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്. അധികാരത്തിന് വേണ്ടി ഒന്നിച്ചപ്പോഴും ആശയപരമായി ഭിന്നധ്രുവങ്ങളിലായിരുന്നു ഇരുപാർട്ടികളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more